Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ മരണപ്പെട്ട ഡോ.ബാലേന്ദ്രന്റെ സംസ്‌കാരം സ്വകാര്യമായി നടത്താന്‍ സഹകരിക്കണമെന്ന് ബന്ധുക്കള്‍

ഡബ്ലിനില്‍ മരണപ്പെട്ട ഡോ.ബാലേന്ദ്രന്റെ സംസ്‌കാരം സ്വകാര്യമായി നടത്താന്‍ സഹകരിക്കണമെന്ന് ബന്ധുക്കള്‍

ഡബ്ലിന്‍:ഡബ്ലിനില്‍ മാര്‍ച്ച് മാസം 12 ന് നിര്യാതനായ ബാലേന്ദ്രന്‍ വേലായുധന്‍ എന്ന മലയാളി ഡോക്റ്ററുടെ സംസ്‌കാരം സ്വകാര്യചടങ്ങായി നടത്തുമെന്ന് പരേതന്റെ.കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.നാളെയോ മറ്റന്നാളോ ഡബ്ലിനില്‍ തന്നെയാണ് സംസ്‌കാരം നടത്തുക.ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ബാലേന്ദ്രന്റെ കുടുംബാംഗങ്ങള്‍ എത്തുന്ന മുറയ്ക്ക് നാളെ തന്നെയാണ് സംസ്‌കാരം നടത്താന്‍ സാധ്യത.ഫ്യൂണറല്‍ ഡയറക്ട്ടറിയിലും ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരേതനായ പി കെ വേലായുധന്റെയും,സാവിത്രി വേലായുധന്റെയും മകനായ ബാലേന്ദ്രന്‍ അപ്രതീക്ഷിതമായി അന്തരിച്ചു എന്നാണ് ചരമ അറിയിപ്പില്‍ പറയുന്നത്.അദ്ദേഹത്തിന്റെ സഹോദരങ്ങളായ മഹാദേവന്‍,മാധവേന്ദ്രന്‍,വേണു വേലായുധന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ബാലേന്ദ്രന്റെ ഭൗതികദേഹം ശവമഞ്ചത്തില്‍ നിന്നും പുറത്തെടുക്കാന്‍ ആവാനാവാത്ത വിധമുള്ള അവസ്ഥയില്‍ ആയെന്ന് ഗാര്‍ഡ അറിയിച്ചതായി ഇന്ത്യന്‍ സമൂഹത്തിലെ ഏതാനം പേരെയും,എംബസിയേയും ബാലേന്ദ്രന്റെ കുടുംബാംഗങ്ങള്‍ സന്ദേശം മുഖേനെ അറിയിക്കുകയായിരുന്നു.മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചവരെയും അതിനായുള്ള മറ്റു സേവനങ്ങള്‍ ചെയ്തവരെയുംനന്ദിയോടെ അനുസ്മരിച്ചിട്ടുള്ള സന്ദേശത്തില്‍ മറ്റു സംഘടനകളോ പൊതുജനങ്ങളോ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതിനായി സംസ്‌കാരത്തിന് പരമാവധി സ്വകാര്യസ്വഭാവം നല്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.ബാലേന്ദ്രന്റെ നിര്യാണത്തില്‍ ദുരൂഹതയുണ്ട് എന്നറിയിച്ച് ‘ഐറിഷ് മലയാളി’യില്‍ മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആവശ്യമില്ലാത്ത നിരവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കുടുംബത്തിന്റെ പേരില്‍ ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

അജ്ഞാത നിലയില്‍ കാണപ്പെട്ട ഇന്ത്യാക്കാരന്റെ മൃതദേഹം ആരുടെതാണ് എന്ന് കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ തിരച്ചില്‍ നടത്തിയ ശേഷമാണ് ഇദ്ദേഹം മലയാളിയാണ് എന്ന് തിരിച്ചറിഞ്ഞത്.മലയാളി സംഘടനകളും നിരവധി വ്യക്തികളും ഇതിനായി പ്രയത്‌നീച്ചിരുന്നു.ബാലേന്ദ്രന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണം,മരണകാരണം അന്വേഷിക്കണം എന്നി ആവശ്യങ്ങളോടെ സംഘടനകള്‍ നീതിന്യായ മന്ത്രിയെ സമീപിക്കുകയും ചെയ്തു,മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

മൃതദേഹം തിരിച്ചറിഞ്ഞതോടെ കാമ്പയിന് നേതൃത്വം കൊടുത്തിരുന്ന ഒരു വ്യക്തി കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് സംസ്‌ക്കാരത്തിനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടുക.

എന്നാല്‍ മോര്‍ച്ചറിയില്‍ എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന ഭൗതികദേഹം പുറത്തെടുക്കാന്‍ ആവില്ലെന്ന നിലപാടോടെ ബാലേന്ദ്രന്റെ മരണത്തെ സംബന്ധിച്ച ഒരു പുനരന്വേഷണവും നടക്കില്ലെന്നും ഉറപ്പായിരിക്കുകയാണ്.ഒരു പതിറ്റാണ്ടോളം അജ്ഞാതനായി അയര്‍ലണ്ടില്‍ ജീവിച്ച ഡോ. ബാലേന്ദ്രന്റെ അന്ത്യയാത്രയും അതീവ രഹസ്യമായി നടത്തുന്നതോടെ ദുരൂഹതകള്‍ വീണ്ടും ഉണരൂമെങ്കിലും ബാലേന്ദ്രന്റെ കുടുംബത്തിന്റെ അഭിലാഷം സാധ്യമാക്കുകയാണ് പരമപ്രധാനം എന്നതിനാല്‍ അതിനുള്ള സഹകരണം നല്‍കാനുള്ള തീരുമാനത്തിലാണ് അയര്‍ലണ്ടിലെ മലയാളികള്‍.

കുറിപ്പ്:ബാലേന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന ഒരു റിപ്പോര്‍ട്ട് ഐറിഷ് മലയാളി മുമ്പ് പ്രസിദ്ധീകരിച്ചത് ഗാര്‍ഡ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലും,സാഹചര്യ തെളിവുകളുടെ വെളിച്ചത്തിലുമാണ്.ആ റിപ്പോര്‍ട്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.(പത്രാധിപര്‍,ഐറിഷ് മലയാളി)

Scroll To Top