Monday January 23, 2017
Latest Updates

അയര്‍ലണ്ടിലെ ജോലിഭാരം മടുത്ത് ഡോക്റ്റര്‍മാര്‍ നാട് വിടുന്നു,അടുത്ത ഊഴം നഴ്സുമാരുടെയോ ?

അയര്‍ലണ്ടിലെ ജോലിഭാരം മടുത്ത് ഡോക്റ്റര്‍മാര്‍ നാട് വിടുന്നു,അടുത്ത ഊഴം നഴ്സുമാരുടെയോ ?

ഡബ്ലിന്‍:രാജ്യത്തെ ജോലി ഭാരത്തില്‍ മനംമടുത്ത് മറ്റ് നാടുകളിലേയ്ക്ക് ജോലിയന്വേഷിച്ചു പോകുന്ന ട്രെയിനീ ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതുമൂലം ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ദ്ധിച്ചിരിക്കുകയാണ്. ഓസ്ട്രേലിയ, യുകെ, കാനഡ എന്നിവിടങ്ങളാണ് കുടിയേറ്റത്തിനായി മിക്ക ഡോക്ടര്‍മാരും തെരഞ്ഞെടുക്കുന്നത്. 2015ല്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അതേസമയം അയര്‍ലണ്ടില്‍ത്തന്നെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ട്രെയിനീ ഡോക്ടര്‍മാരില്‍ 58% ഇവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. 2014നെ അപേക്ഷിച്ച് 4% വര്‍ദ്ധനവ്. ഭാവിയില്‍ സ്ഥിതിഗതികള്‍ അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ അഞ്ചില്‍ ഒന്ന് ട്രെയിനികളും മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്.

ഡോക്ടര്‍മാര്‍ അയര്‍ലണ്ട് വിടാനുള്ള കാരണങ്ങള്‍ പ്രധാനമായും മൂന്നാണ്: ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത അവസ്ഥ (82%), കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു (75%), കരിയറില്‍ ഉയര്‍ച്ച ഇല്ലാത്ത അവസ്ഥ (72%).

അതേസമയം അയര്‍ലണ്ടിന്റെ ഭാവിയിലെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട ട്രെയിനി ഡോക്ടര്‍മാര്‍ രാജ്യം വിടുന്നതില്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ: ഫ്രെഡി വുഡ് നിരാശ പ്രകടിപ്പിച്ചു.

ആരോഗ്യമേഖലയിലെ ജോലിഭാരവും മറ്റും കാരണം നൂറുകണക്കിന് നഴ്സുമാരും മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ സാധ്യതയുണ്ടെന്ന് ഐ എന്‍ എം ഒ ഭാരവാഹികള്‍ കഴിഞ്ഞ മാസമേ പറഞ്ഞിരുന്നു.അയര്‍ലണ്ടില്‍ ജോലി ഭാരം കൂടുതലാണെങ്കിലും ലോകത്തില്‍ തന്നെ മെച്ചപ്പെട്ട ശമ്പളവ്യവസ്ഥകളിലൊന്നാണ് ഇപ്പോഴും ഇവിടെ നിലവില്‍ ഉള്ളതെന്നതാണ് നഴ്സുമാരെ പിടിച്ചു നിര്‍ത്തുന്ന ഘടകം.ശമ്പള വ്യവസ്ഥകളില്‍ ഉണ്ടാകുമെന്നു കരുതപ്പെടുന്ന വര്‍ദ്ധനവും,അടുത്ത ബജറ്റില്‍ ഉണ്ടായേക്കാവുന്ന നികുതി ഇളവുകളും മാത്രമാണ് നഴ്സുമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് ഐ എന്‍ എം ഒ ഭാരവാഹികള്‍ പറയുന്നു.

Scroll To Top