Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ഇത് വാടകക്കാരുടെ കാലം,വീട് വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ് 

അയര്‍ലണ്ടില്‍ ഇത് വാടകക്കാരുടെ കാലം,വീട് വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇത് വാടകക്കാരുടെ തലമുറ. ഐറിഷ് ഭവന വിപണിയില്‍ നിന്നുള്ളഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ വീട് വാങ്ങുന്നവരുടെ എണ്ണം കുറയുകയും വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു. വീട് സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ യൂറോപ്പില്‍ ഏറ്റവും കുറവ് സംഭവിച്ചത് അയര്‍ലണ്ടിലാണ്. പ്രമുഖ അന്താരാഷ്ട്രഏജന്‍സിയായ ഫിച്ചാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ വീട് വാങ്ങുന്നവരുടെ എണ്ണത്തില്‍ വീണ്ടും
കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വാടക വീടിനെ ആശ്രയിക്കേണ്ടി വന്നതില്‍ ഭൂരിപക്ഷം പേരും ആദ്യമായി വീട് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന
യുവദമ്പതികളാണ്. മോര്‍ട്ട്‌ഗേജ് നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതും ഡെപ്പോസിറ്റ് തുക വര്‍ധിപ്പിച്ചതും ആദ്യമായി വീട് വാങ്ങുന്നവരെ പ്രതിസന്ധിയിലാക്കി.

ലോകത്തെ വികസിത സമ്പദ്ഘടനയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും വീട് വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അയര്‍ലണ്ടിലും സ്‌പെയിനിലുമാണ് ഏറ്റവുമധികം കുറവ് സംഭവിച്ചത്. ബ്രസീല്‍ മുതല്‍ യുഎസ്,ആഫ്രിക്ക വരെയുള്ള നിരവധി രാജ്യങ്ങളിലെ ഭവന വിപണികളിലെ ട്രെന്‍ഡ് വിലയിരുത്തിയാണ് പഠനം നടത്തിയത്. അയര്‍ലണ്ടില്‍ സെന്‍ട്രല്‍ ബാങ്കിന്റെ കടുത്തനിബന്ധനകളില്‍ ചില ഇളവുകള്‍ കൊണ്ട് വന്നാല്‍ വീട് വാങ്ങുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടാകുമെന്ന് ഫിച്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

Scroll To Top