Saturday December 03, 2016
Latest Updates

ദ്രോഗ്‌ബെക്ക് ആദരമായി ‘സ്പിരിറ്റ് ഓഫ് ദി ഗെയിം’ പുരസ്‌കാരം

ദ്രോഗ്‌ബെക്ക് ആദരമായി ‘സ്പിരിറ്റ് ഓഫ് ദി ഗെയിം’ പുരസ്‌കാരം

ചെല്‍സി താരം ദിദിയര്‍ ദ്രോഗ്‌ബെയ്ക്ക് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിന്റെ ആദരം. ജന്മരാജ്യത്തിന് വേണ്ടി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പ്രീമിയര്‍ ലീഗ് സ്‌പോണ്‍സര്‍മാരായ ബാര്‍ക്‌ളേയ്‌സിന്റെ സ്പിരിറ്റ് ഓഫ് ദ ഗെയിം അവാര്‍ഡ് ദ്രോഗ്ബയ്ക്ക് ലഭിച്ചത്.

37 കാരനായ മുന്‍ ചെല്‍സി താരം സ്വന്തം രാജ്യമായ ഐവറി കോസ്റ്റിലെ വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അബിജാനില്‍ ദ്രോഗ്ബ സ്വന്തം സമ്പാദ്യവും ഫുട്‌ബോള്‍ ലോകത്തുനിന്നും സമാഹരിച്ച പണവും ഉപയോഗിച്ച് പണിതുയര്‍ത്തിയ ആശുപത്രി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് ഫുട്‌ബോള്‍ ലോകം അദ്ദേഹത്തെ ആദരിക്കുന്നത്. ആശുപത്രിയുടെ ചെലവുകള്‍ക്കായി പണം കണ്ടെത്തുന്നതിന് ദിദിയര്‍ ദ്രോഗ്ബ ഫൗണ്ടേഷന്‍ നടത്തിയ പ്രോഗ്രാമില്‍ പീറ്റര്‍ ചെക്ക്, ജോണ്‍ ടെറി, ഹസാര്‍ഡ്, ഇവാനോവിക്, ഗാരി കാഹില്‍, ക്വഡ്രാര്‍ഡോ, നെമാന്‍ജ മാറ്റിക്, തിയറി ഹെന്റി, ലൂയിസ് സാഹ, എഡ്ഗാര്‍ ഡേവിസ്സ്, ജെര്‍മെയ്ന്‍ ഡിഫോ തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

തനിക്ക് ആഫ്രിക്കയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി ദ്രോഗ്ബ പ്രതികരിച്ചു. ഒരു കുഞ്ഞിന്റെ മുഖത്തുവിരിയുന്ന മന്ദഹാസത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്നും ഇതിന് വേണ്ടിയാണ് തന്റെ പ്രയത്‌നമെന്നും ദ്രോഗ്ബ പറഞ്ഞു.

ഇതുവരെ അഞ്ച് ഹോസ്പിറ്റലുകളാണ് ദ്രോഗ്ബ ഫൗണ്ടേഷന്‍ ഐവറികോസ്റ്റില്‍ പണിതുയര്‍ത്തിയിട്ടുള്ളത്. സ്വന്തം സമ്പാദ്യത്തില്‍ നിന്നും അഞ്ച് മില്യണ്‍ ഡോളറാണ് ഇതിനായി ചെലവാക്കിയിട്ടുള്ളത്. പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ലഭിച്ച മൂന്ന് മില്യണ്‍ ഡോളര്‍ പ്രതിഫലം അപ്പാടെ ആശുപത്രിക്കായി വിനിയോഗിക്കുകയായിരുന്നു. പരസ്യങ്ങളില്‍ നിന്നുള്ള എല്ലാ വരുമാനവും ദ്രോഗ്ബ ഫൗണ്ടേഷന് കൈമാറുകയാണ് ചെയ്യുന്നത്. ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുമതിയായി അബിജാനിലെ ഒരു ഗ്രാമത്തിന് ദ്രോഗ്ബാക്രോ വില്ലേജ് എന്ന് നാമകരണം ചെയ്തരുന്നു.

 

Scroll To Top