Saturday December 03, 2016
Latest Updates

‘ഡ്രാക്കുള’യെ അനശ്വരമാക്കിയ നടന്‍ ക്രിസ്റ്റഫര്‍ ലീ അന്തരിച്ചു

‘ഡ്രാക്കുള’യെ അനശ്വരമാക്കിയ നടന്‍ ക്രിസ്റ്റഫര്‍ ലീ അന്തരിച്ചു

ഡ്രാക്കുള ചിത്രങ്ങളുടെ വിവിധ പതിപ്പുകളില്‍ ഡ്രാക്കുളയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രശസ്ത ഹോളിവുഡ് നടന്‍ സര്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 250 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളെയെല്ലാം മരണവാര്‍ത്ത അറിയിച്ച ശേഷം മാത്രം വാര്‍ത്ത പുറത്തുവിട്ടാല്‍ മതിയെന്ന അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റിന്റെ നിര്‍ബന്ധം മൂലമാണ് മരണവാര്‍ത്ത പുറം ലോകം അറിയാന്‍ വൈകിയത്. 1947ല്‍ അഭിനയ രംഗത്തെത്തിയ ലീക്ക് നാടക,സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭവനകള്‍ പരിഗണിച്ച് 2009ല്‍ സര്‍ പദവി ലഭിച്ചിരുന്നു.

ഡ്രാക്കുള ചലച്ചിത്രങ്ങള്‍ക്ക് വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം പതിപ്പുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ക്രിസ്റ്റഫര്‍ ലീയുടെ ഡ്രാക്കുള വേഷങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒമ്പത് ചിത്രങ്ങളിലാണ് അദ്ദേഹം ഡ്രാക്കുള പ്രഭുവായി വേഷമിട്ടത്.

1974 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്ണിലെ വില്ലന്‍, ലോര്‍ഡ് ഓഫ് ദ റിങ്ങിലെ സരുമാന്‍ മുതലായവയിലൂടെ അദ്ദേഹം ദീര്‍ഘകാലം പ്രേക്ഷക മനസ്സുകളില്‍ ജീവിക്കും.

Scroll To Top