Wednesday September 26, 2018
Latest Updates

ഇതെന്താ ‘ബനാന ‘ റിപ്പബ്ലിക്കോ ? ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്കും ക്യൂവും യാത്രികരെ ദുരിതത്തിലാഴ്ത്തുന്നു

ഇതെന്താ ‘ബനാന ‘ റിപ്പബ്ലിക്കോ ? ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്കും ക്യൂവും യാത്രികരെ ദുരിതത്തിലാഴ്ത്തുന്നു

ഡബ്ലിന്‍ :ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ സമയദൈര്‍ഘ്യം അസഹനീയമാം വിധം വര്‍ദ്ധിക്കുന്നതായി പരാതി ഉയരുന്നു. ഹൈടെക് ഹബ് എന്നൊക്കെ സര്‍ക്കാര്‍ അവകാശവാദം നിലനില്‍ക്കുമ്പോഴും ഡബ്ലിന്‍ എയര്‍പോര്‍ടിലെത്തുന്ന ഓരോരുത്തര്‍ക്കും അവര്‍ യൂറോപ്പിലെ ഏതോ ബനാന റിപ്പബ്ലിക്കിലാണ് ഇറങ്ങിയതെന്നേ തോന്നൂകയുള്ളു.വിമാനത്തില്‍ വന്നിറങ്ങുമ്പോള്‍ത്തന്നെ അവര്‍ക്ക് ഇവിടുത്തെ കാര്യക്ഷമതയില്ലായ്മ അനുഭവ വേദ്യമാകും.ഒരിക്കലും അവസാനിക്കാത്ത മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് പാസ്പോര്‍ട് തിരികെ ലഭിക്കുന്നിടത്ത് അനുഭവിക്കേണ്ടി വരുന്നത്.

സമ്മറില്‍ ഉല്ലാസത്തിനായെത്തുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ‘അതൊന്നും നടക്കില്ലെന്ന ‘ തോന്നലാണ് ഈ ക്യൂവിലൂടെ ലഭിക്കുക.ടൂറിസം അയര്‍ലണ്ട് ദശലക്ഷക്കണക്കിനു യൂറോയാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ചെലവിടുന്നത്.ഇവിടെയെത്തുന്ന ടൂറിസ്റ്റുകളോ അടച്ചിട്ടിരിക്കുന്ന പാസ്പോര്‍ട് ബൂത്തുകള്‍ക്കു മുന്നില്‍ ദിവസം മുഴുവന്‍ കാത്തുനിന്നു കാഴ്ച കാണേണ്ട ഗതികേടിലുമാണ്.

കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഒരു ഇന്ത്യക്കാരന്റെ അനുഭവം കേള്‍ക്കു.. ഇദ്ദേഹത്തിന് രണ്ടു മണിക്കൂറാണ് പാസ്പോര്‍ട് വെരിഫിക്കേഷനായി കാത്തു നില്‍ക്കേണ്ടിവന്നത്. കാരണം നാല് ബൂത്തുകള്‍ തുറന്നിരുന്നില്ല.ഇതിന് ഡിഎഎയെ ആരും കുറ്റപ്പെടുത്തില്ല, കാരണം പാസ്പോര്‍ട് നിയന്ത്രണത്തിന്റെ ചുമതല എമിഗ്രഷന്‍ വകുപ്പിനാണ് .എമിഗ്രേഷന്‍ വകുപ്പിന് ജീവനക്കാരുടെ കുറവുള്ളതിനാല്‍ ഡിഎഎ കൂടുതല്‍ ഉദ്യോഗസ്ഥരെ നല്‍കേണ്ടതായും വരുന്നു.ഇത് അയര്‍ലണ്ടില്‍ മാത്രമേ കാണാനാകൂയെന്ന് വിമര്‍ശിക്കപ്പെടുന്നു.

നിരാശരായ ,സഹിച്ചുമടുത്ത ചെറുപ്പക്കാരും കുടുംബാംഗങ്ങളും ഫേസ്ബുക്കിലൂടെയും മറ്റും നിശിതമായ വിമര്‍ശനമാണ് ഇതിനെതിരെ നടത്തുന്നത്.എയര്‍പോര്‍ട് നല്ല സൗകര്യങ്ങള്‍ ഉള്ളതുതന്നെ.എന്നാല്‍ കൂടിവരുന്ന യാത്രക്കാരുടെ കാര്യങ്ങള്‍ക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുമെന്ന അതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റുന്നില്ലെന്നതാണ് പ്രശ്നം.

2016ല്‍ 28മില്യണ്‍ യാത്രക്കാരാണ് ഇവിടെയെത്തിയത്.കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയായിരുന്നു. 2.5മില്യണ്‍ യാത്രക്കാരാണ് ഇതിലൂടെ കടന്നുപോയത്. യാത്രക്കാരുടെ എണ്ണത്തില്‍ 12ശതമാനമാണ് വര്‍ധന.മെയ്10വെരെ 528000 യാത്രക്കാര്‍ക്കാണ് ഡബ്ലിന്‍ സ്വാഗതമോതിയത്.ഞായറാഴ്ച രാത്രി വന്നിറങ്ങിയ യാത്രക്കാരിലൊരാള്‍ക്ക് അരമണിക്കൂറിലേറെ സമയംവീതം പാസ്പോര്‍ടിനായി കാത്തുനില്‍ക്കേണ്ടിവന്നു.

‘നേരിട്ട് അവിടുത്തെ അസൗകര്യങ്ങളില്‍ അനുഭവമുള്ളയാളാണ് ഞാന്‍, കഴിഞ്ഞ ദിവസം ഒരു മണിക്കൂറിലേറെ സമയം ക്യൂ നില്‍ക്കേണ്ടിവന്നുഎനിക്ക്’.ഫിയന്ന ഫെയ്ല്‍ വിദേശകാര്യ വക്താവ് ഡാരാഗ് ഒ ബ്രയാന്‍ പറഞ്ഞു.കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്ന് ഇദ്ദേഹവും ആവശ്യപ്പെട്ടു.

പരമാവധി ജോലിക്കാരെ നിയോഗിച്ചിരുന്നുവെന്ന മറുപടിയാണ് മന്ത്രി തനിക്കു നല്‍കിയത്. എന്നാല്‍ അതകൊണ്ടൊന്നും കാര്യമുണ്ടാകുന്നില്ല.അവിടെ ജീവനക്കാരുടെയും സൗകര്യങ്ങളുടേയും കുറവുണ്ട് അത് പരിഹരിക്കണം.മുമ്പ് ഏതെങ്കിലും യാത്രക്കാരന്റെ രേഖകളിലുള്ള സംശയത്തിന്റെ പേരില്‍ മാത്രമാണ് പാസ്പോര്‍ട് പരിശോധനയില്‍ താമസം നേരിട്ടിരുന്നത്.

സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് ഓട്ടോമാറ്റിക് ബോര്‍ഡര്‍ കണ്‍ട്രോള്‍ (എബിസി)എന്നും അദ്ദേഹം ആരോപിച്ചു.ഇത് ക്യൂ ലംഘിക്കുന്നതിനു അവസരമൊരുക്കുന്നു. നാല് വര്‍ഷം മുമ്പ് നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പാസ്പോര്‍ടുകളും യൂറോപ്യന്‍ യൂണിയന്‍ പാസ്പോര്‍ടുകളും വേഗത്തിലാക്കുന്നതിന് നടപടിയെടുത്തിരുന്നതാണ്.

അയര്‍ലണ്ടിലെ പാസ്പോര്‍ടുള്ള മുതിര്‍ന്നവര്‍ക്കും യുറോപ്യന്‍ യൂണിയനിലെയും സ്വിറ്റ്സര്‍ലണ്ടിലെയും യൂറോപ്യന്‍ ഇക്കണോമിക് യൂണിയനിലെയും പാസ്പോര്‍ടുകാര്‍ക്കും ചിത്രം പതിച്ച ഇലക്ടോണിക് കാര്‍ഡാണ് ഉള്ളത്. അവരെ പരിശോധിക്കാന്‍ എമിഗ്രേഷന്‍ ഓഫിസര്‍ പോലും ആവശ്യമില്ല. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആറ് മില്യണ്‍ യാത്രക്കാരാണ് ഇവിടെയെത്തുക.അവരെ കഷ്ടപ്പെടുത്താതിരിക്കണം. അതിനുള്ള നടപടികള്‍ സ്വീകരിക്കണം.ഫിയാന ഫാള്‍ വക്താവ് ആവശ്യപ്പെട്ടു.

എമിഗ്രഷന്‍ വിഭാഗത്തിന്റെ കുഴപ്പം കൊണ്ടല്ല ക്യൂ ഉണ്ടാകുന്നതെന്ന് നീതിവകുപ്പ് പ്രതികരിച്ചു.റെക്കോഡ് കവിഞ്ഞ തിരക്കാണ് ഡബ്ലിനില്‍ അനുഭവപ്പെടുന്നത്.അവരെ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാഭാവിക സമയം മാത്രമേ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി എടുക്കുന്നുള്ളുവെന്നും വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.നിശ്ചിത സമയത്ത് ഒട്ടേറെ ഫ്ളൈറ്റുകളെത്തുന്നതും അവരെല്ലാം ടെര്‍മിനല്‍ ഒന്നിലേക്കു വരുന്നതും തിരക്ക് അനിയന്ത്രിതമാക്കുന്നു. ഈ സമയത്തണ് ക്യു ആവശ്യമായി വരുന്നത്.

എഡിറ്ററുടെ വിശദീകരണം (ബനാന റിപ്പബ്ലിക്ക് :രാഷ്ട്രീയ അസ്ഥിരതയുള്ള രാജ്യം / വെള്ളരിക്കാ പട്ടണം എന്ന് മലയാളത്തിലും പറയാം!)

Scroll To Top