Thursday January 19, 2017
Latest Updates

സുനന്ദ പുഷ്‌കറിന്റെ മരണം; നുണപരിശോധന ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ്

സുനന്ദ പുഷ്‌കറിന്റെ മരണം; നുണപരിശോധന ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ്

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സാക്ഷികളെ നുണപരിശോധനക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് പാട്യാല ഹൌസ് കോടതിയില്‍ അപേക്ഷ നല്‍കി. തരൂരിന്റെ ഡ്രൈവര്‍ ബജ് രംഗി, കുടുംബ സുഹൃത്തായ സഞ്ജയ് ദിവാന്‍, സഹായി നരെയ്ന്‍ സിങ്ങ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുക.

മുന്‍പ് നല്‍കിയ മൊഴിയില്‍ മൂന്നു പേരും തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് പോലീസിന് സംശയമുള്ളതിനാലാണ് അപേക്ഷ നല്‍കിയത്. ഈ സാക്ഷികള്‍ ചില കാര്യങ്ങളില്‍ മൗനം പാലിക്കുന്നു എന്ന് സംശയമുള്ളതായി അപേക്ഷയില്‍ പോലീസ് ചൂണ്ടിക്കാട്ടി. മൂന്നുപേരോടും മെയ് 20ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2014 മെയ് 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ മൂന്ന് തവണ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോടതി വിളിച്ചുവരുത്തിയിട്ടുള്ള മൂന്ന് സാക്ഷികളെയും ഒന്നിലധികം തവണ ചോദ്യം ചെയ്തു. സുനന്ദ ആത്മഹത്യ ചെയ്തതാണെന്നും വിഷാദ രോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ചതിനാല്‍ മരണം സംഭവിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അസ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.

സുനന്ദയുടെ കൊലപാതകവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും തമ്മിലുള്ള ബന്ധത്തെ പറ്റിയും പോലീസ് അന്വേഷിച്ചുവരുന്നു. ഐ.പി.എല്‍ ടീമിന്റെ ഫ്രാഞ്ചൈസി തുടങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് 2010ല്‍ തരൂരിന് കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

 

Scroll To Top