Monday December 11, 2017
Latest Updates

ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ രാമലീല കാണും ..അല്ലാത്തവര്‍ കാണില്ല !

ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ രാമലീല കാണും ..അല്ലാത്തവര്‍ കാണില്ല !

ടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി.ദിലീപ് ഫാന്‍സ് അസോസിയേഷന്‍ തന്നെയാണ് ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തെ വിജയിപ്പിക്കാന്‍ രംഗത്തുള്ളത്.ചിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവായാണ് ദിലീപ് വേഷമിടുന്നത്.

ചിത്രം കാണണമെന്നും കാണരുതെന്നുമുള്ള വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നിരുന്നു.

വ്യക്തിയോടുള്ള വിരോധം സിനിമയോട് കാണിക്കരുതെന്നും സിനിമ ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ലെന്നുമുള്ള വാദമാണ് രാമലീലയെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്.അതേ സമയം സിനിമയെ പിന്തുണച്ച് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ വരെ രംഗത്തുവന്നിരുന്നു.

സിനിമ കലാരൂപമാണ്. ഒരുപാട് പേര്‍ ബുദ്ധിമുട്ടിയാണ് ഒരു സിനിമയുണ്ടാക്കുന്നതെന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ ഫാന്‍സുകാരുടെ കൂകി തോല്‍പ്പിക്കലുകളുണ്ടാകുമ്പോള്‍ ഈ വാദം ഉന്നയിക്കാത്തത് എന്താണെന്ന് രാമലീലയെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു.ഒട്ടേറെ പ്രതിഭകളുടെ ചിത്രങ്ങളെ കൂവി തോല്‍പ്പിച്ച ദിലീപിന്റെ സിനിമ വരുമ്പോള്‍ അതിനെ ‘കലാരൂപമെന്ന്’പറഞ്ഞു പിന്തുണയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്.

രാമലീല റിലീസ് ചെയ്യുന്ന ദിവസം മനുഷ്യസ്നേഹികള്‍ക്ക് കരിദിനമായിരിക്കുമെന്ന് സാഹിത്യപ്രവര്‍ത്തക ശാരദക്കുട്ടിയുടെ അഭിപ്രായം.നീതിക്ക് വേണ്ടി പൊരുതുന്ന പെണ്‍കുട്ടിക്ക് ഒപ്പമാണ് താനെന്നും അവര്‍ വ്യക്തമാക്കി.സഹപ്രവര്‍ത്തകയെ നഗ്‌നയാക്കി ചിത്രമെടുത്ത് കൊടുക്കണമെന്ന ആവശ്യപ്പെട്ട ആ പാവം നടന്റെ മണിക്കൂര്‍ നീണ്ട പൈശാചിക കലാപരിപാടി മറന്ന് രാമലീല കാണാന്‍ തിയേറ്ററുകളില്‍ പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല മലയാളികള്‍ എന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

ചിത്രത്തിനെതിരേ ചിലര്‍ ബോധപൂര്‍വം നീങ്ങുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്നമുണ്ടാക്കുമെന്ന പ്രചാരണങ്ങളും നടന്നിരുന്നു. നേരത്തെ ദിലിപീനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ വരെ അനുകൂലമായി രംഗത്തുവരുന്നതും കണ്ടു.

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. മാത്രമല്ല, ആഷിക് അബുവും സിനിമയെ എതിര്‍ക്കരുതെന്ന നിലപാടുമായി രംഗത്തെത്തി. ലിബര്‍ട്ടി ബഷീറും സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ പ്രഖ്യാപിച്ച കാര്യം ദിലീപിനെ നേരിട്ട് അറിയിക്കുകയും ചെയ്തു ബഷീര്‍.ചിത്രം ആദ്യ ദിവസത്തില്‍ തന്നെ താന്‍ കാണുമെന്ന് ബഷീര്‍ പറയുന്നു. സിനിമ ഒരു കൂട്ടായ്മയുടേതാണ്. ഏതെങ്കിലും സിനിമ ബഹിഷ്‌കരിച്ചാല്‍ തകരുന്നത് ഈ മേഖലയാണെന്നും ബഷീര്‍ പറഞ്ഞു. ദിലീപിനോടുള്ള ദേഷ്യം കാരണം സിനിമ കാണാതിരുന്നാല്‍ അത് സിനിമയ്ക്ക് മാത്രമാണ് ദോഷം ചെയ്യുകയെന്നും ബഷീര്‍ പറഞ്ഞു.

ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പുതിയ ഓപ്പണിംഗാണ് രാമലീലയെന്ന ചിത്രം.

പുറത്ത് ദിലീപ് ആരാധകര്‍ രാമലീലയെ ആഘോഷിക്കുമ്പോള്‍ ദിലീപ് അകത്ത് തന്നെയാണ്. രാമലീല റിലീസ് ചെയ്യുമ്പോള്‍ പുറത്തിറങ്ങാമെന്ന ദിലീപിന്റെ മോഹത്തിന് കോടതികള്‍ കടിഞ്ഞാണിട്ടു. അഞ്ചാമത്തെ ജാമ്യാപേക്ഷയിലാവട്ടെ തീരുമാനമാകുന്നതേ ഉള്ളൂ. അതിനിടെ റിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടിയിരിക്കുകയാണ്.

Scroll To Top