Friday December 09, 2016
Latest Updates

ഡബ്ലിനിലെ 106 വയസുള്ള ഡെംപ്‌സിയമ്മൂമ്മയുടെ ആയുസ് രഹസ്യങ്ങള്‍

ഡബ്ലിനിലെ 106 വയസുള്ള ഡെംപ്‌സിയമ്മൂമ്മയുടെ ആയുസ് രഹസ്യങ്ങള്‍

ശുദ്ധമായ വായു, നല്ല ഭക്ഷണം, രാവിലെ ഒരു കോഫി;106 സംവത്സരങ്ങള്‍ നീണ്ട തന്റെ ജീവിതത്തിലെ ആരോഗ്യരഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഡബ്ലിന്‍കാരിയായ എലിസബത്ത് ഡെംപ്‌സി. വൃദ്ധരുടെ ക്ഷേമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഹെലന്‍ മക്കന്റീയോടായിരുന്നു ഡംപ്‌സിയമ്മൂമ്മ തന്റെ ആരോഗ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു മന്ത്രി ഡംപ്‌സിയമ്മൂമ്മയെ കാണാനെത്തുകയും, ആദരസൂചകമായി സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എയ്ല്‍സ്ബറി നഴ്‌സിങ് ഹോമില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ‘ലിസ്സി’ എന്നറിയപ്പെടുന്ന ഡെംപ്‌സിയമ്മൂമ്മ 106ാം പിറന്നാള്‍ ആഘോഷിച്ചത്.

‘നന്നായി ശുദ്ധവായു ശ്വസിക്കും, നല്ല ഭക്ഷണം കഴിക്കും, രാവിലെ 11 മണിക്ക് ഒരു കോഫി കുടിക്കും,’ 106 വയസ്സുവരെയെത്തിച്ച ശീലങ്ങളെപ്പറ്റി ലിസ്സിക്ക് പറയാനുള്ളത് ഇതാണ്. താന്‍ സ്ഥിരമായി നല്ല ക്രീമുകളും മേക്കപ്പും ഉപയോഗിച്ചിരുന്നതായും, ഇപ്പോഴും മുടിയും നഖവുമെല്ലാം ഭംഗിയാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ലിസ്സി പറയുന്നു.

തന്റെ കരിയറിനെപ്പറ്റി വലിയ മതിപ്പാണ് ലെസ്സിക്ക്. ഒരു സൊളിസിറ്റേഴ്‌സ് ഓഫിസില്‍ ജൂനിയര്‍ ആയി ജോലിക്കു കയറിയ ഇവര്‍, 75ാം വയസ്സുവരെ ജോലി ചെയ്തു. കാര്‍ട്ടന്‍ ഒ മെയറ ആന്‍ഡ് കെയ്‌റനിലെ ഡിപ്പാര്‍ട്ടെമന്റ് ഹെഡ് ആയാണ് വിരമിച്ചത്. ഇതിനിടെ ഡിഗ്രി സ്വന്തമാക്കുകയും ചെയ്തു.

തന്റെ ചുറ്റുമുള്ളവര്‍ വളരെ നല്ലവരാണെന്നും, വളരെ സന്തോഷകരമായ ജീവിതമാണ് തന്റേതെന്നു ലിസ്സി പുഞ്ചിരിയോടെ പറയുന്നു.

കോമെമ്മറേറ്റിവ് ഇയര്‍ ആയി കൊണ്ടാടുന്ന ഈ വര്‍ഷം, 100 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ക്ക് നഴ്‌സിങ് ഹോം അയര്‍ലണ്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്ന രാജ്യത്തെ നാല്‍പ്പതുപേരില്‍ ഒരാളാണ് ലെസ്സി.

Scroll To Top