Thursday September 21, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളിയുടെ മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിപ്പിക്കുന്ന ദിവസം ഇന്ന്,ക്ലോണ്‍മല്‍ തിരുപ്പട്ട ശിശ്രൂഷകള്‍ക്ക് ഒരുങ്ങി

അയര്‍ലണ്ടിലെ മലയാളിയുടെ മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിപ്പിക്കുന്ന ദിവസം ഇന്ന്,ക്ലോണ്‍മല്‍ തിരുപ്പട്ട ശിശ്രൂഷകള്‍ക്ക് ഒരുങ്ങി

ക്ലോണ്‍മല്‍(കൗണ്ടി ടിപ്പററി) :അയര്‍ലണ്ടിലെ മലയാളികള്‍ക്ക്  ഇന്ന് ഞായറാഴ്ച്ച അഭിമാനത്തിന്റെ ദിനമാണ്.നാല് വര്‍ഷത്തെ സുദീര്‍ഘമായ ദൈവശാസ്ത്ര പഠനത്തിന് ശേഷം ഡോ.എം ജി ലാസറസ് എന്ന നാല്‍പ്പത്തിയെട്ടുകാരന്‍ ഗൃഹസ്ഥന്‍ നാളെ തിരുപ്പട്ടം സ്വീകരിക്കുകയാണ്.
അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നാണ് ഡോ.ലാസറസിന് ലഭിക്കുന്ന അവസരത്തെ വിശേഷിപ്പിക്കാവുന്നത്.Sacraments1

കാത്തോലിക്കാ സഭയിലെ ഏഴു കൂദാശകളും സ്വീകരിക്കുന്നവര്‍ തീരെ കുറവാണ്.തിരുപ്പട്ടം അഥവാ വിവാഹം എന്നതില്‍ ഏതെങ്കിലും കൂദാശയേ സാധാരണ വിശ്വാസികള്‍ സ്വീകരിക്കാറുള്ളൂ.എന്നാല്‍ അവിടെയാണ് ഡീക്കന്മാരെ ദൈവം പ്രത്യേകം തിരഞ്ഞെടുക്കുന്നത്. വിവാഹത്തോടൊപ്പം തന്നെ തിരുപ്പട്ടവും സ്വീകരിക്കാന്‍ അവര്‍ക്ക് മാത്രമാണ് അവസരം !

വിളവേറെയുള്ള ഐറിഷ് വിശ്വാസവയലില്‍ വേലയ്ക്കായെത്തുന്നവരുടെ എണ്ണം അനുദിനം കുറയുന്നിടത്താണ് കടല്‍ക്കടന്നു കുടിയേറി വന്നവര്‍ വിളി തിരിച്ചറിയുന്നത്.ഐറിഷ് കുടിയേറ്റക്കാരുടെ ഇടയില്‍ നിന്നുള്ള ആദ്യത്തെ ഡീക്കന്‍ എന്ന തുടക്കവും ഡോ.ലാസറസിന്റെ പദവിയെ സവിശേഷ ശ്രദ്ധക്കര്‍ഹമാക്കുന്നു..തീവ്രമായ വിശ്വാസ പാരമ്പര്യം അവകാശപ്പെടുന്ന മലയാളി സമൂഹത്തില്‍ നിന്നുള്ള അയര്‍ലണ്ടിലെ തിരുപ്പട്ടക്കാരനും ഇദ്ദേഹം തന്നെ.

വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതയിലെ ആദ്യത്തെ ഡീക്കനായി മാറുന്ന ഈ മലയാളി ഡോക്റ്റര്‍ വന്ന വഴികള്‍ ദൈവപരിപാലനയുടേത് മാത്രമാണ് എന്നാണ് അദ്ദേഹം തന്നെ വിലയിരുത്തുന്നത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ക്ലോണ്‍മല്‍ സെന്റ് ഒലിവേഴസ് ദേവാലയത്തില്‍ വെച്ച് വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് അല്‍ഫോന്‍സാസ് കുള്ളിനാന്റെ കൈവെപ്പ് ശിശ്രൂഷ വഴിയാണ് ഡോ.എം ജി ലാസറസ് ഡീക്കന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.
ഡോക്റ്റര്‍ ലാസറസ് ഡീക്കന്‍ ലാസറസ് ആകുന്ന വഴികള്‍ 
തിരുവനന്തപുരം ജില്ലയിലെ പൂവാറിലെ പ്രശസ്തമായ കുടുംബത്തിലെ പത്തു മക്കളില്‍ പത്താമനായ എം ജി ലാസറസിന്റെ ചെറുപ്പത്തിലെ ആഗ്രഹം തന്നെ ഒരു വൈദീകന്‍ ആവണം എന്നായിരുന്നു.അള്‍ത്താര ബാലന്റെ കുപ്പായങ്ങള്‍ അണിയുമ്പോള്‍ ഉണ്ടായ സന്തോഷം, പിന്നീട് പഠനത്തില്‍ ഒന്നാം റാങ്ക് വാങ്ങി വന്ന നാളുകളില്‍ പോലും ഉണ്ടായിട്ടില്ലാത്ത ആ കൊച്ചു ബാലന് പള്ളിയും പള്ളി പരിസരവും ആയിരുന്നു ജീവിതം.

പഞ്ചായത്ത് മെമ്പറും പൊതു പ്രവര്‍ത്തകനുമായിരുന്ന അപ്പന്‍ ജോര്‍ജ് ലാസറസ് മക്കളെ വളര്‍ത്തിയതും ദൈവവഴികളില്‍ ചേര്‍ന്ന് നടക്കാന്‍ പഠിപ്പിച്ചു തന്നെയായിരുന്നു.വെളുപ്പിന് നാല് മണിക്ക് ഉറക്കമെണീറ്റ് കുടുംബത്തോടൊപ്പം പ്രാര്‍ഥന നടത്തി പൂവാര്‍ പള്ളിയിലെത്തി ദേവാലയ ശുശ്രൂഷിയെ ഉണര്‍ത്തുമണിയടിക്കാന്‍ വിളിച്ചുണര്‍ത്തി വിശുദ്ധ കുര്‍ബാനയ്ക്ക് ഒരുങ്ങുന്ന ആ പഞ്ചായത്ത് മെമ്പര്‍ കൊച്ചു ലാസറസിനും പ്രചോദനമായി.

മൂത്ത മകനെ വൈദീക പട്ടത്തിന് അയച്ച് കാത്തിരുന്ന അപ്പന്‍ പക്ഷേ പെട്ടന്ന് നിരാശനാകേണ്ടി വന്നു.സെമിനാരിയില്‍ നിന്നും വൈദീകനാവുന്നതിന് തൊട്ടു മുമ്പേ അദ്ദേഹം വീട്ടിലേയ്ക്ക് തിരിച്ചു വന്നു.അക്കാലത്ത് ഒരു കത്തോലിക്കാ കുടുംബത്തിന് സഹിക്കാന്‍ കഴിയാവുന്നതില്‍ അധികമായിരുന്നു അത്.പ്രത്യേകിച്ച് സഭയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ഒരു കുടുംബത്തിന്..വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നു ജ്യേഷ്ഠന്റേത് എങ്കിലും അപ്പന് അത് അംഗീകരിക്കാന്‍ മനസ് വന്നില്ല.പത്താം ക്ലാസ് പാസായ ശേഷം സെമിനാരിയില്‍ പോകാന്‍ കാത്തുകാത്തിരുന്ന പത്താമന് അപ്പന്‍ അനുമതി നിഷേധിക്കുകയായിരുന്നു.അനുവാദം ചോദിച്ചു കരഞ്ഞു നോക്കിയ മകനോട് പക്വത എത്തിയ ശേഷം തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു അപ്പന്റെ മറുപടി.!

നിശബ്ദനാവുകയെ വഴിയുള്ളൂ എന്ന് തിരിച്ചറിഞ്ഞ നാളുകളില്‍ പിന്നെയും പഠനത്തിന്റെ തിരക്കുകളായി.മാനേജ്‌മെന്റില്‍ എം ബി എയും,ഫിലോസഫിയില്‍ എം എ യും,എം എസ് ഡബ്ല്യൂവും പഠിക്കുമ്പോള്‍ തന്നെ നിരവധി കോളജുകളില്‍ പഠിപ്പിക്കാനും ഭാഗ്യം ലഭിച്ചു.ഇതോടൊപ്പം നിരവധി സെമിനാരികളിലും പഠിപ്പിക്കാനായി.തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ലക്ച്ചറര്‍ ആയിരിക്കുമ്പോള്‍ തന്നെ തിരുവനന്തപുരം,നെയ്യാറ്റിന്‍കര രൂപതകളിലെ വൈദീക വിദ്യാര്‍ഥികളെ സൈക്കോളജിയും സോഷ്യോളജിയും ഫിലോസോഫിയും പഠിപ്പിക്കാനുള്ള ദൗത്യവും ലഭിച്ചു.

തിരുവനന്തപുരത്തെ പ്രശസ്തമായ് ലയോളാ ജസ്യൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ്‌റ് ഡയറക്ടറായുള്ള സ്ഥാനലബ്ധിയും ലാസറസിന്റെ അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു.. 

ഇതിനിടെ വിവാഹിതനാവാനുള്ള വീട്ടുകാരുടെ ഇഷ്ട്ടത്തിന് വഴങ്ങി.എങ്കിലും പൂര്‍ണ്ണസമയവും സഭാ പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപനത്തിനും നീക്കി വെച്ച ചെറുപ്പക്കാരന്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം ചിലവഴിക്കാനുള്ള സമയം നഷ്ട്ടമാകുന്നതായി കണ്ടെത്തിയതിന്റെ ബാക്കിയായിരുന്നു അയര്‍ലണ്ടിലേയ്ക്കുള്ള യാത്ര.
അയര്‍ലണ്ടിലെ ദാരിദ്ര്യം 
കൌണ്ടി ടിപ്പററിയിലെ ക്ലോണ്‍മല്‍ എന്ന ചെറു നഗരത്തിലേയ്ക്കാണ് ഡോ.ലാസറസിനെ എച്ച് എസ് ഇ നിയോഗിച്ചത്.സീനിയര്‍ മെന്റല്‍ ഹെല്‍ത്ത് സോഷ്യല്‍ വര്‍ക്കറായിയായിരുന്നു നിയമനം.ജോലിക്കിടയിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള അവസരം തേടവെയാണ് .ആയിടയ്ക്ക് നാട്ടില്‍ നിന്നും ക്ലോണ്‍മലില്‍ വന്നിരുന്ന ഏതാനം മലയാളി നഴ്‌സുമാരെ കണ്ടെത്തിയത്.അവരെയും ചേര്‍ത്ത് ക്ലോണ്‍മലില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചതോടെ വീണ്ടും പ്രാര്‍ഥനാ ജീവിതം സജീവമായി.
ക്ലോണ്‍മല്‍ ഉള്‍പ്പെടുന്ന വാട്ടര്‍ഫോര്‍ഡ് രൂപതയില്‍ അയര്‍ലണ്ടിലെ എല്ലാ രൂപതകളിലും എന്നത് പോലെ തന്നെ വൈദീക പ്രതിസന്ധി രൂക്ഷമായിരുന്നു.ഒന്നരലക്ഷത്തില്‍ അധികം കത്തോലിക്കരും 45 ലധികം ഇടവകകളും ഉള്ള രൂപതയില്‍ വെറും 3 പേരാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പൗരോഹിത്യം സ്വീകരിച്ചത്.മരണാസന്നരും രോഗികളുമായ അനവധി പേര്‍ അന്ത്യ ശുശ്രൂഷകള്‍ പോലും ലഭിക്കാതെ കടന്നുപോകുന്ന കാഴ്ച്ചകള്‍ പതിവായപ്പോഴാണ് രൂപതാധികൃതര്‍ അത്മായരില്‍ നിന്നും യോഗ്യരായവരെ ഡീക്കന്‍മാരായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.holy_orders1-703x201

‘ആ അറിയിപ്പ് എനിക്കുള്ള ഒരു വിളിയായാണ് തോന്നിയത്.ഭാര്യയോടും മക്കളോടും അനുവാദം ചോദിച്ചപ്പോള്‍ അവര്‍ക്ക് പൊന്നു മനസ്.നല്ലൊരു കാര്യത്തിന് പോകുമ്പോള്‍ എന്തിനു തടയണം?’കുഞ്ഞു നാളില്‍ മുതലേയുള്ള ആഗ്രഹം സഫലമാകുന്നതായി ഒരു തോന്നലുണ്ടായി.ഡോക്റ്റര്‍ ലാസറസ് പറഞ്ഞു.
അപേക്ഷ സമര്‍പ്പിച്ചവര്‍ ഏറെയുണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു പേര്‍ മാത്രം.അതില്‍ ഒരാള്‍ ഡോ.ലാസറസ് ആയിരുന്നു.
ഡീക്കന്‍ പട്ടത്തിന്റെ ചരിത്ര മുഖം 
പുരാതന കാലം മുതല്‍ സഭയിലെ പുരോഹിത ഗണത്തില്‍ ഉള്‍പ്പെട്ടു ശിശ്രൂഷ നടത്തിവരുന്നവരാണ് ഡീക്കന്‍മാര്‍.പുരോഹിത പദവിയ്ക്ക് തൊട്ടു മുമ്പിലുള്ള പദവിയാണ് ഡീക്കന്‍ പദവി.ഡീക്കന്‍മാര്‍ രണ്ടു തരത്തില്‍ ഉള്ളവരുണ്ട്.ഇവയില്‍ ഒരു വിഭാഗം ഡീക്കന്‍ പദവിയ്ക്ക് ശേഷം പുരോഹിതനായി നിയമിക്കപ്പെടും.പെര്‍മനന്റ് ഡീക്കന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാവട്ടെ വിവാഹിതരായ അത്മായര്‍ക്കും കരഗതമാക്കാവുന്ന സ്ഥാനമാണ്.സെന്റ് ഫ്രാന്‍സീസ് അസീസി,സെന്റ് എഫ്രേം ,തുടങ്ങിയ സഭാ പിതാക്കന്മാരൊക്കെ പെര്‍മനന്റ് ഡീക്കന്‍മാര്‍ ആയിരുന്നു.വൈദീകര്‍ ആയിരുന്നില്ല !

ഇടക്കാലത്ത് പെര്‍മനന്റ് ഡീക്കന്‍ പദവി സഭ നിര്‍ത്തലാക്കിയെങ്കിലും രണ്ടാം വത്തിക്കാന്‍ സിനഡിലൂടെ അത് വീണ്ടും പുന;സ്ഥാപിച്ചു.ഡബ്ലിനില്‍ 2012 ല്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനോട് അനുബന്ധിച്ച് 2012 ലാണ് അയര്‍ലണ്ടില്‍ പെര്‍മനന്റ് ഡീക്കന്‍മാരെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയത്.

വിശുദ്ധ കുര്‍ബാന പരികര്‍മ്മം ചെയ്യുക,കുമ്പസാരം കേള്‍ക്കുക എന്നിവയൊഴികെ പുരോഹിതന്‍ ചെയ്യുന്ന ആരാധനപരമായ എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്യാന്‍ ഡീക്കന്‍മാരെ സഭ തിരുപ്പട്ടത്തിലൂടെ ചുമതലപ്പെടുത്തുന്നു.വിശുദ്ധ കുര്‍ബാനയില്‍ സഹ കാര്‍മികത്വം വഹിക്കാനും,മാമോദീസ നല്‍കാനും,വിവാഹം ആശിര്‍വദിക്കാനും,സഭ ഡീക്കന്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.വാഹനങ്ങളും വീടുകളും വെഞ്ചിരിക്കാനും എല്ലാ ആരാധനകള്‍ക്കും നേതൃത്വം കൊടുക്കാനും ഡീക്കന് ഉത്തരവാദിത്വം നല്‍കപ്പെട്ടിട്ടുണ്ട്. 

ഡീക്കന്‍ പട്ടാഭിഷേകത്തില്‍ അര്‍ത്ഥിയെ തിരുപ്പട്ടകൂദാശയ്ക്ക് ഉള്ളിലുള്ള ഒരു സവിശേഷ സേവനത്തിനു നിയമിക്കുന്നു. എന്തെന്നാല്‍ സേവിക്കപ്പെടാനല്ലാതെ, സേവിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും വന്ന ക്രിസ്തുവിന്റെ പ്രതിനിധിയാണയാള്‍. പട്ടാഭിഷേക കര്‍മ്മത്തില്‍ നാം ഇങ്ങനെ വായിക്കുന്നു.’വചനത്തിന്റെ ശുശ്രൂഷകന്‍ എന്ന നിലയില്‍ (ഡീക്കന്‍) തന്നെതന്നെ എല്ലാവരുടെയും സേവകനാക്കും’.
കുടുംബസ്ഥന്‍ വേഴ്‌സസ് ഡീക്കന്‍ സ്ഥാനിയന്‍!

ഡോ.ലാസറസും ഭാര്യ സീനയും

ഡോ.ലാസറസും ഭാര്യ സീനയും

കുടുംബജീവിതക്കാര്‍ ഡീക്കന്‍ സ്ഥാനം ഏറ്റെടുക്കുന്നത് അയര്‍ലണ്ടില്‍ അപൂവമാണെങ്കിലും മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോള്‍ സാധാരണ സംഭവമായിട്ടുണ്ട്.അമേരിക്കയില്‍ മാത്രം 20,000 പെര്‍മനന്റ് ഡീക്കന്‍മാര്‍ ഉണ്ടെന്നറിയുമ്പോഴാണ് സഭയ്ക്ക് ഇവരുടെ സേവനം എത്രയോ അനിവാര്യമാണ് എന്ന് മനസിലാക്കേണ്ടത്.

സാധാരണ ജോലികളോടൊപ്പം പ്രതിഫലം വാങ്ങാതെ തികച്ചും സൗജന്യ സേവനമാണ് ഡീക്കന്‍മാര്‍ ചെയ്യുന്നത്.സഭയോടും മിശിഹായോടും ഒപ്പം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കുള്ള സമയം വീണ്ടും നഷ്ട്ടപ്പെടുമെന്ന് ഉറപ്പാണ്.ഭാര്യ സീനയ്ക്കും അതില്‍ പരിഭവമില്ല!.മൂന്നു മക്കളാണ് ഡോ.ലാസറസ് സീനാ ദമ്പതികള്‍ക്ക്.ലിവിംഗ് സെര്‍റ്റ് ഫലം കാത്തിരിക്കുന്ന റൊമോള്‍ഡ്,ജൂനിയര്‍ സെര്‍റ്റ്കാരി സറീന,മൂന്നാം ക്ലാസുകാരി ട്രേസി.

അമ്മയോടും മക്കളോടുമൊപ്പം ഡോ.ലാസറസും സീനയും

അമ്മയോടും മക്കളോടുമൊപ്പം ഡോ.ലാസറസും സീനയും

ഇന്ന്  ക്ലോണ്‍മല്‍ ദേവാലയത്തില്‍ നടക്കുന്ന തിരുപ്പട്ട സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് പ്രാര്‍ഥിച്ചിരുന്ന അമ്മ മാര്‍ഗരറ്റ് ലാസറസിന് അപ്രതീക്ഷിതമായ കാരണങ്ങളാല്‍ ശിശ്രൂഷകളില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരം ഇല്ലെന്ന സങ്കടം മാത്രമേ ഡോ.ലാസറസിന് ബാക്കിയുള്ളൂ.കൊച്ചു നാളില്‍ മകന് ലഭിക്കാതിരുന്ന തിരു അള്‍ത്താരയിലെ അവസരം ഏറെ വൈകിയാണെങ്കിലും ദൈവം അനുവദിച്ചതില്‍ ആ അമ്മയും സന്തോഷവതിയാണ്.

ഇന്ന്  നടക്കുന്ന തിരുപ്പട്ട ശിശ്രൂഷയില്‍ മലയാളികള്‍ അടക്കമുള്ള വന്‍ജനാവലി പങ്കെടുക്കും.തിരുക്കര്‍മ്മങ്ങള്‍ ജോര്‍ഡിസ് ഫിലിംസ്(Jordis Films )ഇന്ന് രാവിലെ 11.45 മുതല്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
-റെജി സി ജേക്കബ്

Scroll To Top