Saturday December 10, 2016
Latest Updates

ഡബ്ലിനിലെ ഡോ.ബാലേന്ദ്രന്റെ മരണം:നിഗൂഢതകള്‍ നീങ്ങുന്നില്ല,സംസ്‌കാരം അടുത്തയാഴ്ച്ച അവസാനം ഉണ്ടായേക്കും

ഡബ്ലിനിലെ ഡോ.ബാലേന്ദ്രന്റെ മരണം:നിഗൂഢതകള്‍ നീങ്ങുന്നില്ല,സംസ്‌കാരം അടുത്തയാഴ്ച്ച അവസാനം ഉണ്ടായേക്കും

Photo:ഉഷേഴ്സ്  ക്വീ  അപ്പാര്‍ട്ട്മെന്റ്റ്

ഡബ്ലിന്‍:ഡബ്ലിനില്‍ മരണപ്പെട്ട മലയാളി ബാലേന്ദ്രന്‍ വേലായുധന്റെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴും അദ്ദേഹത്തിന്റെ മരണകാരണം ദുരൂഹമായി തുടരുന്നു.സംശയാസ്പദമായ സാഹചര്യങ്ങളിലാണ് ബാലേന്ദ്രന്‍ മരിച്ചത് എന്നത് സംബന്ധിച്ച സൂചനകള്‍ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്.

ഡോ.ബാലേന്ദ്രന്റെ സംസ്‌കാരം അടുത്ത വാരാന്ത്യത്തോടെ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് തിരുവനന്തപുരത്തെ ബന്ധുക്കള്‍ അയര്‍ലണ്ടില്‍ നിന്നും അവരെ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.കുടുംബത്തിന് വേണ്ടി സംസ്‌കാരത്തിന്റെ ഉത്തരവാദിത്വം വഹിക്കാനായി പരേതന്റെ ഇംഗ്ലണ്ടിലുള്ള സഹോദരപുത്രി ഡോ.അശ്വനിയെ കുടുംബം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് ഡബ്ലിനില്‍ എത്താനാണ് ബന്ധുക്കള്‍ തയാറെടുക്കുന്നത്.വിശ്വാസപരമായ ആചാരക്രമങ്ങള്‍ അനുസരിച്ചാവും സംസ്‌കാരം.വിവിധ ഇന്ത്യന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ഡോ.ബാലേന്ദ്രന്‍ ഏതു സാഹചര്യത്തിലാണ് അയര്‍ലണ്ടില്‍ എത്തിയത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല എന്നാണ് ഗാര്‍ഡ പറയുന്നത്.1993ല്‍ കേരളം വിട്ട ബാലേന്ദ്രന്‍ അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ്,മേയോ ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു കേസ് അന്വേഷിക്കുന്ന ഗാര്‍ഡ ‘ഐറിഷ് മലയാളിയോട്’പറഞ്ഞു. 1995 രജിസ്‌ട്രേഷന്‍ ഉള്ള പഴയ വാഹനമാണ് അവസാനം വരെ അദ്ദേഹം ഉപയോഗിച്ചിരുന്നത്.1995 ല്‍ ഇദ്ദേഹം മേയോ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായതായുള്ള സോഷ്യല്‍ സര്‍വീസ് രേഖകളും ഗാര്‍ഡയ്ക്ക് ലഭിച്ചു.

2004 വരെ കേരളത്തിലെ ബന്ധുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡോ.ബാലേന്ദ്രന്‍ പിന്നിട് ഫോണ്‍ വിളിച്ചാല്‍ പോലും അപൂര്‍വമായേ പ്രതീകരിക്കാറുള്ളായിരുന്നുവെന്ന് തിരുവനന്തപുരത്തെ ബന്ധുക്കള്‍ ഓര്‍ക്കുന്നു.എന്നാല്‍ കാലിഫോര്‍ണിയയിലെ സഹോദരന്റെ മക്കളുമായി ബാലേന്ദ്രന്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.ഫോണില്‍ നിന്നും ലഭ്യമായ കോണ്ടാക്റ്റ് വിവരങ്ങള്‍ പ്രകാരം ബാലേന്ദ്രന്‍ മരിച്ച വിവരം ഇവരെ നേരത്തേ തന്നെ അറിയിച്ചിരുന്നതായി ഗാര്‍ഡ സ്ഥിരീകരിക്കുന്നുണ്ട്.

അതേസമയം ബാലേന്ദ്രന്റെ മരണകാരണം സംബന്ധിച്ചു ഇപ്പോഴും അവ്യക്തത നിലനില്ക്കുകയാണ്.ഗാര്‍ഡ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചെങ്കിലും വിശദവിവരങ്ങള്‍ അവര്‍ക്ക് നല്കിയില്ല.ഹൃദയ സ്തംഭനമാണ് കാരണം എന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയെന്ന് ഗാര്‍ഡ പറയുമ്പോഴും ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യം സംശയമുണര്‍ത്തുന്നതാണ്.

മാര്‍ച്ച് 12 ന് വൈകിട്ട് 7 മണിയോടെ സെന്റ് അഗസ്റ്റിന്‍ സ്ട്രീറ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു എന്നാണ് ഗാര്‍ഡയുടെ ഭാഷ്യം.എന്നാല്‍ സെന്റ് അഗസ്റ്റിന്‍ സ്ട്രീറ്റ് എന്ന് പറയുമ്പോഴും ബാലേന്ദ്രന്‍ കെയര്‍ ടേക്കര്‍ ആയിരുന്ന അപ്പാര്‍റ്റ്‌മെന്റിന്റെ കോംപൌണ്ടില്‍ തന്നെയാണ് അദ്ദേഹത്തെ കാറിനുള്ളില്‍ കണ്ടെത്തിയത് എന്നാണ് ‘ഐറിഷ് മലയാളി’നടത്തിയ അന്വേഷണത്തില്‍ മനസിലായത്.kees 4

ഉഷേഴ്സ് ക്വീ അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റിനുള്ളില്‍ നിന്നുംഇരുപതു മീറ്ററോളം കയറ്റം കയറി സെന്റ് അഗസ്റ്റിന്‍ സ്ട്രീറ്റിലേയ്ക്ക് കടന്ന് വലത്തേയ്ക്ക് തിരിഞ്ഞ് ക്വീസിലേയ്ക്കുള്ള റോഡില്‍ മൂന്നു മീറ്ററോളം പോയി നിര്‍ത്തിയിട്ട അവസ്ഥയിലാണ് കാര്‍ കണ്ടെത്തിയത്.ഈ ഭാഗവും ബാലേന്ദ്രന്‍ ജോലി ചെയ്തിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ വലതുവശത്തെ ഗേറ്റിനോട് ചേര്‍ന്നാണ് ഉള്ളത്.അതായത് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് യാത്ര പുറപ്പെട്ടതെങ്കില്‍ പരമാവധി ഇരുപതു മീറ്ററിനുള്ളില്‍ ബാലേന്ദ്രന് ഹൃദയസ്തംഭനം ഉണ്ടായി എന്ന് കണക്കാക്കേണ്ടി വരും.ബാലേന്ദ്രന്‍ കെയര്‍ ടേക്കര്‍ ആയിരുന്ന ഉഷസ് കീ അപ്പാര്‍ട്ട്‌മെന്റിന്റ്‌റ്റെ ഭിത്തിയിലാണ് സെന്റ് അഗസ്റ്റിന്‍ സ്ട്രീറ്റ് എന്ന് രേഖപ്പെടുത്തിയ സിറ്റി കൌണ്‍സില്‍ ഫലകം ഇരിക്കുന്നത്.

ഉഷേഴ്‌സ് ക്വീ അപ്പാര്‍റ്റ്‌മെന്റില്‍ നിന്നും മെയിന്‍ റോഡിലേയ്ക്കുള്ള ദൂരം ഇരുപതു മീറ്ററില്‍ താഴെയാണ്.ഈ സ്ഥലത്താണ് ബാലേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ഉഷേഴ്‌സ് ക്വീ അപ്പാര്‍റ്റ്‌മെന്റില്‍ നിന്നും മെയിന്‍ റോഡിലേയ്ക്കുള്ള ദൂരം ഇരുപതു മീറ്ററില്‍ താഴെയാണ്.ഈ സ്ഥലത്താണ് ബാലേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ബാലേന്ദ്രനെ ഗാര്‍ഡയും ഫയര്‍ ബ്രിഗേഡും ചേര്‍ന്ന് വൈകിട്ട് 7 മണിയ്ക്ക് ശേഷമാണ് കാറിനുള്ളില്‍ കണ്ടെത്തിയത് എന്ന് രേഖകള്‍ വ്യക്തമാക്കുമ്പോഴും 4 മണിയോടെ ഇദ്ദേഹത്തെ കാറില്‍ ഇതേ സ്ഥലത്ത് കണ്ടതായും ആ വിവരം ബാലേന്ദ്രനുമായി അടുത്ത ബന്ധമുള്ള അപ്പാര്‍ട്ട്‌മെന്റ് ഉടമ കൂടിയായ സ്ത്രീയെ അറിയിച്ചിരുന്നതുമായി പരിസരവാസികള്‍ പറയുന്നത് ഗാര്‍ഡയും ശരിവെക്കുന്നുണ്ട്.ബാലേന്ദ്രന്‍ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ തല ചായ്ച്ച് ഉറങ്ങുകയാണ് എന്ന ധാരണയിലാണ് ഇവരെല്ലാം എത്തിയത്രേ. ഇവരുടെ ധാരണ ശരിയായിരിക്കാമെന്ന നിലപാടാണ് ഗാര്‍ഡയ്ക്കും!

നിര്‍ത്തിയിട്ട ഒരു വാഹനത്തില്‍ ഒരാള്‍ സംശയാസ്പദമായി ഇരിക്കുന്നതായി ഇതേ സ്ത്രീ തന്നെയാണ് ഫയര്‍ ബ്രിഗേഡിനെ വിളിച്ചറിയിച്ചതായി ഗാര്‍ഡ പറയുന്നത്.ഗാര്‍ഡയും ഉടന്‍ സ്ഥലത്തെത്തി ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുകയായിരുന്നു.കാറിലുള്ളയാള്‍ ഒരു ഡോക്റ്റര്‍ ആണെന്ന് സ്ത്രീ പറഞ്ഞെങ്കിലും പരിചയം ഉണ്ടെന്നു സമ്മതിക്കുകയോ ചെയ്തില്ല.

ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് മരണസ്ഥലത്തുനിന്നും വെറും 500 മീറ്റര്‍ അകലെ ലിഫിയ്ക്ക് എതിര്‍കരയിലുള്ള ആരന്‍ ക്വീയിലെ ബാലേന്ദ്രന്റെ മേല്‍വിലാസത്തില്‍ അന്വേഷിക്കാന്‍ പിന്നീട് എത്തിയ ഗാര്‍ഡ അവിടെയും കണ്ടത് ഇതേ സ്ത്രീയെ തന്നെ ആയിരുന്നു.ബാലേന്ദ്രനെ സംബന്ധിച്ച രേഖകള്‍ ഒന്നും അവിടെ ഇല്ലെന്നു അറിയിച്ച ഇവര്‍ ആ വീട്ടിലെ ഒരു ബെഡ് റൂമിന്റെ താഴ് ഇതിനകം മാറ്റി പിടിപ്പിച്ചിരുന്നു.മാത്രമല്ല ഗാര്‍ഡയെ അപ്പാറ്റ്‌മെന്റിനുള്ളില്‍ കയറാനും അനുവദിച്ചില്ല,

എന്നാല്‍ ജോലി ചെയ്തിരുന്ന ഉഷേഴ്സ് ക്വീ അപ്പാര്‍ട്ട്‌മെന്റില്‍ ഇദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള വീട് ഗാര്‍ഡ പരിശോധിച്ചതായി പറയുന്നില്ല.മാത്രമല്ല ഇവിടെ ഇദ്ദേഹത്തിന്റെ സഹായിയായുണ്ടായിരുന്ന മറ്റൊരു ഇന്ത്യക്കാരനെ ചോദ്യം ചെയ്താലും മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം.

ഏറ്റെടുക്കാന്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബാലേന്ദ്രന്റെ മൃതദേഹം ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് ആചാരപൂര്‍വ്വം അന്തിമകര്‍മ്മങ്ങള്‍ നടത്തിയാലും.അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലുള്ള ദുരൂഹതകള്‍ കണ്ടെത്താന്‍ കഴിയാത്തിടത്തോളം ആ ഇന്ത്യാക്കാരനോടുള്ള നീതി ചെയ്തുവെന്ന് ഇന്ത്യന്‍ സമൂഹത്തിന് അവകാശപ്പെടാന്‍ ആവില്ല.ആന്തരീക അവയവങ്ങള്‍ നീക്കം ചെയ്‌തെങ്കിലും ഒരു റീ പോസ്റ്റ്‌മോര്‍ട്ടത്തിനോ,കൂടുതല്‍ പരിശോധനകള്‍ക്കോ വഴി തുറന്നാല്‍ ബാലേന്ദ്രന്റെ മരണത്തിന് പിന്നിലുള്ള കാരണം മറ്റൊന്നായേക്കാം.നിലവില്‍ ലഭ്യമായ വിവരങ്ങള്‍ ഒരു കൊറോണറുടെ മുമ്പില്‍ പരിശോധനയ്ക്ക് എത്തിച്ചാലും കാര്യമായ പ്രയോജനം ഉണ്ടാവില്ല തന്നെ.

ഇന്ത്യന്‍ എംബസിയും സംഘടനകളും ബാലേന്ദ്രന്റെ സംസ്‌കാരത്തിന് മുമ്പേ അത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത് ഉചിതമായിരിക്കും.(സംഘടനകള്‍ ആദ്യം നല്കിയ നിവേദനത്തില്‍ മരണകാരണം അന്വേഷിക്കണം എന്നുണ്ടെങ്കിലും മൃതശരീരം വിട്ടു കിട്ടാനും,സംസ്‌കാരം നടത്താനും അനാവശ്യമായ തിരക്ക് ചിലരെങ്കിലും പ്രകടിപ്പിക്കുന്നത് ഔചിത്യപൂര്‍വ്വമല്ല എന്നും ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു.)

ഒരു മൃതശരീരം തിരിച്ചറിയാനോ ബന്ധുക്കളെ അറിയിക്കാനോ ഒരുമാസത്തിന് ശേഷം മാത്രമാണ് ഗാര്‍ഡയ്ക്ക് ആയതെന്ന് വിശ്വസിക്കത്തക്ക വിധം മൌഡ്യം ഇന്ത്യന്‍ സമൂഹത്തിന് ഉണ്ടെന്ന് അയര്‍ലണ്ടിലെ അധികാരവര്‍ഗം കരുതുന്നത് ഇവിടെ താമസിക്കുകയും ഈ സമൂഹത്തിലേയ്ക്ക് ഗണ്യമായ സംഭാവന നല്കുകകയും ചെയ്യുന്ന എല്ലാവര്‍ക്കും അപമാനകരം തന്നെയെന്ന് പറയാതെ വയ്യ!സ്വന്തമായി അഡ്രസും,ബാങ്ക് അക്കൌണ്ടും,ഇന്‍ഷുറന്‍സും,ഡ്രൈവിംഗ് ലൈസന്‍സും,പി പി എസ് നമ്പറും ഒക്കെയുണ്ടായിരുന്ന ഒരു ഇന്ത്യാക്കാരനെ തിരിച്ചറിയാനാണ് അവര്‍ ഒരു മാസം സമയമെടുത്തത്.

ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാവുന്ന ഇത്തരം തെറ്റുകള്‍ക്കെതിരെ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതില്ലെങ്കില്‍,ഒരു ഇന്ത്യാക്കാരന്റെ ദുരൂഹമായ മരണകാരണങ്ങള്‍ ആര്‍ക്കും വ്യക്തമാക്കാതെ എത്രയും വേഗം മറക്കപ്പെടെണ്ടതാണെങ്കില്‍ ഒരു കുടിയേറ്റസമൂഹത്തിന്റെ നിലനില്പ്പിനുള്ള മരണമണിയാവും ഇത്തരം ദുരന്തങ്ങള്‍ വഴി തുറക്കുന്നത്.

വിദേശത്ത് വെച്ച് മരിക്കുന്ന ഇന്ത്യക്കാരന്റെ മൃതശരീരത്തിനു പോലും നല്‌കേണ്ട ആദരവ് പോലും ഡോ.ബാലേന്ദ്രന് ഐറിഷ് അധികാരികള്‍ നല്കിയില്ല എന്നതിനാല്‍ പ്രതിഷേധം അറിയിക്കാനുള്ള ബാധ്യത നിറവേറ്റിയില്ലെങ്കില്‍ ഇന്ത്യന്‍ സമൂഹവും സംഘടനകളും എംബസിയും നല്കുന്നത് തെറ്റായ സന്ദേശം ആയിരിക്കും.

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ

Scroll To Top