Wednesday December 07, 2016
Latest Updates

മഹാബലിപുത്രിയുടെ നവകഥ,കഥകളിയായി അവതരിപ്പിച്ച് ദിയാ ലിങ്ക്‌വിന്‍സ്റ്റാര്‍(വീഡിയോ)

മഹാബലിപുത്രിയുടെ നവകഥ,കഥകളിയായി അവതരിപ്പിച്ച് ദിയാ ലിങ്ക്‌വിന്‍സ്റ്റാര്‍(വീഡിയോ)

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രശസ്ത നര്‍ത്തകി ദിയ ലിങ്ക്‌വിന്‍സ്റ്റാര്‍ ഈ ഓണക്കാലത്ത് സന്തോഷത്തിലാണ്.കേരളത്തിലെ നടനകലയുടെ ആസ്ഥാനമായ കേരള കലാമണ്ഡലത്തില്‍ കഥകളി അവതരിപ്പിക്കാനുള്ള അസുലഭ അവസരം ലഭ്യമായതിന്റെ ആഹ്ലാദത്തിലാണ് ഈ കൊച്ചു കലാകാരി.
പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ശിഷ്യനായ ആര്‍ എല്‍ വി ഗോപിമാസ്റ്ററുടെ ശിക്ഷണത്തിലാണ് കേരള കലാകേന്ദ്രത്തില്‍ ദിയ കഥകളി അവതരിപ്പിച്ചത്. കലാമണ്ഡലം ബാലചന്ദ്രന്‍ പാടിയപ്പോള്‍ കലാമണ്ഡലം ഹരിദാസ് അങ്ങാടിപ്പുറം മദ്ദളത്തിലും കലാമണ്ഡലം രാജേഷ് ചെണ്ടയ്ക്കും നേതൃത്വം നല്‍കി. കലാനിലയം ബിജോയാണ് വേഷവിതാനം ചെയ്തത്.

അശ്വതി തിരുനാള്‍ തമ്പുരാന്‍ രചിച്ച പൂതനാമോക്ഷമാണ് ദിയ അവതരിപ്പിച്ചത്.

ഓണവുമായി പൂതനയ്ക്കുള്ള ബന്ധം പുരാണഗന്ധിയാണ്.പൂര്‍വ്വ ജന്മത്തില്‍ അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെപുത്രിയായ രത്‌നമാലയായിരുന്നു പൂതന. അവതാരോദ്ദേശം നിര്‍വ്വഹിക്കുവാനായി വാമനന്‍ മഹാബലിയുടെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ ബലിക്കൊപ്പം രത്‌നമാലയും എത്തിയിരുന്നു. സുന്ദരനായ ബാലനെ കണ്ടപ്പോള്‍ അവള്‍ക്ക് ഇങ്ങനെയൊരു പുത്രന് മുലയൂട്ടുവാന്‍ ആഗ്രഹം തോന്നി. രത്‌നമാലയുടെ മനോഗതം മനസ്സിലാക്കിയ വാമനരൂപിയായ മഹാവിഷ്ണു ദ്വാപരയുഗത്തില്‍ ആഗ്രഹനിവൃത്തി സാധ്യമാകുമെന്ന് അവളെ അനുഗ്രഹിക്കുന്നു.

ദ്വാപര യുഗത്തില്‍ കൃഷ്ണാവതാരത്തെ ഭയപ്പെട്ട് അമ്മാവനായ കംസന്‍ ഗ്രാമനഗരങ്ങളിലുള്ള എല്ലാ ശിശുക്കളേയും കൊല്ലുവാനായി പ്രലംബ ധേനുക ബകാദികളായ തന്റെ കിങ്കരന്മാരെ കല്‍പ്പിച്ചയയ്ക്കുന്നു. തുടര്‍ന്ന് ശിശുക്കളെ വധിക്കുവാനായി ബകസഹോദരിയായ പൂതനയെന്ന രാക്ഷസിയേയും കംസന്‍ നിയോഗിക്കുന്നു.

ഓരോരോ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ശിശുക്കളെ വധിച്ചുകൊണ്ട് വൃന്ദാവനത്തിലെത്തുന്ന പൂതന ഗോവര്‍ദ്ധനപര്‍വ്വതം കണ്ട് വിസ്മയപ്പെടുന്നു. നന്ദഗോപന്റെ കുട്ടിയെ കൊല്ലുവാനായി സുന്ദരീരൂപം ധരിച്ച് പൂതന അമ്പാടിയിലെത്തുന്നു.അമ്പാടിയിലെ കാഴ്ച്ചകള്‍ കണ്ട് സഞ്ചരിച്ച് നന്ദഭവനത്തിലെത്തുന്ന പൂതന ആ നന്ദകുമാരനെ കണ്ടാസ്വദിച്ചശേഷം ആരുംകാണാതെ എടുത്ത് വിഷം പുരട്ടിയ മുലകൊടുത്ത് കൊല്ലുവാന്‍ ശ്രമിക്കുന്നു. 

ഭഗവാനാകട്ടെ രാക്ഷസിയുടെ പ്രാണവായുക്കളെത്തന്നെ സ്തനദ്വാരത്തിലൂടെ തന്നിലേയ്ക്ക് ആകര്‍ഷിച്ചെടുത്ത് അവള്‍ക്ക് മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ദുസ്സഹമായ വേദനയാല്‍ അലറിക്കൊണ്ട് സ്വന്തം രൂപത്തെ ധരിച്ച് പൂതന ഭവനത്തിനുപുറത്തേയ്ക്കുവന്ന് ചത്തുവീഴുന്നു. ഗോപന്മാരും ഗോപികളും ഈ കാഴ്ച്ചകണ്ട് ഭയപ്പെട്ട് ഓടിക്കൂടുന്നു. ചത്തുമലച്ച രാക്ഷസിയുടെ ദേഹത്തില്‍ ചവുട്ടികയറി ഗോപന്മാര്‍ അവളുടെ മാറത്ത് തെല്ലും ഭയമില്ലാതെ കളിച്ചുകിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നു. അനന്തരം അമ്പാടിയിലെത്തുന്ന തങ്ങളുടെ ആചാര്യനായ ഗര്‍ഗ്ഗമുനിയെക്കൊണ്ട് നന്ദഗോപന്‍ ശിശുവിന് നാമകരണക്രിയ ചെയ്യിക്കുന്നതോടെ ആട്ടക്കഥ പൂര്‍ണ്ണമാകുന്നു.


Scroll To Top