Thursday December 08, 2016
Latest Updates

യൂറോപ്പില്‍ ഡിജിറ്റല്‍ ടാക്‌സ് നിലവില്‍ വന്നു

യൂറോപ്പില്‍ ഡിജിറ്റല്‍ ടാക്‌സ് നിലവില്‍ വന്നു

ഡബ്ലിന്‍: യൂറോപ്പില്‍ ഡിജിറ്റല്‍ ടാക്‌സ് നിലവില്‍ വന്നു. ഡിജിറ്റല്‍ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇ ബുക്ക് പോലെയുള്ളവ വാങ്ങുന്നതിനും ഏര്‍പ്പെടുത്തിയ നികുതിയാണ് ഡിജിറ്റല്‍ ടാക്‌സ്. ഓണ്‍ലൈനിലൂടെ വാങ്ങുന്ന ഇത്തരം ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് അവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഏത് രാജ്യത്ത് നിന്നാണോ പ്രവര്‍ത്തിക്കുന്നത് ആ രാജ്യത്തെ വാറ്റ് നികുതിയാണ് ഈടാക്കിയിരുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളിലെ കേന്ദ്രീകരിച്ചാണ് ഇത്തരം ഓണ്‍ലൈന്‍ വില്‍പ്പന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. 

കുറഞ്ഞ നികുതി നിരക്കുള്ള അയര്‍ലണ്ട്, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ഏറെ പഴി കേട്ടിരുന്നു. എന്നാല്‍ ഈ നികുതി വെട്ടിപ്പ് തടയുന്നതിന് ഇനി മുതല്‍ ഡിജിറ്റല്‍ കണ്ടന്റ് വാങ്ങുന്ന ഉപഭോക്താവിന്റെ രാജ്യത്തെ നിരക്കില്‍ നികുതി ഈടാക്കാനാണ് തീരുമാനം. പുതിയ നികുതി നയം ജനുവരി 1 ന് നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ നികുതി നിലവില്‍ വന്നത്. 

ഡിജിറ്റല്‍ നികുതി നിലവില്‍ വന്നതോടെ യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളുടെയും നികുതി വരുമാനത്തില്‍ കുറഞ്ഞത് 1 ബില്യന്‍ ഡോളറിന്റെയെങ്കിലും വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 28 അംഗരാജ്യങ്ങളില്‍ ഏത് രാജ്യത്തിനാണ് ഡിജിറ്റല്‍ നികുതിയിലൂടെ ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുക എന്ന് വ്യക്തമല്ല. എന്നാല്‍ ലക്‌സംബര്‍ഗ് പോലെ കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങള്‍ക്കാണ് ഡിജിറ്റല്‍ ടാക്‌സ് മൂലം ഏറ്റവുമധികം സാമ്പത്തിക നഷ്ടം സംഭവിക്കുക. ഈ സാഹചര്യത്തില്‍ ലക്‌സംബര്‍ഗ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും നികുതി നിരക്ക് ഉയര്‍ത്തിയെക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Scroll To Top