Sunday October 22, 2017
Latest Updates

ഘടകര്‍പ്പരന്‍മാര്‍ ഡബ്ലിന്‍ നഗരത്തില്‍ അരങ്ങു തകര്‍ത്തു,ദൃശ്യ വിസ്മയം തീര്‍ത്ത് അയര്‍ലണ്ടിന്റെ സ്വന്തം കലാപ്രതിഭകള്‍ 

ഘടകര്‍പ്പരന്‍മാര്‍ ഡബ്ലിന്‍ നഗരത്തില്‍ അരങ്ങു തകര്‍ത്തു,ദൃശ്യ വിസ്മയം തീര്‍ത്ത് അയര്‍ലണ്ടിന്റെ സ്വന്തം കലാപ്രതിഭകള്‍ 

ഡബ്ലിന്‍ :ഐറിഷ് മലയാളികള്‍ക്ക് നാടക പ്രസ്ഥാനത്തിന്റെ പുതിയ മാറ്റങ്ങളെ തൊട്ടറിയാനുള്ള അവസരമൊരുക്കി ‘ഘടകര്‍പ്പരന്‍മാര്‍’ ഡബ്ലിന്‍ നഗരത്തില്‍ അരങ്ങു തകര്‍ത്തു.സിറ്റി സെന്ററിലെ ലിബര്‍റ്റി തീയേറ്ററില്‍ നിറഞ്ഞ സദസിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത് തസ്‌കരവേദമെന്ന ‘സാങ്കല്പ്പിക നീതിശാസ്ത്രത്തിലെ’സൂക്തങ്ങള്‍ ആയിരുന്നുവെങ്കിലും ആധുനീക സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ച്ചയായി അതിനെ പ്രേക്ഷകമനസു കൈക്കൊണ്ടു എന്നതാണ് നാടകത്തിന്റെ വിജയമായി കണക്കാക്കപ്പെടേണ്ടത്.priii 

തസ്‌കരന്റെ ശാസ്ത്രവും ഭരണാധി കാരിയുടെ സങ്കല്‍പവും ഒന്നായി തീരുമ്പോഴാണ് ഭീകരത അതിന്റെ തീക്ഷ്ണമായ മുഖം കാണിക്കുന്നത് എന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്ന് നാട്ടരങ്ങ് നാടകസംഘത്തിന്റെ നാടകം വിലയിരുത്തുന്നു
അത്ര ലളിതമൊന്നും ആയിരുന്നില്ല കഥ.പക്ഷെ നാടകം അവതരിപ്പിച്ചവര്‍ അതിനെ മനോഹരമാക്കി പ്രേക്ഷക ഹൃദയങ്ങള്‍ക്ക്മറക്കാനാവാത്ത  അനുഭവമാക്കി.പരമ്പരാഗത മോഷ്ടാക്കളാണ് ഘര്‍പ്പരന്റെയും ഘടന്റെയും കുടുംബങ്ങള്‍.മോഷണകലയുടെ രീതിശാസ്ത്രം പ്രതിപാദിക്കുന്ന തസ്‌കരവേദം എന്ന ഗ്രന്ഥം ഘടന്റെ മുത്തച്ഛനില്‍നിന്ന് സ്വായത്തമാക്കി കൊട്ടാരത്തില്‍ മോഷണം നടത്താന്‍ ഇവര്‍ ഇറങ്ങിത്തിരിക്കുന്നു.

രാജാവും സൈന്യവും നായാട്ടിനുപോയ തക്കത്തിന് ഘടന്‍ കൊട്ടാരത്തില്‍ കടക്കുന്നു.ഘര്‍പ്പരന്‍ കാവലിരിക്കുന്നു.ഉറങ്ങുന്ന റാണിയുടെ ആഭരണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജാവിനെ കാട്ടില്‍ കാണാതായെന്ന വാര്‍ത്തയുമായി സെന്യമെത്തുന്നു. ഘര്‍പ്പരനെ സൈന്യം പിടികൂടുന്നു.തുടര്‍ന്ന് അധികാരം കൈയാളാന്‍ റാണി ഘടനെ കൂട്ടുപിടിച്ച് തസ്‌കരവേദം ഹൃദിസ്ഥമാക്കുന്നു.

അധികാരത്തിലിരിക്കുമ്പോള്‍ ഒരു കള്ളന്റെ കൂട്ട് എല്ലാവര്‍ക്കും വേണമെന്നാണ് റാണിയുടെ പക്ഷം. ഒരു കള്ളന്‍ മറ്റൊരു കള്ളനെപ്പറ്റി ആശങ്കപ്പെണ്ടേതില്ലെന്ന ശാസ്ത്രമനുസരിച്ച് കര്‍പ്പരന് വധശിക്ഷ വിധിക്കാന്‍ റാണിയുമായി ചേര്‍ന്ന് ഘടന്‍ തീരുമാനിക്കുന്നു.കാട്ടില്‍നിന്നു രക്ഷപ്പെട്ടെത്തുന്ന രാജാവിനെ സ്വീകരിക്കുന്ന റാണി പക്ഷെ അധികാരം കൈമാറാന്‍ സമ്മതിക്കുന്നില്ല. ഘടനെ ഉപയോഗിച്ച് റാണി ,രാജാവിനെ കൊല്ലുന്നു. ആയുധം കൈയിലുള്ളവനാണ് ശക്തനെന്നു മനസ്സിലാക്കുന്ന റാണി പ്രണയപൂര്‍വം ഘടനെയും കൊല്ലുന്നു.തസ്‌കരനീതിയും രാജനീതിയും പൂരിപ്പിക്കപ്പെടുന്നു എന്നാണ് കൊലയ്ക്ക് റാണിയുടെ വിശദീകരണം.

കഥയുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടേണ്ടതായാലും സമകാലീക സാഹചര്യങ്ങളില്‍ കഥയുടെ സങ്കല്പ്പം ജീവന്‍ തുടിച്ചു വ്യാപരിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെയും കുറ്റം പറയാനാവില്ല.

നടീനടന്‍മാരുടെ ഉടലും ഭാവവും ശബ്ദവും ഭാവനാത്മകമായി ഉപയോഗിച്ച് നാടകത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ ഷൈജു ലൈവ് വിജയിച്ചു.സുഗമവും കണിശവുമായിരുന്നു വേദിയിലെ ഓരോ ചലനങ്ങളും. വൈവിധ്യവും സ്വാഭാവികതയും നിലനിര്‍ത്തിക്കൊണ്ട്ത്‌ന്നെ അച്ചടക്കത്തോടെ കോറസിനെ കൈകാര്യംചെയ്യുന്നതിലെ വൈദഗ്ദ്ധ്യം പല തവണ ഈ നാടകത്തില്‍ നമ്മള്‍ കാണാന്‍ കഴിഞ്ഞു 

ഷൈജു ലൈവ് സംവിധാനവും ഉദയ് നൂറനാട് സഹസംവിധാനവും നിര്‍വഹിച്ച നാടകം നാട്ടരങ്ങ് നാടകസംഘത്തിന് മാത്രമല്ല അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനം പകരുന്ന കാഴ്ച്ചയാണ് നല്കിയതെന്നു നിസംശയം പറയാം.
വേദിയിലെ പരിമിതമായ സൗകര്യങ്ങള്‍ സംഘാടകരെ തെല്ലൊന്നുമല്ല വലച്ചത്.എങ്കിലും ലഭ്യമായവയെ പ്രേക്ഷകര്‍ക്ക് പോലും മനസിലാക്കാനാവാത്തവിധം ക്രമീകരിക്കാന്‍ സംവിധായകനും സംഘത്തിനും കഴിഞ്ഞു

ലാളിത്യം നിലനിര്‍ത്തി കൊണ്ട് തന്നെ രംഗസജ്ജീകരണങ്ങളിലും കോസ്റ്റ്യൂമ്‌സിലും എങ്ങനെ ചാരുത പകരാം എന്നു ഈ നാടകം നമുക്കു കാണിച്ചു തന്നു.അജിത് കേശവനും റിസണ്‍ ചുങ്കത്തും, മഞ്ജു സുനിലും ചേര്‍ന്നൊരുക്കിയ കാഴ്ച്ചകള്‍ പ്രേക്ഷകരെ അത്ഭുതലോകത്തെത്തിച്ചു.ആനയും കുതിരയും പശുക്കളുമൊക്കെ ജീവന്‍ തുടിയ്ക്കുന്ന ശേലോടെയാണ് ലിബര്‍ട്ടി തീയേറ്ററില്‍ എത്തിയത്.

ശ്യാം ഇസാദ് ,ജോബിന്‍ ഫിലിപ്പ്,കെവിന്‍ ജോര്‍ജ് എന്നിവരിലൂടെ നിര്‍വഹിക്കപ്പെട്ട  ശബ്ദവും വെളിച്ചവുമടക്കമുള്ള സാങ്കേതികോപാധികള്‍, ഒരു സമ്പൂര്‍ണ്ണസൃഷ്ട്ടിയുടെ ഇഴപിരിച്ചെടുക്കാനാകാത്ത ഘടകങ്ങള്‍ ആകുകയായിരുന്നു.

ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങള്‍ നാടകത്തെ ജീവസുറ്റതാക്കി .ഘടനായി വേഷമിട്ട പ്രിന്‍സ് ജോസഫ് അങ്കമാലി,ഘര്‍പ്പരനായി ഉദയ് നൂറനാട്,റാണിയായി രംഗത്തെത്തിയ സ്മിത അലക്‌സ് എന്നിവര്‍ പ്രേക്ഷകമനസുകളില്‍ മറക്കാനാവാത്ത വിധം കുടിയേറുക തന്നെ ചെയ്തു.
പ്രദീപ് ചന്ദ്രന്‍, ,എലിസബെത്ത് മത്തായി ,ഷൈബു കൊച്ചിന്‍ ,എല്‍ദോ ജോണ്‍,ബൈജു ജോര്‍ജ്,ജയ്‌സണ്‍ ജോസഫ്,സാജന്‍ സെബാസ്റ്റ്യന്‍,റിസന്‍ ചുങ്കത്ത്,സുനില്‍ ഫ്രാന്‍സിസ്,ഷിബു പുല്ലാട്ട് ,വിനോദ് കണ്ണൂര്‍,എയിഞ്ചല്‍ സുനില്‍ ,ബേസില്‍ പോള്‍,ഫേബ പ്രിന്‍സ് തുടങ്ങി രംഗത്തെത്തിയ ഓരോരുത്തരും ഐറിഷ് മലയാളികള്‍ക്ക് നല്കുന്നത് രംഗവേദികള്‍ക്ക്  ആരോടും കിടപിടിയ്ക്കാവുന്ന താരസമ്പത്ത് അയര്‍ലണ്ടിന് കൈവശമുണ്ടെന്ന സന്ദേശം തന്നെയാണ്.
-റെജി സി ജേക്കബ് (എഡിറ്റര്‍ ,ഐറിഷ് മലയാളി )gh


Scroll To Top