Tuesday September 26, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ചെക്കിംഗ് കര്‍ശനമാക്കി:മസാലപ്പൊടികളും അച്ചാറുകളും കൊണ്ട് വരുന്നവര്‍ കുരുക്കിലാവും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ചെക്കിംഗ് കര്‍ശനമാക്കി:മസാലപ്പൊടികളും അച്ചാറുകളും കൊണ്ട് വരുന്നവര്‍ കുരുക്കിലാവും

 ഡബ്ലിന്‍:ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെ വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ യാത്രാരേഖകളും ലഗേജുകളും കര്‍ശനമായ  പരിശോധനകള്‍ക്ക് വിധേയമാക്കുന്നു.ഭീകര തീവ്രവാദി പ്രവര്‍ത്തകരെ തിരയാനെന്ന അപ്രഖ്യാപിത നയത്തിന്റെ പേരില്‍ നടത്തപ്പെടുന്ന പരിശോധനയില്‍ പക്ഷേ മലയാളികള്‍ അടക്കമുള്ള സാധാരണ യാത്രക്കാരും ഉള്‍പ്പെടുന്നതയാണ് പറയപ്പെടുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്‍ഡത്തില്‍ നിന്നെത്തുന്ന ചില പ്രത്യേക സമുദായങ്ങളിലെയും പ്രദേശങ്ങളിലേയും യാത്രികരെ വിശദമായ പരിശോധനയ്ക്ക് ഇപ്പോള്‍ വിധേയരാക്കുന്നുണ്ട്.ഷെങ്കന്‍ ഏരിയയിലെ യാത്രാക്കാര്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അന്തിമ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച തുടങ്ങികഴിഞ്ഞു.ഷെങ്കന്‍ ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് അതിര്‍ത്തികളില്‍ ആവശ്യമെങ്കില്‍ പരിശോധന നടത്താന്‍ അംഗരാജ്യങ്ങളെ അനുവദിക്കുന്നുണ്ട്.ആര്‍ട്ടിക്കിള്‍ 26 നടപ്പാക്കണോ അഥവാ ഷെങ്കന്‍ ഏരിയയില്‍ നിലവിലുള്ള ഫ്രീ മൂമെന്റ്‌റ് സൗകര്യം തന്നെ നിര്‍ത്തലാക്കണോ എന്നതില്‍ മാത്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.അടുത്ത രണ്ടു വര്‍ഷക്കാലത്തേയ്ക്ക് ഷെങ്കന്‍ സ്‌കീം തന്നെ മരവിപ്പിച്ചു നിര്‍ത്തണം എന്നാണ് ജര്‍മ്മിനി അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.

യൂറോപ്യന്‍ യാത്രികരില്‍ തന്നെ അംഗരാജ്യങ്ങള്‍ തമ്മില്‍ സംശയം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കണം എന്ന നിര്‍ദേശം ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്.

യാത്രാരേഖകള്‍ക്ക് പുറമേ ലഗേജുകളും വിശദപരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് മലയാളികളെ ദുരിതത്തിലാഴ്ത്തുന്നത്.നിയമ പ്രകാരം കൊണ്ടുവരാന്‍ പാടില്ലാത്ത ഭക്ഷ്യപദാര്‍ഥങ്ങളാണ് മലയാളികളുടെ ബാഗുകളില്‍ നിന്നും കൂടുതലായി പിടി കൂടുന്നത്.

അച്ചാറുകള്‍,മുളക് അടക്കമുള്ള മസാലപ്പൊടികള്‍,സംസ്‌കരിക്കാത്ത മാംസ മത്സ്യോത്പന്നങ്ങള്‍,എന്നിവയാണ് വേസ്റ്റ് ബിന്നിലേയ്ക്ക് നീങ്ങുന്നവയില്‍ കൂടുതലും.എത്ര മുന്നറിയിപ്പുകള്‍ നല്‍കിയാലും മലയാളി അതൊന്നും ഗൗനിക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

കേരളത്തിലെ കോഴിക്കോട് സ്വദേശിയായ ഒരു യാത്രക്കാരന്‍ കഴിഞ്ഞ ആഴ്ച്ച നെടുമ്പാശ്ശേരി വഴി ഡബ്ലിനിലെത്തിയത് 10 കിലോയുടെ വീതമുള്ള നാല് ചാക്ക് അരിയുമായാണ്.രണ്ടു കാര്‍ഡ് ബോര്‍ഡു പെട്ടികളിലായി പായ്ക്ക് ചെയ്ത ലഗേജിന്റെ ഭാരത്തില്‍ സംശയം തോന്നിയ അധികൃതര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയും രണ്ടു മക്കളും ഭാര്യയുടെ മാതാവും അടക്കമുള്ള യാത്രാ സംഘത്തിന് 200 കിലോ ഭാരം വരെ കൊണ്ട് വരാമെന്നും അരിയടക്കം കൂട്ടിയാലും 150 കിലോയേ കൈവശമുള്ള ലഗേജിനു ഭാരം വരൂ എന്നും ഇയാള്‍ വാദിച്ചു നോക്കി.എന്തായാലും ‘അരിയുടെ യാത്രയും അധികൃതര്‍ ‘ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ബിന്നില്‍ അവസാനിപ്പിച്ചു.

അതേ സമയം കേരളത്തില്‍ ലഭ്യമാകുന്നതില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലും,സുരക്ഷയിലുമാണ് യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേയ്ക്കുള്ള മസാലപ്പൊടികള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കച്ചവടക്കാര്‍ മുഖേനെ കൊണ്ട് വരുന്നതെന്ന് പറയപ്പെടുന്നു.പോര്‍ട്ടുകളില്‍ കണ്ടയിനറുകളില്‍ എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ യൂണിയന്റെയും അതാതു രാജ്യങ്ങളുടെയും പരിശോധനയ്ക്ക് ശേഷമാണ് പുറത്തു വിടുന്നത്.

ശാസ്ത്രീയ പരിശോധനകളില്‍ ആരോഗ്യത്തിനോ പ്രാദേശിക കാലാവസ്ഥയ്‌ക്കോ ഹാനികരമായ എന്തെങ്കിലും ഘടകങ്ങള്‍ കണ്ടെത്തിയാല്‍ അത്തരം കമ്പനിയുടെ ഉദ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പുറത്താകുക തന്നെയല്ല,കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും.

കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ ‘നിറപറ’യുടെ മസാലപൊടികള്‍ക്ക് യൂറോപ്പില്‍ ക്‌ളീന്‍ ചിറ്റ് ലഭിച്ചു കഴിഞ്ഞത് ഇത്തരം പരിശോധനകളെ അതിജീവിച്ചാണ്.ലോകത്തില്‍ തന്നെ ഏറ്റവും സയന്റിഫിക്കായി പരിശോധനകള്‍ നടത്തുന്ന യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള ബെല്‍ഫാസ്റ്റ് പോര്‍ട്ടിന്റെ ആരോഗ്യവിഭാഗവും ബെല്‍ഫാസ്റ്റ് സിറ്റി കൌണ്‍സിലും നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ മുളകു പൊടി ശുദ്ധമാണെന്നും,ഭക്ഷ്യയോഗ്യമാണെന്നും സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത് കേരളത്തിലും കമ്പനി പ്രചാരണത്തിന് ഉപയോഗിച്ചേക്കും.

യൂറോപ്പിലെ കടകളില്‍ വിതരണത്തിനെത്തുന്ന കേരളത്തിലെ ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മ്മാണം മുതല്‍ പാക്കിംഗ് വരെയുള്ള ഘട്ടങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട ഗുണനിലവാരത്തോടെയാണ് തയാറാക്കുന്നതെന്ന് അയര്‍ലണ്ടില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്ന വിശ്വാസ് ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ സോണി ഏറേത്ത് പറയുന്നു.ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് വിശ്വാസ് ഇപ്പോള്‍ ഉപയോഗിക്കുന്നത്

കേരളത്തിലെ മിക്ക കമ്പനികളും വിദേശനിര്‍മ്മിത യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ മെച്ചപ്പെട്ട ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.യൂറോപ്യന്‍ യൂണിയനില്‍ നിന്നാണ് ഏറ്റവും വരുമാനം കമ്പനികള്‍ക്ക് ലഭിക്കുന്നത് എന്നതിനാല്‍ ഏറ്റവും മികച്ച അസംസ്‌കൃത വസ്തുക്കളും ഫുഡ് പ്രൊസസിംഗില്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്.

സ്വയം തയാറാക്കി കൊണ്ടുവരുന്നതൊഴികെ,കേരളത്തില്‍ ലഭ്യമാകുന്ന ഏതു ഭക്ഷ്യവസ്തുക്കളും യൂറോപ്പിലെ കടകളില്‍ ലഭിക്കുന്ന കേരളീയ ഉത്പന്നങ്ങളെക്കാള്‍ താഴ്ന്ന നിലവാരം ഉള്ളതാണ് എന്ന് നൂറു ശതമാനം ഉറപ്പുള്ളപ്പോള്‍ എന്നിരിക്കെ പ്രവാസികള്‍ വിമാനയാത്രയില്‍ അനാവശ്യമായ റിസ്‌ക് എടുക്കുന്നതിനെക്കുറിച്ച് രണ്ടു വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.

Scroll To Top