Wednesday December 07, 2016
Latest Updates

യൂറോപ്പ്യന്‍ വിപണിയില്‍ ഡീസല്‍ എന്‍ജിനുകളുടെ കാലം കഴിയുന്നുവോ?

യൂറോപ്പ്യന്‍ വിപണിയില്‍ ഡീസല്‍ എന്‍ജിനുകളുടെ കാലം കഴിയുന്നുവോ?

യൂറോപ്യന്‍ വിപണികളില്‍ ഡീസല്‍ എന്‍ജിനുകളുടെ കാലം കഴിയുകയാണെന്നു ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ. ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്സ്വാഗന്‍ ഉള്‍പ്പെട്ട ‘പുകമറ’ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ വിപണികള്‍ നിശ്ചയിച്ച കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനുള്ള അധിക ചെലവിനെക്കുറിച്ചു കമ്പനി നടത്തിയ പഠനമാണ് ഈ സൂചന നല്‍കുന്നത്.
അമേരിക്ക ഏര്‍പ്പെടുത്തിയ കര്‍ശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാന്‍ ഡീസല്‍ എന്‍ജിനുകളില്‍ നിരോധിത സോഫ്റ്റ്വെയര്‍ ഘടിപ്പിച്ചാണു ഫോക്സ്വാഗന്‍ പുലിവാലു പിടിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണു കമ്പനി ഡീസല്‍ എന്‍ജിനുകളില്‍ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ‘ഡീസല്‍ഗേറ്റ്’ വിവാദം ആഗോളതലത്തില്‍ ചര്‍ച്ചയായതോടെയാണ് വരുംവര്‍ഷങ്ങളിലെ വിപണന തന്ത്രങ്ങള്‍ പൊളിച്ചെഴുതാന്‍ റെനോയെ പോലെ യൂറോപ്പിലെ പ്രധാന വാഹന നിര്‍മാതാക്കള്‍ നടപടി തുടങ്ങിയത്.

റെനോയും ഫ്രാന്‍സില്‍ നിന്നു തന്നെയുള്ള പ്രധാന എതിരാളികളായ പ്യുഷൊയും ഡീസല്‍ സാങ്കേതികവിദ്യയില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, ‘ഡീസല്‍ഗേറ്റി’ന്റെ പശ്ചാത്തലത്തിലും ഡീസല്‍ എന്‍ജിനുകളുടെ ഭാവി ശോഭനമാണെന്ന നിലപാടാണു കമ്പനികള്‍ തുടക്കത്തില്‍ സ്വീകരിച്ചത്.എന്നാല്‍ ഡീസല്‍ മേഖലയിലെ നിക്ഷേപ സാധ്യത മങ്ങുകയാണെന്നു കഴിഞ്ഞ ജൂലൈയില്‍ തന്നെ റെനോ ചീഫ് കോംപെറ്റിറ്റീവ്നെസ് ഓഫിസര്‍ തിയറി ബൊളോര്‍ അംഗീകരിച്ചു. ഡീസല്‍ സാങ്കേതികവിദ്യ ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കുമോ എന്ന സംശയം പോലും അദ്ദേഹം ഉന്നയിച്ചെന്നാണു സൂചന. കൈവരിക്കാന്‍ ബുദ്ധിമുട്ടുള്ള നിലവാരവും കര്‍ശന പരിശോധനകളും സാങ്കേതികവിദ്യയ്ക്കുള്ള ചെലവ് കുത്തനെ ഉയര്‍ത്തും. ഇതോടെ ഡീസലിനു പുറത്തേക്കുള്ള വഴി തെളിയുമെന്നാണു ബൊളോറിന്റെ വിലയിരുത്തല്‍. അതേസമയം ഈ വിഷയത്തില്‍ റെനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗ്യാസൊലിനെ അപേക്ഷിച്ചു വിലയേറിയതെങ്കിലും കൂടുതല്‍ കാര്യക്ഷമതയുള്ള ഡീസല്‍ എന്‍ജിനുകള്‍ ‘ട്വിംഗൊ’ പോലെ ‘എ’ വിഭാഗത്തിലെ ചെറുകാറുകളില്‍ നിന്ന് റെനോ ഒഴിവാക്കിക്കഴിഞ്ഞു. ഇന്ധനവിലയിലെ ലാഭം എന്‍ജിനുകളുടെ വിലയെ അപേക്ഷിച്ചു കുറവാണെന്ന തിരിച്ചറിവാണു ‘ഡീസല്‍ഗേറ്റി’നു മുമ്പേ ഈ നിലപാട് സ്വീകരിക്കാന്‍ റെനോയെ നിര്‍ബന്ധിതരാക്കിയത്. നാലു വര്‍ഷത്തിനകം 2020ല്‍ മലിനീകരണ നിയന്ത്രണത്തില്‍ യൂറോ ആറ് നിലവാരം നടപ്പാവുന്നതോടെ ‘ബി’ വിഭാഗം കാറുകളില്‍ നിന്നു കൂടി ഡീസല്‍ അരങ്ങൊഴിയുമെന്നു റെനോ പ്രവചിക്കുന്നു. ഇതോടെ സബ് കോംപാക്ടായ ‘ക്ലിയൊ’യില്‍ നിന്നു മാത്രമല്ല, ‘സി’ വിഭാഗത്തിലെ ‘മെഗെയ്ന്‍’ ഹാച്ച്ബാക്കില്‍ നിന്നുമൊക്കെ ഡീസല്‍ എന്‍ജിന്‍ പടിയിറങ്ങും.

Scroll To Top