Tuesday December 06, 2016
Latest Updates

മുരളിക നിലച്ചു,പെയ്‌തൊഴിഞ്ഞത് ദക്ഷിണേന്ത്യയെ കീഴടക്കിയ സംഗീതമഴ

മുരളിക നിലച്ചു,പെയ്‌തൊഴിഞ്ഞത് ദക്ഷിണേന്ത്യയെ  കീഴടക്കിയ സംഗീതമഴ

ചെന്നൈ: വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീ കൃഷ്ണ അന്തരിച്ചു. 86 വയസ്സായിരുന്നു.
ദീര്‍ഘകാലമായി മറവി രോഗത്തിന്റെ പിടിയിലായിരുന്നു. ചെന്നൈയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം.

പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഡോ. ബാലമുരളീകൃഷ്ണയെ ആദരിച്ചിട്ടുണ്ട്.

പുല്ലാങ്കുഴല്‍, വീണ, മൃദംഗം, വയോള, വയലിന്‍ തുടങ്ങി എട്ട് സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

രണ്ടു പതിറ്റാണ്ടോളം ദക്ഷിണേന്ത്യയിലെ റേഡിയോ നിലയങ്ങളില്‍ രാവിലെയും വൈകിട്ടും രാത്രിയും കര്‍ണാടക സംഗീതത്തോടൊപ്പം ചേര്‍ന്ന് കേട്ട ഒരു പേര് മാത്രാമായിരുന്നില്ല ഡോ,ബാലമുരളീ കൃഷ്ണ.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം ഗ്രാമത്തിലാണ് ബാലമുരളീകൃഷ്ണ ജനിച്ചത്. സംഗീതം പാരമ്പര്യമായി ലഭിച്ച കുടുംബത്തില്‍ ആന്ധ്രയിലായിരുന്നു ജനനം, ത്യാഗരാജഗുരുവിന്റെ പിന്മുറക്കാരന്‍ എന്നൊക്കെ വേണമെങ്കില്‍ ക്ലേശമില്ലാതെ പറഞ്ഞു തുടങ്ങാം. എങ്കിലും പിന്നങ്ങോട്ട് വിസ്മയങ്ങളുടെ രാഗ വിസ്താരമാണ്.

എട്ടാം വയസ്സില്‍ ആദ്യ സംഗീത കച്ചേരി. അമ്മ വീണാവാദനത്തില്‍ വിദുഷി, അച്ഛന്‍ സംഗീത വിദ്വാന്‍. ഇടയില്‍ കര്‍ണാടക സംഗീതത്തില്‍ കടലിരമ്പമായി ബാലമുരളീകൃഷ്ണ. പതിനഞ്ചാം വയസ്സില്‍ 72 മേളകര്‍ത്താ രാഗങ്ങള്‍ സ്വായത്തമാക്കിയ മഹാ പ്രതിഭ.

കുട്ടിക്കാലത്തു തന്നെ അമ്മ മരിച്ച ബാലമുരളീകൃഷ്ണയെ സംഗീത ലോകത്തെത്തിച്ചത് ഓടക്കുഴല്‍, വയലിന്‍, വീണ എന്നിവയില്‍ വിദ്വാനായിരുന്ന അച്ഛനായിരുന്നു. എട്ടാം വയസില്‍ വിജയവാഡയിലാണ് സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ആലാപനം, അഭിനയം, സംഗീത സംവിധാനം. അറിഞ്ഞതില്‍ എല്ലാം അത്ഭുതങ്ങള്‍ വിളയിച്ച രാഗ ലാവണ്യം.

സിനിമാസംഗീതത്തില്‍ തുറന്നിട്ട തനത് വഴിയില്‍ ബാലമുരളീകൃഷ്ണക്ക് സമകാലികര്‍ ഇല്ല. മികച്ച പിന്നണി ഗായകന്‍, സംഗീത സംവിധായകന്‍, പിന്നണി സംഗീതം എന്നിവയില്‍ ദേശീയ പുരസ്‌ക്കാരം നേടിയ ഏക കര്‍ണാടക സംഗീതജ്ഞന്‍ കൂടിയായ ബാലമുരളീകൃഷ്ണയെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചു.

1957ല്‍ തെലുങ്ക് സിനിമയായ സതി സാവിത്രിയില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ഗായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, സ്വാതി തിരുനാള്‍, ഭരതം എന്നീ മലയാള സിനിമകള്‍ക്കും പിന്നണി പാടി.

സ്വാതി തിരുനാളിലെ ആലാപനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

ബാലമുരളീകൃഷ്ണയുടെ അന്ത്യം സംഗീതലോകത്തിന് ഒരു കാലത്തും നികത്താനാവാത്ത നഷ്ടം എന്നു തന്നെ പറയേണ്ടിവരും.

86-ാം വയസ്സില്‍ തിരിച്ചുവരവില്ലാത്ത മരണത്തിന്റെ മറ്റൊരു രാഗമായി പരിണമിക്കുകയാണ് ബാലമുരളീകൃഷ്ണ. ഇല്ല, രാഗങ്ങളുടെ ചക്രവര്‍ത്തിക്ക് മരണമില്ല.

Scroll To Top