Monday December 05, 2016
Latest Updates

ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ ഡി എം കെ സുപ്രീം കോടതിയിലേക്ക്; അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ്

ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ ഡി എം കെ സുപ്രീം കോടതിയിലേക്ക്; അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കി ബംഗളൂരു ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി. ഡി.എം.കെ. ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ കക്ഷിചേരാനും അപ്പീല്‍ നല്‍കാനും ഡി.എം.കെ.ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി മുന്‍പ് രണ്ടുതവണ വ്യക്തമാക്കിയതായിരുന്നു. അപ്പീല്‍ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാറിനോടും ഡി.എം.കെ. നേരത്തെ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി. ആചാര്യയും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രവിവര്‍മയും ജയലളിതയ്‌ക്കെതിരെ ആദ്യമായി കേസ് ഫയല്‍ ചെയ്ത സുബ്രഹ്മണ്യം സ്വാമിയും അപ്പീല്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങളും പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് അപ്പീല്‍ നല്‍കാമെന്ന തീരുമാനവുമായി ഡി.എം.കെ മുന്നോട്ടു പോവുന്നതെന്ന് കരുണാനിധി വ്യക്തമാക്കി.

ഡി.എം.കെ. നേരത്തെ നല്‍കിയ അപ്പീലിന്റെ ഫലമായാണ് ജയലളിതയുടെ കേസ് തമിഴ്‌നാട്ടില്‍നിന്ന് ബംഗളൂരു പ്രത്യേകകോടതിയിലേക്ക് മാറ്റിയിരുന്നത്. അതിനിടെ, അപ്പീല്‍ നടപടികളുമായി മുന്നോട്ടു പോകരുതെന്ന ആവശ്യവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയത് ശ്രദ്ധേയമായി. കേസില്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് നേരത്തേ കോടതിയില്‍ അറിയിച്ചതിനാല്‍ ഇനി അപ്പീല്‍ നല്‍കിയാല്‍ അത് കോടതിയലക്ഷ്യമാവുമെന്നാണ് നേതാക്കളുടെ വാദം.

 

Scroll To Top