Thursday December 08, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ റണ്‍വേ ഒരുങ്ങുന്നു,ഇന്ത്യയിലേയ്ക്കും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിച്ചേക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ റണ്‍വേ ഒരുങ്ങുന്നു,ഇന്ത്യയിലേയ്ക്കും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിച്ചേക്കും

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രണ്ടു മൈല്‍ നീളമുള്ള പുതിയ റണ്‍വേ നിര്‍മ്മിക്കാനൊരുങ്ങുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 2014 മുതല്‍ ഇതുവരെ 15% വര്‍ദ്ധനവുണ്ടായതും, ടെര്‍മിനല്‍ 2ലേക്കുള്ള ട്രാഫിക് 65% ആയി വര്‍ദ്ധിച്ചതുമാണ് പുതിയ റണ്‍വേയുടെ നിര്‍മ്മാണത്തിലേയ്ക്ക് നയിച്ചത്.

പുതിയ റണ്‍വേ നിര്‍മ്മിക്കാന്‍ 363.7 മില്ല്യണ്‍ യൂറോ വേണ്ടിവരുമെന്നാണ് ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ഉത്തരവാദിത്തമുള്ള ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റ് (ഡി.എ.എ) കണക്കുകൂട്ടുന്നത്. ഇതിലൂടെ 1,200 പേര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ജോലി ലഭിക്കും. 2020ലാണ് റണ്‍വേ പൂര്‍ത്തിയാകുക.

റണ്‍വേ നിര്‍മ്മാണത്തെ ടൂറിസം അയര്‍ലണ്ട് സ്വാഗതം ചെയ്തു. രാജ്യം സന്ദര്‍ശിക്കാനെത്തുന്ന 82% പേരും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് വിമാനമിറങ്ങുന്നത്
പുതിയ റണ്‍വേ പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയിലേക്കടക്കം കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
എയര്‍ ഇന്ത്യ അയര്‍ലണ്ടിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് ഉപേക്ഷിക്കുകയായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലായിരുന്നു എയര്‍ ഇന്ത്യയുടെ യൂറോപ്യന്‍ ഹബ്ബ്.2010 ല്‍ നിര്‍ത്തലാക്കിയ ഇതിനു പകരമായി ഡബ്ലിനെ മാറ്റാനാണ് എയര്‍ ഇന്ത്യ ആലോചിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയിലേയ്ക്ക് അയര്‍ലണ്ടിലേയ്ക്കും തിരിച്ചും എയര്‍ ലൈന്‍സുകള്‍ ആരംഭിക്കുമെന്ന് ഡബ്ലിന്‍ സന്ദര്ശനവേളയില്‍ പ്രഖ്യാപിച്ചത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യ ചിലവഴിച്ചിരുന്നതിന്റെ പകുതി തുകയെ ഡബ്ലിനിലെ ചിലവിനത്തില്‍ വരികയുള്ളു എന്നതാണ് ഡബ്ലിനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയെ പ്രചോദിപ്പിച്ച ഘടകം.250 കോടി രൂപ ഫീസിനത്തില്‍ നല്‍കിയിട്ടും ,ഇന്ത്യന്‍ വിമാനത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൃത്യസ മയങ്ങളില്‍ ഗേറ്റ് സര്‍വീസ് പോലും ഫ്രാങ്ക്ഫര്‍ട്ടില്‍ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് 2010ല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 2 പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ആരംഭിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തോടെ ഊര്‍ജിതമായെങ്കിലും റണ്‍വേയുടെ ശേഷിക്കുറവ് തടസമാകുകയായിരുന്നു.

എയര്‍ ഇന്ത്യയെ ഡബ്ലിനില്‍ കാത്തിരിക്കുന്നുന്ന പ്രതിസന്ധികള്‍ക്ക് പുതിയ റണ്‍വേയോടെ പരിഹാരമാവുമെന്ന് വിദഗ്ദര്‍ വെളിപ്പെടുത്തി.അമേരിക്കയടക്കമുള്ള യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ബോയിംഗ് 777300 വിമാനങ്ങള്‍ക്ക് 8500 അടി നീളത്തിലുള്ള റണ്‍വേ ടേക്ക് ഓഫിന് ആവശ്യമുള്ളപ്പോള്‍ ഡബ്ലിനിലെ ടെര്‍മിനല്‍ 2 ലെ റണ്‍വേയുടെ പരമാവധി നീളം 8652 അടി മാത്രമാണ്.യൂറോപ്പില്‍ നിന്നും കൂടുതല്‍ കാര്‍ഗോ എയര്‍ ഇന്ത്യയ്ക്ക് കൊണ്ട് പോകാനും ഇത് തടസമാവും.

കൂടുതല്‍ ഭാരം വഹിച്ചു കൊണ്ടുള്ള ടേക്ക് ഓഫിന് കൂടുതല്‍ നീളമുള്ള റണ്‍വേ ആവശ്യമാണ്.പരമാവധി കൊണ്ട് പോകാവുന്ന കാര്‍ഗോ കുറച്ചു കൊണ്ട് മാത്രം സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യയുടെ ലാഭത്തെ ബാധിക്കുകയും ചെയ്യും.

എങ്കിലും യൂറോപ്പില്‍ സന്ദര്‍ശനാര്‍ഥം ഇടത്താവളം തേടുന്ന അമേരിക്കന്‍ യാത്രികര്‍ക്കും വര്‍ദ്ധിച്ചു വരുന്ന എയര്‍ കാര്‍ഗോ കൈമാറ്റത്തിനും ഉപകരിക്കും വിധം ഹബ്ബ് അത്യാവശ്യമായ സാഹചര്യമാണ് എയര്‍ ഇന്ത്യയ്ക്ക് ഉള്ളത്.ഇതിന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലെ രണ്ടാം റണ്‍വേ ഉപയോഗപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യാ അധികൃതരും.
റെജി സി ജേക്കബ്

Scroll To Top