Wednesday May 23, 2018
Latest Updates

ഇനിയും കടം വാങ്ങണോ ? കടം വാങ്ങാതെ മുമ്പോട്ടു പോകാനാവാതെ അയര്‍ലണ്ട്,വഴി കാണാതെ സര്‍ക്കാര്‍

ഇനിയും കടം വാങ്ങണോ ? കടം വാങ്ങാതെ മുമ്പോട്ടു പോകാനാവാതെ അയര്‍ലണ്ട്,വഴി കാണാതെ സര്‍ക്കാര്‍

ഡബ്ലിന്‍:ഐറിഷ് എക്കണോമി മുന്നോട്ടു തന്നെയാണ് എന്ന് അവകാശപ്പെടുമ്പോഴും ഇനിയും കടം വാങ്ങാതെ രക്ഷയില്ലെന്ന് ധനകാര്യവൃത്തങ്ങള്‍.. ബ്രെക്സിറ്റിന്റെ കരിനിഴല്‍ വീണുകിടക്കുമ്പോഴും രാജ്യത്തിന് ആശ്വാസകരമായി തൊഴിലില്ലായ്മ കഴിഞ്ഞ മാസം 7.7% കുറഞ്ഞിട്ടുണ്ട്. പുതിയ തൊഴില്‍ സാധ്യതകള്‍ തെളിഞ്ഞുവരികയും ചെയ്യുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രണവിധേയവും, പലിശനിരക്ക് കുറവും, ടാക്സ് വരവ് വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അയര്‍ലണ്ട് ഇന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റും കടം വാങ്ങുന്നു എന്നതാണ് സത്യം നിലവില്‍ രാജ്യത്തിന്റെ കടം 200 ബില്ല്യണ്‍ യൂറോ ആണ്. അതായത് ഓരോ ഐറിഷുകാരനും 43,500 യൂറോയ്ക്ക് കടക്കാരാണ്. വര്‍ഷാവര്‍ഷം 6.3 ബില്ല്യണ്‍ യൂറോയാണ് പലിശ നല്‍കാനായി അയര്‍ലണ്ട് ചെലവാക്കുന്നത്. ഈ വര്‍ഷവും കടം വാങ്ങല്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനിടെയാണ് സമരഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് ഗാര്‍ഡയ്ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയത്. കൂടാതെ മറ്റ് പൊതു, സ്വകാര്യ ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ ഫണ്ടില്ലെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് തുറന്നു പറയുകയും ചെയ്തു.

ഇതിനിടെ യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിനോട് നികുതി ഈടാക്കി ബില്യണുകള്‍ അയര്‍ലന്‍ഡിന് ലഭ്യമാക്കാമെന്നു വഴി കാണിച്ചു കൊടുത്തെങ്കിലും അഭിമാനത്തിന്റെയും ധാരണയുടെയും പേരില്‍ അത് സ്വീകരിക്കാന്‍ പോലും കെന്നി സര്‍ക്കാര്‍ തയാറായില്ല.കെന്നി സര്‍ക്കാരിലെ പ്രമുഖരും ആപ്പിളും തമ്മില്‍ ഉണ്ടാക്കിയ അവിഹിത ധാരണകള്‍ തന്നെയായിരുന്നു ഇതിന്റെ പിന്നിലെന്നും പറയപ്പെടുന്നുണ്ട്.

ഈ വര്‍ഷം ചെലവ് 850 മില്ല്യണ്‍ യൂറോ വര്‍ദ്ധിക്കുമെന്നാണ് ധനകാര്യവകുപ്പ് പറയുന്നത്. ആരോഗ്യമേഖല, ക്രിസ്മസ് ബോണസ്, സോഷ്യല്‍ വെല്‍ഫെയര്‍, വെള്ളപ്പൊക്ക ദുരുതാശ്വാസം, സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിങ്ങനെ ചെലവ് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ അധികച്ചെലവിനെ മറികടക്കാനായി ടാക്സ് വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ കാണുന്ന മാര്‍ഗം. അപ്പോഴും ബുദ്ധിമുട്ട് സാധാരണക്കാര്‍ക്കു തന്നെ.

ബ്രെക്സിറ്റ് സംഭവിച്ചതിനു ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് നിരവധി പേര്‍ ഷോപ്പിങ്ങിനായി പോകുന്നുണ്ട്. പൗണ്ടിന് മൂല്യമിടിഞ്ഞതിനാല്‍ കുറഞ്ഞ വിലയ്ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സാധനങ്ങള്‍ ലഭിക്കുമെന്നതാണ് കാരണം. ഇത് വലിയ രീതിയില്‍ അയര്‍ലണ്ടിനെ ബാധിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്ത കൗണ്ടികളിലെ കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ ഇത് സമ്പദ് വ്യവസ്ഥയെ ബാധിക്കും. യുകെ സൈറ്റുകളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്ന ഐറിഷുകാരുടെ എണ്ണം കൂടിയതും തിരിച്ചടിയാണ്.

ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് ‘കടം’ എന്ന വാക്കിലേയ്ക്കാണ്. കടമെടുക്കാതെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. സാമ്പത്തിക മേഖലയില്‍ അയര്‍ലണ്ട് നേരിടുന്ന പ്രധാന പ്രശ്നവും ഇതുതന്നെ.

Scroll To Top