Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ നിര്യാതനായ ജോസഫിന്റെ സഹോദരന്‍ എത്തി,അനന്തര നടപടികള്‍ ആലോചിക്കാന്‍ ആഡംസ് ടൌണില്‍ ഇന്ന് വൈകിട്ട് മലയാളി സമൂഹം യോഗം ചേരും

ഡബ്ലിനില്‍ നിര്യാതനായ ജോസഫിന്റെ സഹോദരന്‍ എത്തി,അനന്തര നടപടികള്‍ ആലോചിക്കാന്‍ ആഡംസ് ടൌണില്‍ ഇന്ന് വൈകിട്ട് മലയാളി സമൂഹം യോഗം ചേരും

ഡബ്ലിന്‍:കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നിര്യാതനായ ചങ്ങനാശ്ശേരി കുന്നത്താനം തൃക്കൊടിത്താനം ചാഞ്ചൊടി സ്വദേശി പടിഞ്ഞാറേതില്‍  ജോസഫ് ജോര്‍ജിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു.ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിന്നും ജോസഫിന്റെ സഹോദരന്‍ ജോണ്‍സണ്‍ ഡബ്ലിനില്‍ എത്തിചേര്‍ന്നിട്ടുണ്ട്.
ജോസഫിന്റെ മൃതദേഹം ഔദ്യോഗികമായി തിരിച്ചറിയാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി സഹോദരന്‍ പിന്നീട് ഡബ്ലിനിലെ മോര്‍ച്ചറിയില്‍ എത്തിയത് വികാരസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹം അഹമദാബാദിലേയ്ക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിനിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഷിബു ചീരംവേലി,രാജു കുന്നക്കാട്ട്,ബിജു വൈക്കം എന്നിവരും ചങ്ങനാശ്ശേരി തുടങ്ങിയവര്‍ ജോസഫിന്റെ സഹോദരനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തുടര്‍ന്ന് ജോസഫിന്റെ കാസില്‍ ഗേറ്റ് മ്യൂസിലെത്തിയ ജോണ്‍സന്റെ സാന്നിദ്ധ്യത്തില്‍ ഗാര്‍ഡ വീട് പരിശോധിക്കുകയും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള നടപടികളെക്കുറിച്ച് മലയാളി സുഹൃത്തുക്കളോട് ചര്‍ച്ച നടത്തുകയും ചെയ്തു.
ഇന്ന് വൈകിട്ട് ഡബ്ലിനിലെ മലയാളി സമൂഹത്തിന്റെ പ്രതിനിധികളുടെ യോഗം ചേര്‍ന്ന് അനന്തരനടപടികള്‍ തീരുമാനിക്കും.ആഡംസ് ടൌണിലെ കാസില്‍ ഗേറ്റ് മ്യൂസിലെ നാലാം നമ്പര്‍ വീട്ടില്‍ വൈകിട്ട് 7.30 ന് നടക്കുന്ന യോഗത്തിലേയ്ക്ക് സംഘടനകളുടെയും സമുദായങ്ങളുടെയും പ്രതിനിധികള്‍ എത്തിചേരണമെന്ന് ഫാ. ആന്റണി ചീരംവേലില്‍ അഭ്യര്‍ഥിച്ചു.
ജോസഫിന്റെ മൃതദേഹം ആഡംസ് ടൌണിലെ കാസില്‍ ഗേറ്റ് മ്യൂസിലെ സ്വന്തം വീട്ടിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇദ്ദേഹത്തെ കാണാതിരുന്നതിനാലും ഫോണില്‍ പ്രതീകരണം ലഭിക്കാതെ വന്നതിനാലും അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് ഗാര്‍ഡയെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ജോസഫ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എല്ലാ ദിവസവും വീടിന്റെ മുന്‍വശത്തെ തുറന്നിട്ട ജനാലയ്ക്കരികില്‍ ഇരിക്കുന്ന ജോസഫിനെ ഏതാനം ദിവസങ്ങളായി അവിടെ കാണാതെ വന്നതിനെ തുടര്‍ന്ന് സമീപവാസിയായ ടാക്‌സി കാര്‍ ഡ്രൈവറാണ് സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചത്. രാത്രി ഏറെ വൈകി ഓട്ടം കഴിഞ്ഞെത്തുമ്പോഴും എല്ലാ ദിവസവും അതേ സ്ഥലത്ത് ജോസഫിനെ ഇദ്ദേഹം കാണാറൂണ്ടായിരുന്നു.തുടര്‍ന്ന് ഇദ്ദേഹവും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ എത്തിച്ചു നല്കിയിരുന്ന ഫുഡ് പാഴ്‌സല്‍ രണ്ടു ദിവസമായി വീടിനു പുറത്തു തന്നെ ഇരിക്കുന്നത് കണ്ടതോടെ ഇവര്‍ ഗാര്‍ഡയെ വിവരം അറിയിക്കുകയായിരുന്നു.

 

Scroll To Top