Saturday May 26, 2018
Latest Updates

സീറോ മലബാര്‍ സഭ വിവാഹിതര്‍ക്കും ഡീക്കന്‍ പദവി നല്കും,ആദ്യ നിയമനം യൂറോപ്പിലേയ്ക്ക്

സീറോ മലബാര്‍ സഭ വിവാഹിതര്‍ക്കും ഡീക്കന്‍ പദവി നല്കും,ആദ്യ നിയമനം യൂറോപ്പിലേയ്ക്ക്

കൊച്ചി:യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ പ്രതിനിധിയായി ആദ്യ ഡീക്കന്‍ ശുശ്രൂഷാ ചുമതലയിലേയ്ക്ക്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി വിവാഹിതനായ ഒരു അല്‍മായന്‍ ഡീക്കന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു എന്ന പുതുമയും ഈ നിയമനത്തിനുണ്ട്. നാലു മക്കളുടെ പിതാവായ യൂ കെ യില്‍ നിന്നുള്ള ജോയ്‌സ് ജെയിംസ് പള്ളിക്കമ്യാലിയെയാണ് കുടുംബ ജീവിതത്തോടൊപ്പം സഭാമക്കളെ ശ്രൂശുഷിക്കാനായി സഭ ഭരമേല്‍പ്പിച്ചത്.

ലത്തീന്‍ സഭയില്‍ അല്‍മായര്‍ക്ക് ഡീക്കന്‍ പദവി നല്‍കുന്ന പതിവുണ്ടെങ്കിലും സീറോ മലബാര്‍ സഭയില്‍ ഇത് ആദ്യമാണ്.ഇതോടെ യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളില്‍ സീറോ മലബാര്‍ സഭയ്ക്ക് ശുശ്രൂഷയ്ക്കായി കൂടുതല്‍ അത്മായരെ ലഭ്യമാക്കും എന്ന സൂചന കൂടിയാണ് സഭാധികാരികള്‍ നല്കുന്നത്.എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നലെ നടന്ന ദിവ്യബലി മധ്യേ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഡീക്കന്‍ പട്ടം നല്‍കിയത്.

പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യത്തില്‍ സ്ഥിരം ഡീക്കന്മാര്‍ ഉണ്ടായിരുന്നു. വിശുദ്ധ എഫ്രേം സ്ഥിരം ഡീക്കനായി സഭാസേവനം നിര്‍വഹിച്ചതു ചരിത്രമാണ്. ഡീക്കന്‍ശുശ്രൂഷയിലേക്കു കൂടുതല്‍ പേര്‍ കടന്നുവരുന്നതു സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാണെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ അനുമതിയോടെ ലണ്ടന്‍ സൗത്ത്‌വാര്‍ക്ക് അതിരൂപതയില്‍ അഞ്ചു വര്‍ഷത്തെ പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയാണു ജോയ്‌സ് പള്ളിക്കമ്യാലില്‍ ഡീക്കന്‍ ശുശ്രൂഷയിലേക്കു കടന്നത്. 2014 മേയില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണു കാറോയ പട്ടം നല്‍കിയത്. കഴിഞ്ഞ മേയില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലില്‍ നിന്നു ഹെവുപ്ദിയാക്ക്‌ന പട്ടം സ്വീകരിച്ചു.

കോതമംഗലം രൂപതയിലെ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന ഇടവകാംഗമായ പള്ളിക്കമ്യാലില്‍ ജയിംസ് ഫിലോമിനയുടെ നാലാമത്തെ മകനാണ് ജോയ്‌സ് ജയിംസ്. ഉജ്ജയിന്‍ രൂപതക്ക് വേണ്ടി മ്ശംശാന പട്ടം സ്വീകരിച്ച ജോയ്‌സ് 15 വര്‍ഷമായി ലണ്ടനില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നു. വൈദികാന്തസിലേക്ക് പ്രവേശിക്കുന്നവര്‍ക്കെന്ന പോലെ കൃത്യതയോടും ചിട്ടയോടുമുളള പരീശീലനത്തിനു ശേഷമാണ് അല്‍മായ അന്തസിലുളളവര്‍ക്കും ഡീക്കന്‍ പദവി നല്‍കുക.new-03 new4

അഞ്ച് വര്‍ഷത്തെ പരീശിലനത്തിനു ശേഷമാണ് ജോയ്‌സിന് ഡീക്കന്‍ പദവി നല്‍കിയത്. ദൈവാനുഗ്രഹത്തിന്റെ നിമിഷമാണെന്നും സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നാതായും ജോയിസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.സ്‌കൂള്‍ വിദ്യാര്‍ഥികളായ ജെസിക്ക, ജോവാന്‍, ജെയിംസ്, രണ്ടര വയസുകാരന്‍ ജോസഫ് എന്നിവരാണു മക്കള്‍.മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണ സമ്മതത്തോടെയാണു പുതിയ ശുശ്രൂഷയിലേക്കു പ്രവേശിക്കാന്‍ തീരുമാനമെടുത്തതെന്നു മുപ്പത്തിയെട്ടുകാരനായ ഡീക്കന്‍ ജോയ്‌സ് പറയുന്നു.

മ്ശംശാന പട്ടമേല്‍ക്കല്‍ ശുശ്രൂഷയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലായിരുന്നു ആര്‍ച്ച്ഡീക്കന്‍. ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ സഹകാര്‍മികനായി. മാതാപിതാക്കളും ഭാര്യയും മക്കളും ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടിലും ചടങ്ങിനു സാക്ഷ്യം വഹിച്ചു. സഭാനേതൃത്വത്തിന്റെ അനുമതിയോടെ ലണ്ടനില്‍ തന്നെയാകും ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലിലിന്റെ ശുശ്രൂഷാമേഖല
ജോയിസ് ജെയിംസ് മദ്ബഹയില്‍ ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ഭാര്യ ജിബിയും മക്കളായ ജസി, ജയിംസ് ജോസഫ് എന്നിവര്‍ പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളിയായി

വര്‍ഷങ്ങളായി ലണ്ടനില്‍ സ്ഥിരതാമസമാക്കി വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ജിബി കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സീറോ മലബാര്‍ സഭയില്‍ സ്ഥിരം ഡീക്കന്‍ ശുശ്രൂഷയ്ക്കു സഭയുടെ മെത്രാന്‍ സിനഡ് അനുമതി നല്‍കിയ ശേഷം, കഴിഞ്ഞ വര്‍ഷം കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ലതണ്ണി മാര്‍ത്തോമ്മാശ്ലീഹാ ആശ്രമാംഗം സെബാസ്റ്റ്യന്‍ മാളിയംപുരയ്ക്കല്‍ സഭയിലെ അവിവാഹിതനായ പ്രഥമ സ്ഥിരം ഡീക്കനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വചനപ്രഘോഷണം, ആരാധനക്രമത്തിലെ നിശ്ചിത ശുശ്രൂഷകളുടെ നിര്‍വഹണം, സഭയുടെ സേവനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവയാണു സീറോ മലബാര്‍ സഭയില്‍ സ്ഥിരം ഡീക്കന്മാര്‍ക്കു നിര്‍വഹിക്കാനാവുക. പാപമോചനം നല്‍കുന്ന കൂദാശകളും കുരിശടയാളത്തോടെയുള്ള ആശീര്‍വാദകര്‍മവും അനുവദിക്കുന്നില്ല. അവശ്യഘട്ടങ്ങളില്‍ ഒത്തുകല്യാണം (മനസമ്മതം), മൃതസംസ്‌കാരം എന്നിവ നടത്താനാകും.ശ്ലീഹന്മാരുടെ പാരമ്പര്യത്തിലുള്ളതാണു ഡീക്കന്‍ശുശ്രൂഷ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കത്തോലിക്കാസഭയില്‍ പ്രത്യേകിച്ച് ലത്തീന്‍ സഭയില്‍ നിരവധിപേര്‍ ഈ രംഗത്തേക്കു കടന്നുവന്നു.കൂടുതല്‍ പേര്‍ ഈ ദൈവിക ശുശ്രൂഷയിലേക്കു വരുമെന്നു പ്രത്യാശിക്കുന്നതായാണ് സഭ കരുതുന്നത്.

അയര്‍ലണ്ടിലെ ക്ലോണ്‍മലിലെ മലയാളിയായ തിരുവനന്തപുരം പൂവാര്‍ സ്വദേശി ഡോ എം ജി ലാസറസ് കഴിഞ്ഞ വര്‍ഷം ഡീക്കന്‍ പട്ടം സ്വീകരിച്ചിരുന്നു.കഴിഞ്ഞ മാസം റോമില്‍ നടന്ന ഡീക്കണേറ്റ് പുന:സ്ഥാപനത്തിന്റെ ജൂബിലി ആഘോഷങ്ങളില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചതും ഈ മലയാളി ഡീക്കന്‍ ആയിരുന്നു.

Scroll To Top