Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റക്കാര്‍ക്ക് അഭിമാനമായി ഡോ.ടോം തോമസ്, ബ്രിട്ടണില്‍ ചരിത്രമെഴുതിയത് ഇരുപത്തിയൊന്നാം വയസില്‍

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റക്കാര്‍ക്ക് അഭിമാനമായി ഡോ.ടോം തോമസ്, ബ്രിട്ടണില്‍ ചരിത്രമെഴുതിയത് ഇരുപത്തിയൊന്നാം വയസില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ നിന്നുള്ള ആദ്യ ഡോക്റ്റര്‍ എന്ന ബഹുമതി ലൂക്കനിലെ ഡോ.ടോം തോമസിന്.
ഇരുപത്തൊന്നാം വയസില്‍ എം ബി ബി എസ് പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍ ടോം തോമസ് ഇനി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന അംഗീകാരത്തിനും ഉടമയാവും.മുമ്പ് 21 വയസില്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കിയ നൈജീരിയയില്‍ നിന്നും ബ്രിട്ടനില്‍ താമസമാക്കിയ ഓലെ ഒരേകുര്‍ണയുടെ പേരില്‍ നിലവിലുള്ള റിക്കാര്‍ഡാണ് ഈ കടുത്തുരുത്തിക്കാരന്‍ മിടുക്കന്‍ തകര്‍ത്തത്.
ഡബ്ലിന്‍ സീറോ മലബാര്‍ കേന്ദ്ര കമ്മറ്റിയംഗവും, വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗവും, ലൂക്കന്‍ മലയാളി ക്ലബ്ബ് മുന്‍ പ്രസിഡന്റുമായ ലൂക്കനിലെ വൈക്കം കളത്തിപ്പറമ്പില്‍ തോമസ് ജോസഫിന്റെ മകനാണ് ടോം. മാതാവ് ലിസമ്മ ഡബ്ലിന്‍ സെ.ജെയിംസ് ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്സാണ്.ഏക സഹോദരന്‍ ടെനി നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണ്.
കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടോം, ലൂക്കന്‍ സെന്റ് മേരീസ്, സെന്റ് ആന്‍ഡ് ഡ്രിമ്നാ കാസില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍, എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ബ്രിട്ടനിലെ നോര്‍വിച്ച് മെഡിക്കല്‍ സ്‌കൂളില്‍ (യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ) നിന്നാണ് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയത്.
അയര്‍ലണ്ടിലെ കോളജ് പഠന കാലത്ത് നോബല്‍ സമ്മാന ജേതാവ് ജോണ്‍ ഹ്യൂവില്‍ നിന്ന് ബെസ്റ്റ് അക്കാദമിക്ക് സ്റ്റുഡന്റ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിന്റെ പങ്കാളിത്തത്തോടെ ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഗാസ്ട്രോ എന്‍ഡോളജില്‍ പ്രബന്ധം അവതരിപ്പിച്ചതിലൂടെ അന്തര്‍ ദേശീയ തലത്തില്‍ അംഗീകാരം നേടാന്‍ കഴിഞ്ഞതും ടോമിന്റെ വിജയ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ തന്നെ.
ബെര്‍മിംഗ്ഹാം ക്വിന്‍ എലിസബത്ത് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ ഹൗസ് ഓഫീസറായി ജോലി ലഭിച്ച ടോം ഗാസ്ട്രോ എന്‍ഡോളജിയില്‍ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. നല്ലൊരു വാഗ്മിയും ഉപന്യാസ രചയിതാവുമായ ടോം ചെസ്സ് മത്സരത്തിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഡബ്ലിന്‍ സീറോ മലബാര്‍ സഭ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ലൂക്കന്‍ മലയാളി ക്ലബ് എന്നിവയുടെ പുരസ്‌കാരങ്ങളും ടോമിനെ തേടിയെത്തിയിട്ടുണ്ട്.
തികഞ്ഞ ഈശ്വര വിശ്വാസിയായ ഡോ.ടോം മാതാപിതാക്കന്മാരുടെയും അധ്യാപകരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അഭിപ്രായപ്പെടുന്നു.
വാര്‍ത്ത:രാജു കുന്നക്കാട്ട്

Scroll To Top