Tuesday December 06, 2016
Latest Updates

ദിലീപും കാവ്യാ മാധവനും വിവാഹിതരായി,പറഞ്ഞു കേട്ട അഭ്യൂഹങ്ങള്‍ സത്യമായി,സാക്ഷിയായി മീനാക്ഷി

ദിലീപും കാവ്യാ മാധവനും വിവാഹിതരായി,പറഞ്ഞു കേട്ട അഭ്യൂഹങ്ങള്‍ സത്യമായി,സാക്ഷിയായി മീനാക്ഷി

കൊച്ചി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ദീലീപും കാവ്യ മാധവനും കൊച്ചിയില്‍ വിവാഹിതരാകുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹത്തിനു മകളുടെ സമ്മതമുണ്ടെന്ന് ദീലീപ് മാധ്യമങ്ങളോട് പറഞ്ഞു.

മകള്‍ മീനാക്ഷിയുടെ സമ്മതത്തെ തുടര്‍ന്നാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും വിവാഹിതരാവാന്‍ തീരുമാനിച്ചതെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

മകള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യില്ലെന്നു ദിലീപ് നേരത്തേ തന്നെ പറഞ്ഞിരുന്നു. കാവ്യയുമായി മീനാക്ഷി നേരത്തേ തന്നെ നല്ല സൗഹൃദത്തിലാണ്. അതുകൊണ്ടു തന്നെ വിവാഹത്തിന് മീനാക്ഷിയുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

പ്രേക്ഷകരുടെ എല്ലാ പിന്തുണയും അനുഗ്രഹവും വേണമെന്ന് ദിലീപും കാവ്യയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകള്‍ മീനാക്ഷിയുടെ എല്ലാ പിന്തുണയും വിവാഹത്തിന് ഉണ്ടെന്ന് ദിലീപ് പ്രതികരിച്ചു. താന്‍ വിവാഹത്തിന് സമ്മതം നല്‍കിയെന്ന് മീനാക്ഷിയും പ്രതികരിച്ചു.kav1

മലയാള സിനിമയിലെ ഭാഗ്യജോടികളായാണ് ദിലീപും കാവ്യയും അറിയപ്പെടുന്നത്. ഇരുവരുടെയും വിവാഹം ഏറെ നാളായി പറഞ്ഞു കേട്ടിരുന്നതാണ്. അപ്പോഴെല്ലാം ദിലീപും കാവ്യയും വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

മകള്‍ മീനാക്ഷി സമ്മതിച്ചാല്‍ മാത്രമേ ഇനിയൊരു വിവാഹമുള്ളൂ എന്ന് ദിലീപ് പല തവണ പറഞ്ഞിരുന്നു. ഇപ്പോള്‍ മകള്‍ മീനാക്ഷിയുടെ പിന്തുണ ലഭിച്ചതിനാലാണ് വിവാഹമെന്നു ദിലീപ് ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

നടി മഞ്ജുവാര്യരുമായി ദിലീപിന്റെ ആദ്യവിവാഹം. 1998-ലായിരുന്നു ഏറെ ഈ ബന്ധത്തിലെ മകളാണ് മീനാക്ഷി. 2014-ല്‍ ഇവര്‍ സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കുകയും 2015 ജനുവരി 31ന് നിയമപരമായി വേര്‍പിരിയുകയുമായിരുന്നു.

കാവ്യാമാധവനും പ്രവാസിയുമായ നിശാല്‍ ചന്ദ്രയും വിവാഹിതരായത് 2009ലായിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നു വിട്ടുനിന്ന കാവ്യ പിന്നീട് നിശാലുമായി തെറ്റിപ്പിരിഞ്ഞു വിവാഹമോചനം നേടി.

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലാണ് ദിലീപും കാവ്യയും അവസാനമായി ഒരുമിച്ചഭിനയിച്ചത്. 21 സിനിമകളില്‍ ഇവര്‍ ഒരുമിച്ചിട്ടുണ്ട്.

വിവാഹം നടന്ന കൊച്ചിയിലെ ഹോട്ടലില്‍ സിനിമ മേഖലയില്‍ നിന്നും നിരവധി പ്രമുഖരും വന്‍ മാധ്യമപടയും എത്തിയിരുന്നു.

ഞാന്‍ ഇന്ന് ഒരു കല്യാണം കഴിക്കുകയാണ് എന്നറിയിച്ചുകൊണ്ടാണ് ദിലീപ് തന്റെ വിവാഹക്കാര്യം ഫേസ് ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. തന്റെ ജീവിതത്തിലെ വലിയൊരു സംഭവം, വിവാഹം എല്ലാവരെയും അറിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു വിവാഹം കഴിക്കാമെന്ന് തോന്നി. മകള്‍, അമ്മ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരോടും ആലോചിച്ചുറപ്പിച്ചശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞ ആളുതന്നെയാണ് എന്റെ കൂട്ടുകാരി. ഞാന്‍ വേറൊരു വിവാഹം കഴിച്ചാല്‍ ശരിയാകില്ലെന്ന് തോന്നിയിട്ടു തന്നെയാണ്. എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാര്‍ഥനയും സപ്പോര്‍ട്ടും ഉണ്ടാകണം. പിന്നീടുള്ള കാര്യങ്ങള്‍ പുറകെ അറിയിക്കാം.

മറ്റൊരു തരത്തിലും വിവാഹവാര്‍ത്തയെ വളച്ചൊടിക്കരുതെന്നും ദിലീപ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

കലൂര്‍ വേദാന്ത ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും പങ്കെടുത്തു. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.dileep_marriage_251116

മമ്മൂട്ടി, നിര്‍മാതാവും സംവിധായകനുമായി രഞ്ജിത്ത്, സലിംകുമാര്‍, നാദിര്‍ഷ ജനാര്‍ദ്ദനന്‍, നടന്‍ ലാല്‍, ജയറാം, മേനക, ചിപ്പി, തുടങ്ങി നിരവധി പ്രമുഖര്‍ ദമ്പതികള്‍ക്ക് ആശംസനേരാനെത്തി.

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലും മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ദിലീപ്-കാവ്യാ വിവാഹം. രാവിലെ ചടങ്ങിന് എത്താന്‍ അറിയിച്ചിരുന്നെങ്കിലും വിവാഹച്ചടങ്ങാണെന്ന് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അറിഞ്ഞിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയും ഇന്നു രാവിലെയുമായാണ് ദിലീപും കാവ്യയും തങ്ങളുടെ വിവാഹ വാര്‍ത്ത അടുത്ത ബന്ധുക്കളെയും സുഹൃത്തുകളെയും അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ദിലീപിന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് അവരുടെ വിവാഹത്തെക്കുറിച്ച് സൂചനയുണ്ടായിരിന്നു. എന്നാല്‍ എന്ന് എവിടെ എന്നുള്ള കാര്യങ്ങള്‍ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ 8.30ന് എറണാകുളം കലൂര്‍ വേദാന്ത ഹോട്ടലില്‍ എത്താന്‍ മാധ്യമങ്ങളോട് ദിലീപ് അറിയിച്ചപ്പോഴാണ് പുറംലോകം ഈ വാര്‍ത്ത അറിയുന്നത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് സുഹൃത്തുക്കളും ഈ വാര്‍ത്ത അറിയുന്നത്. വിവാഹത്തിന് മിനിട്ടുകള്‍ക്കു മുമ്പ് ദിലീപ് ഫേസ് ബുക്കിലൂടെയും വിവാഹ വാര്‍ത്ത അറിയിക്കുകയും ചെയ്തിരുന്നു.

ആലോചനകള്‍ക്കു ശേഷമാണ് ദിലീപിന്റെ വിവാഹമെന്നും വളരെ സന്തോഷമുണ്ടെന്നും നിര്‍മാതാവ് എം.രഞ്ജിത്ത് അറിയിച്ചു. എട്ടരയ്ക്ക് അവിടെ ഉണ്ടാവണം എന്ന് കാവ്യ അറിയിച്ചുവെന്ന് ജോമോള്‍ പറഞ്ഞു. പരിപാടി നടക്കുന്നിടത്ത് എത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. കാവ്യയുടെ സന്തോഷത്തില്‍ ഒപ്പം ചേരുന്നുവെന്നും ജോമോള്‍ പ്രതികരിച്ചു.. വിവാഹത്തിനെത്തിയ പ്രമുഖര്‍ പലരും വിവാഹ വാര്‍ത്ത് വ്യാഴാഴ്ച രാത്രിയും ഇന്നു രാവിലെയുമായാണ് അറിഞ്ഞത്.

Scroll To Top