Saturday August 19, 2017
Latest Updates

ഡല്‍ഹി മലയാളികള്‍  ബീഫ് കഴിക്കാന്‍ ‘വാശിയോടെ’ കേരള ഹൗസിലെത്തി,ഹിന്ദുസേനയും പോലീസും തോറ്റു തൊപ്പിയിട്ടു 

ഡല്‍ഹി മലയാളികള്‍  ബീഫ് കഴിക്കാന്‍ ‘വാശിയോടെ’ കേരള ഹൗസിലെത്തി,ഹിന്ദുസേനയും പോലീസും തോറ്റു തൊപ്പിയിട്ടു 

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് അടുക്കളയില്‍ കയറി വിരട്ടിയപ്പോള്‍ ചെറുതായി ഒന്നു പേടിച്ചെങ്കിലും കേരളഹൗസിലെ തീന്‍മേശകളിലേക്ക് ചൂടോടെ വരട്ടിയ ബീഫ് എത്തിത്തുടങ്ങി. നില്‍ക്കുന്നത് ഡല്‍ഹിയിലാണെങ്കിലും ഹൗസ് കേരളത്തിന്റേതാണെന്ന് ശക്തമായ പ്രതിഷേധം കൊണ്ട് മലയാളികള്‍ ബീഫിനെ വെറുക്കുന്നവര്‍ക്കു കാണിച്ചു കൊടുത്തു. കേരള ഹൗസിന്റെ മുന്നിലെ മെനു ബോര്‍ഡില്‍ ഇന്നത്തെ സ്‌പെഷ്യലുകളോടൊപ്പം ബീഫ് ഫ്രൈ എന്നു മലയാളത്തിലെഴുതിയത് ഇന്നുതല ഉയര്‍ത്തി നില്‍ക്കുന്നു. 

ചൊവ്വാഴ്ച കേരള ഹൗസിന്റെ മുറ്റത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കു ശേഷം തന്നെ ഇന്നു അടുക്കളയിലേക്കുള്ള 20 കിലോ ബീഫ് ഡല്‍ഹി ദരിയാഗഞ്ചിലെ മാര്‍ക്കറ്റില്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞതായി ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരള ഹൗസിലും പരിസരത്തും ഇന്നു കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുസേന പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പോലീസ് കേരള ഹൗസിന്റെ സമൃദ്ധി കാന്റീന്റെ അടുക്കളയില്‍ വരെ കയറി പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഒരു ദിവസത്തേക്ക് ബീഫ് വില്‍ക്കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, പരാതി നല്‍കിയവരുടെയും പോലീസിന്റെയും ബീഫ് വേട്ട തിരിച്ചടിച്ചതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കേരള ഹൗസില്‍ ഗോ മാംസം വിറ്റിരുന്നില്ലെന്നും ബീഫ് മാത്രമാണ് വിളമ്പിയതെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.kerala-house
കേരളഹൗസിലെ ബീഫ് വേട്ടയ്‌ക്കെതിരേ രാജ്യവ്യാപക പ്രതിഷേധമാണുയര്‍ന്നത്. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും കൈപ്പറ്റുന്നതിനു മുന്‍പു തന്നെ രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബീഫ് വിഷയത്തില്‍ കേരളത്തിനു പിന്തുണയുമായെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരായ ഡോ. എ. സമ്പത്ത്, പി.കെ ശ്രീമതി, സി.പി നാരായണന്‍, സിപിഐ നേതാവ് ആനി രാജ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കേരള ഹൗസിന്റെ മുന്നില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ ബിബിസി ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും എത്തിയിരുന്നു. ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ലൈവ് റിപ്പോര്‍ട്ടിംഗിനായി ചൊവ്വാഴ്ച രാവിലെ മുതല്‍ കേരള ഹൗസ് പരിസരത്തു തമ്പടിച്ചിരുന്നു. കേരള ഹൗസില്‍ കടന്നു കയറിയ പോലീസ് നടപടിയെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത നടപടിയെന്നാണ് ഇന്നു നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിനായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും കേരള ഹൗസിലെ പോലീസ് നടപടിയെ ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്ന് അപലപിച്ചു.

മലയാളികളുടെ പ്രതിഷേധത്തില്‍ ദേശവ്യാപകമായതോടെ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു. നരേന്ദ്ര മോദിയുടെ ഓഫീസ് ഡല്‍ഹി പോലീസ് കമ്മീഷണറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അനുമതിയില്ലാതെ നടത്തിയ പോലീസ് പരിശോധനക്കെതിരേ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനുമേല്‍ കടന്നു കയറാന്‍ നടത്തുന്ന ശ്രമങ്ങളിലും കേരള ഹൗസിലെ പോലീസ് നടപടിയിലും പ്രതിഷേധിച്ച് ഡല്‍ഹിയിലെ മലയാളികള്‍ ഇന്നു വൈകിട്ട് അഞ്ചിന് ജന്തര്‍മന്തറില്‍ മനുഷ്യമതില്‍ തീര്‍ത്തു പ്രതിഷേധിക്കും.
(കടപ്പാട് :സെബി മാത്യു ,ദീപിക)

Scroll To Top