Sunday December 11, 2016
Latest Updates

പുതിയതായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ മോര്‍ട്ടഗേജ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

പുതിയതായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ മോര്‍ട്ടഗേജ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതിയതായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നതായി സൂചനകള്‍. ജനങ്ങളെ ദുരിതത്തിലാക്കുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ഷിന്‍ ഫെന്നും ഫിയനാഫാളുമാണ് ഇപ്പോഴത്തെ ഉയര്‍ന്ന മോര്‍ട്ട്ഗജ് നിരക്ക് കുറയ്ക്കാനായി ഡോളില്‍ ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഈ മാസം തന്നെ ബില്‍ സഭയ്ക്കു മുന്നിലെത്തിക്കാനാണ് ശ്രമം. ബില്‍ നിയമമാകുകയാണെങ്കില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറയ്ക്കാനുള്ള അവകാശം സെന്‍ട്രല്‍ ബാങ്കിനു വന്നുചേരും.

ബില്ലിനെ ഫിനഗേലിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റി സര്‍ക്കാര്‍ പിന്തുണയ്ക്കുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും, ഫിനഗേലും ഫിയനാഫാളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ഇത്തരം ബില്ലുകള്‍ സഭയില്‍ കൊണ്ടുവരാന്‍ ഫിയനാഫാളിന് അധികാരം നല്‍കിയിട്ടുണ്ട്.

വരും ദിവസം തന്നെ ബില്‍ സഭയ്ക്കു മുന്നില്‍ ചര്‍ച്ചയ്ക്കു വയ്ക്കാനാണ് തന്റെ ശ്രമമെന്ന് ഷിന്‍ ഫെന്‍ വക്താവ് പിയേഴ്‌സ് ഡോഹര്‍ട്ടി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിജപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ ബില്‍ കൊണ്ടുവരാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിയനാഫാള്‍ വക്താവ് മൈക്കല്‍ മക്ഗ്രാത്തും അടുത്ത രണ്ടാഴ്ച്ചയ്ക്കകം ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് പ്രതികരിച്ചു. ഇപ്പോഴത്തെ നിരക്ക് നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അയര്‍ലണ്ടിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ എ.ഐ.ബി, കെ.ബി.സി ബാങ്ക് അയര്‍ലണ്ട് എന്നിവ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും ഇവര്‍ പറയുന്നു.

ജൂലൈ ഒന്ന് മുതല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് 3.1% ആക്കി കുറയ്ക്കാനാണ് എ.ഐ.ബിയുടെ തീരുമാനം. ഇത് 76,000ഓളം വരുന്ന ഉപഭോക്താക്കള്‍ക്ക് സഹായകമാകും. എ.ഐ.ബിയിലേയ്ക്ക് ഹോം ലോണുകള്‍ മാറ്റുന്നവര്‍ക്കായി പ്രൊഫഷണല്‍ ഫീസില്‍ 2,000 യൂറോ ഇളവു നല്‍കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

കെ.ബി.സിയുടെ മോര്‍ട്ട്‌ഗേജ് നിരക്ക് 3.1 മുതല്‍ 3.2% വരെയാക്കി കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 2.99% എന്ന ഫിക്‌സഡ് റേറ്റും അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. മെയ് 23 മുതല്‍ ഈ റേറ്റുകള്‍ നിലവില്‍ വരും. അയര്‍ലണ്ടിലെ മറ്റ് ബാങ്കുകളൊന്നും തന്നെ മോര്‍ട്ട്‌ഗേജ് നിരക്കില്‍ കുറവു വകുത്താന്‍ തയ്യാറായിട്ടില്ല.

 

Scroll To Top