Saturday December 03, 2016
Latest Updates

ഈ കണക്കില്‍ നിങ്ങളും ഉള്‍പ്പെടുന്നുണ്ടോ?അയര്‍ലണ്ടില്‍ നാലിലൊന്ന് പുരുഷന്മാരും മദ്യപിച്ച് വാഹനമോടിക്കുന്നതായി പഠനങ്ങള്‍

ഈ കണക്കില്‍ നിങ്ങളും ഉള്‍പ്പെടുന്നുണ്ടോ?അയര്‍ലണ്ടില്‍ നാലിലൊന്ന് പുരുഷന്മാരും മദ്യപിച്ച് വാഹനമോടിക്കുന്നതായി പഠനങ്ങള്‍

ഡബ്ലിന്‍:പരിധിയില്‍ അധികം മദ്യപിച്ച ശേഷം വാഹനം ഓടിയ്ക്കരുത് എന്ന നിയമം സാര്‍വത്രികമായ ഒന്നാണ്.എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലംഘിക്കപ്പെട്ട കുറ്റങ്ങളുടെ ഗണത്തില്‍ ഇതുമുണ്ടെന്നാണ് പഠനങ്ങള്‍.അയര്‍ലണ്ടിലാവട്ടെ ഇത്തരക്കാരുടെ എണ്ണം വളരെ കൂടുതലാണ്.

1,000ലേറെ പേരില്‍ നടത്തിയ ഒരു സര്‍വേയില്‍ 15% പേരും നിയമം അനുവദിക്കുന്നതില്‍ കവിഞ്ഞ് മദ്യം കഴിച്ച ശേഷം വാഹനമോടിക്കാറുണ്ട് എന്ന് സമ്മതിച്ചു.സര്‍വേയില്‍ പങ്കെടുത്ത 24% പുരുഷന്മാരും മദ്യപിച്ച് വാഹനമോടിക്കുന്നതായും തെളിഞ്ഞു. ന്യൂസ് ടോക്ക്/റെഡ് സി ആന്‍ഡ് പാറ്റ് കെന്നി ഷോ നടത്തിയ സര്‍വേയിലാണ് അപകടഭീഷണിയുയര്‍ത്തുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത രണ്ടില്‍ ഒന്ന് പേരും തങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി മദ്യപിച്ച് വാഹനമോടിക്കുന്ന ആരെയെങ്കിലും അറിയാമെന്ന് വെളിപ്പെടുത്തി.റൂറല്‍ ഏരിയകളിലാണ് ഈ പ്രവണത കൂടുതലെന്ന് 77% പേരും അഭിപ്രായപ്പെട്ടു. അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞകൊണ്ടുതന്നെയാണ് പലരും മദ്യപിച്ച് വാഹനമോടിക്കുന്നത് എന്നും സര്‍വേയില്‍ വെളിപ്പെട്ടു.

നിയമം അനുവദിക്കുന്നതിലും കവിഞ്ഞ അളവില്‍ തങ്ങള്‍ മദ്യം കഴിച്ചോ എന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 70% പേരും പ്രതികരിച്ചു. കൊന്നാക്ട്/അള്‍സ്റ്റര്‍ പ്രദേശത്തുള്ള 84% പേരും ഇക്കാര്യം സമ്മതിച്ചു.പരിശോധിക്കാനുള്ള സൗകര്യം സ്വന്തമായി ഇല്ലാത്തതാണത്രേ ഇതിനു കാരണം. സര്‍വേയില്‍ പങ്കെടുത്ത ആളുകളില്‍ നാലില്‍ ഒന്ന് മാത്രമാണ് മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ കുറവാണ് എന്ന് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി വീട്ടില്‍ നിന്നോ, റസ്റ്ററന്റില്‍ നിന്നോ. പബ്/നൈറ്റ് ക്ലബില്‍ നിന്നോ മദ്യപിച്ച ശേഷം തങ്ങള്‍ വാഹനമോടിക്കാറുണ്ട് എന്ന് സര്‍വേയിലെ 15% പേര്‍ തുറന്നു സമ്മതിച്ചു.കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാലില്‍ ഒന്ന് പേരും ഇത് ചെയ്യുന്നതായി വെളിപ്പെടുത്തി.

45നും 54നും ഇടയില്‍ പ്രായമുള്ളവരാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ എന്നും സര്‍വേ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇതിനിടെയാണ് സര്‍വേ ഫലം പുറത്തുവരുന്നത്. 40% റോഡപകടങ്ങള്‍ക്കും കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും ഈയിടെ വ്യക്തമാക്കിയിരുന്നു. 2008നും 2012നും ഇടയില്‍ സംഭവിച്ച 983 അപകടങ്ങളില്‍ മരിച്ചത് 1,077 പേരാണ്. ഇതില്‍ പരിശോധിച്ച 867 അപകടങ്ങളില്‍ 38% പേരും മദ്യം കഴിച്ചിരുന്നു. ഇതില്‍ ഡ്രൈവര്‍മാര്‍, മോട്ടോര്‍സൈക്കില്‍ ഉപയോഗിക്കുന്നവര്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ ഉള്‍പ്പെടും.

Scroll To Top