Tuesday December 06, 2016
Latest Updates

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാം; എന്നാല്‍ പിഴവുകള്‍ ബോധ്യപ്പെടുത്തണമെന്ന് ധോണി

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാം; എന്നാല്‍ പിഴവുകള്‍ ബോധ്യപ്പെടുത്തണമെന്ന് ധോണി

ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനു കാരണാം താനാണെന്ന് തെളിഞ്ഞാല്‍ രാജി വച്ചൊഴിയാന്‍ ഒരുക്കമാണെന്ന് മഹേന്ദ്രസിങ്ങ് ധോണി. ക്യാപ്റ്റന്‍ സ്ഥാനം അധികഭാരമാണെന്നും അത് തന്നെ ഏല്‍പ്പിച്ചവര്‍ തന്നെ തിരിച്ചെടുതാല്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും ധോണി പറഞ്ഞു. ബംഗ്‌ളാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലെ പരാജയത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി.

ബംഗ്‌ളാദേശുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ടതോടെ ഏറെ കാലമായി ഉയരുന്ന ധോണിയുടെ രാജിക്കുവേണ്ടിയുള്ള മുറവിളി കൂടുതല്‍ ഉച്ചസ്ഥായിയിലായിട്ടുണ്ട്. ഇതു മനസിലാക്കി തന്നെയാവണാം ക്യാപ്റ്റന്‍ കൂള്‍ പത്രക്കാരെ നേരിട്ടപ്പോള്‍ അത്ര കൂളായിരുന്നില്ല. `ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സംഭവിക്കുന്ന എല്ലാ പിഴവുകള്‍ക്കും ഉത്തരവാദിത്വം എന്റെ മേല്‍ ചാര്‍ത്തി നല്‍കാറുണ്ട്. എല്ലാറ്റിനും ഞാന്‍ മാത്രമാണോ ഉത്തരവാദി? ബംഗ്‌ളാദേശി മാധ്യമങ്ങള്‍ പോലും ചിരിക്കുകയാണ്` ക്യാപ്റ്റന്‍സി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു.

എത്രകാലം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്ന ചോദ്യവും ധോണിയെ പ്രകോപിപ്പിച്ചു. `ഞാന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നു. ഈ ചോദ്യം പ്രതീക്ഷിച്ചതാണ്. ഞാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍, ഇന്ത്യന്‍ ടീമിന് സംഭവിക്കുന്ന പിഴവുകള്‍ക്കെല്ലാം ഉത്തരവാദിത്വം തനിക്കാണെന്ന് തിരിച്ചറിയുന്ന നിമിഷം ക്യാപ്റ്റന്‍സ്ഥാനം ഉപേക്ഷിക്കും. ധോണി പറഞ്ഞു. ആരാണ് ക്യാപ്റ്റനെന്നത് തന്നെ സംബന്ധിച്ച് വിഷയമല്ലെന്നും, ക്യാപ്റ്റന്‍ സ്ഥാനം നേടാനായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍സിയെ കുറിച്ചു മാത്രമല്ല, കളിക്കാരന്‍ എന്ന നിലയിലും ധോണി നേരിടുന്നത് വലിയ വിമര്‍ശനമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഒരു കാലത്ത് ഇന്ത്യയെ ഒറ്റയ്ക്ക് ജയിപ്പിച്ചിരുന്ന ധോണി മികച്ച പ്രകടനം പുറത്തെടുത്തിട്ട് രണ്ട് വര്‍ഷത്തോളമായി. 2013 ജൂലൈയില്‍ ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ധോണിയുടെ അവസാന മാന്‍ ഓഫ് ദി മാച്ച് നേട്ടം. മുമ്പ് ഓരോ 13 മത്സരങ്ങളിലും ഒരു മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം വീതം നേടിയിരുന്ന താരമാണ് ധോണി. എന്നാല്‍ കഴിഞ്ഞ 38 മത്സരങ്ങളില്‍ ഒരിക്കല്‍ പോലും കളിയിലെ കേമനാവാന്‍ ധോണിക്കായിട്ടില്ല.

Scroll To Top