Wednesday December 07, 2016
Latest Updates

ഡോ ബിജുവിന്റെ മകന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

ഡോ ബിജുവിന്റെ മകന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഡോ. ബിജുവിന്റെ മകന്‍ മാസ്റ്റര്‍ ഗോവര്‍ധന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം ലഭിച്ചു. ഇറാനിലെ ഔദ്യോഗിക ചലച്ചിത്രമേളയായ ഫജര്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലാണ് മാസ്റ്റര്‍ ഗോവര്‍ധന് പുരസ്‌കാരം ലഭിച്ചത്.

ആദ്യമായാണ് ഒരു മലയാളിക്ക് ഇത്തരമൊരു പുരസ്‌കാരം ലഭിക്കുന്നത്. ടെഹ്‌റാനില്‍ നടന്ന ചലചിത്രമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 15 ഓളം ചിത്രങ്ങളിലെ മികച്ച നടന്‍മാരെ പിന്നിലാക്കിയാണ് ഈ വിജയം ഗോവര്‍ധന്‍ സ്വന്തമാക്കിയത്. ഡോ ബിജു സംവിധാനംചെയ്ത പേരറിയാത്തവര്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ദേശീയ ചലചിത്ര മേളയിലും ചിത്രം ശ്രദ്ധേയ പ്രകടനം കാഴ്ച്ച വച്ചിരുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ മകന്റെ വേഷമാണ് ഗോവര്‍ധന്‍ കൈകാര്യം ചെയ്തത്.

അഭിനയരംഗത്തേക്ക് അഞ്ചാമത്തെ വയസില്‍ അച്ഛന്‍ തന്നെയാണ് ഗോവര്‍ധനെ കൈപിടിച്ച് കയറ്റിയത്. വീട്ടിലേക്കുള്ള വഴി എന്നചിത്രത്തിലായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ആകാശത്തിന്റെ നിറം, പേരറിയാത്തവര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കുട്ടികളുടെ കഥപറയുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

ഡോക്ടര്‍ ബിജു തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച പേരറിയാത്തവര്‍ക്ക് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും, ചിത്രത്തിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

Scroll To Top