Wednesday December 07, 2016
Latest Updates

ബൗളറെ ഇടിച്ചിട്ട സംഭവം; ധോണി ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് രവി ശാസ്ത്രി

ബൗളറെ ഇടിച്ചിട്ട സംഭവം; ധോണി ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് രവി ശാസ്ത്രി

ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തില്‍ ബോളര്‍ മുസ്തഫിസുര്‍ റഹ്മാനെ കൈകൊണ്ട് തള്ളിമാറ്റിയ സംഭവത്തില്‍ നായകന്‍ ധോണിയെ ന്യായീകരിച്ച് ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി രംഗത്ത്. ധോണി ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നും, മുസ്തഫിസുര്‍ റഹ്മാനെ ധോണി വലിയൊരപകടത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹതിന്റെ വാദം.

ഇന്ത്യന്‍ ബാറ്റിങ്ങില്‍ 25ആം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. സിംഗിളെടുക്കാനായി ഓടിയ ധോണിയുടെ വഴിതടയുന്ന രീതിയില്‍ പിച്ചില്‍ നിന്ന മുസ്തഫിസുറിനെ തന്റെ ശരീരത്തിന്റെ ഇടതുഭാഗം ഉപയോഗിച്ച് ധോണി ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ മുസ്തഫിസുര്‍ ഇതോടെ ഓവര്‍ പൂര്‍ത്തിയാക്കാതെതന്നെ ഗ്രൗണ്ട് വിട്ടു.

റണ്ണിനായി ഓടുമ്പോള്‍ ബൗളര്‍ മുന്നില്‍ വന്നു നിന്നതോടെ മറ്റു വഴികളില്ലാതെയാണ് ധോണി ഇങ്ങനെ ചെയ്തതെന്ന് രവി ശാസ്ത്രി പറയുന്നു. ഓടുന്നതിടെ മാര്‍ഗതടാസം സൃഷ്ടിച്ച ബൗളറുടെ ശരീരത്തില്‍ ബാറ്റ് തട്ടാതിരിക്കാന്‍ ധോണി പരമാവധി ശ്രമിച്ചത് ബൗളര്‍ക്ക് ഭാഗ്യമായി. അല്ലായിരുന്നെങ്കില്‍ 34 മാസം അദ്ദേഹത്തിന് പരുക്ക് പറ്റി വിശ്രമിക്കേണ്ടി വന്നേനെയെന്നും രവി ശാസ്ത്രി പറഞ്ഞു.

സംഭവത്തെതുടര്‍ന്ന് ധോണിക്ക് മാച്ച് ഫീയുടെ 75 ശതമാനവും, മുസ്തഫിസിറിന് മാച്ച് ഫീയുടെ 50%വും പിഴ ലഭിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അഞ്ചു വിക്കറ്റെടുത്ത മുസ്തഫിസുര്‍ കളിയില്‍ മാന്‍ ഓഫ് ദ് മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. ധോണി, മുസ്തഫിസുര്‍, ടീം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ഹിയറിങ്ങിനു ശേഷം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ആണ് ശിക്ഷ വിധിച്ചത്.

കൂട്ടിയിടി ഒഴിവാക്കാന്‍ കഴിവതും ശ്രമിച്ചിരുന്നുവെന്ന് ധോണി സംഭവത്തോട് പ്രതികരിക്കവേ പറഞ്ഞു. ഇരുകൈയ്യിലും പിടിച്ച ബാറ്റ് വലംകൈയിലേക്കു മാറ്റി. പക്ഷേ ഇടതുഭാഗത്തു കൂടെ റെയ്‌ന ഓടുന്നുണ്ടായിരുന്നതിനാല്‍ മുസ്തഫിസുറിനെ തട്ടാതിരിക്കാന്‍ കഴിഞ്ഞില്ല. തെരുവില്‍ നടക്കുമ്പോള്‍ കൂട്ടിമുട്ടുന്നതു പോലെ തന്നെ ഇതും കണക്കാക്കിയാല്‍ മതിയെന്നും ധോണി പറയുന്നു. മല്‍സരത്തില്‍ ഇന്ത്യ 79 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈതോടെ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ബംഗ്‌ളാദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു.

 

Scroll To Top