Sunday December 04, 2016
Latest Updates

25 വര്‍ഷമായി അയര്‍ലണ്ടില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ ഡോക്റ്റര്‍ മരിച്ചു,സംസ്‌കാരം നടത്തിയത് അഞ്ചു മാസങ്ങള്‍ക്ക് ശേഷം

25 വര്‍ഷമായി അയര്‍ലണ്ടില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ ഡോക്റ്റര്‍ മരിച്ചു,സംസ്‌കാരം നടത്തിയത് അഞ്ചു മാസങ്ങള്‍ക്ക് ശേഷം

ഡബ്ലിന്‍: കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ അയര്‍ലണ്ടില്‍ ജീവിച്ചു പോന്ന മറ്റൊരു ഇന്ത്യന്‍ ഡോക്റ്റര്‍ക്ക് കൂടി ഡബ്ലിന്‍ നഗരം അന്ത്യ വിശ്രമമൊരുക്കി. മാറ്റര്‍ ആശുപത്രിയിലെ ഡോക്റ്റര്‍ ആയിരുന്ന തെലുങ്കാന സ്വദേശി ഡോ.സുബ്ബറാവു നവലുരു എന്ന 61 വയസുകാരന്റെ ഭൗതിക ദേഹമാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നെത്തിയ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഡബ്ലിനില്‍ സംസ്‌കരിച്ചത്.

ഉന്നതബിരുദ പഠനത്തിനായി 1989 ലാണ് ഇദ്ദേഹം ഡബ്ലിനില്‍ എത്തിയത്.2000 മുതല്‍ കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.പഠനത്തിന് ശേഷം 1995 ല്‍ മാറ്റര്‍ യൂണിവേഴ്‌സിറ്റി ആശുപത്രില്‍ ജോലിയ്ക്ക് പ്രവേശിച്ച സുബ്ബറാവുപിന്നിട് ജെയിംസ് കൊണോലി ആശുപത്രി,നേസ് ജനറല്‍ ആശുപത്രി,സെന്റ് മൈക്കില്‍സ് ആശുപത്രി എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിരുന്നു.

2015 ഡിസംബര്‍ മാസത്തിലാണ് ഡോ.സുബറാവുവിനെ മരിച്ച നിലയില്‍ ക്‌ളോഡാല്‍ക്കിനിലെ സ്വന്തം വീട്ടില്‍ കണ്ടെത്തിയത്.ബന്ധുക്കളെ തേടിയുള്ള അന്വേഷണം നാല് മാസം നീണ്ടു.അവസാനം ഗാര്‍ഡയുടെയും ഇന്ത്യന്‍ എംബസിയുടെയും തിരച്ചലിനൊടുവില്‍ പരേതന്റെ ബാംഗ്ലൂരിലുള്ള സഹോദരനെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സഹോദരന്‍ ഡബ്ലിനില്‍ എത്തുകയും ഡിസംബര്‍ മുതല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഭൗതികദേഹം പുറത്തെടുത്ത് മതപരമായ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെയും എംബസിയുടെയും സഹകരണത്തോടെ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.

ആദ്യ കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍ ജോലി തേടിയെത്തിയ ഡോക്റ്റര്‍മാരും എഞ്ചിനിയര്‍മാരും അടക്കമുള്ള ഒട്ടേറെ പേരാണ് ഇപ്പോഴും അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ ജന്മനാടുമായി ബന്ധം പുലര്‍ത്താതെ ജീവിക്കുന്നത്.രണ്ടായിരാമാണ്ടിന് മുമ്പ് അയര്‍ലണ്ടില്‍ എത്തി ജന്മനാടുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ഇവിടെ തന്നെ സംസ്‌കാരം നടത്തുന്നവരുടെ പരമ്പരയിലെ അവസാനത്തെ ആളാണ് ഡോ.സുബ്ബറാവു.മാര്‍ച്ച് മാസത്തില്‍ നിര്യാതനായ തിരുവനന്തപുരം സ്വദേശി ഡോ.ബാലേന്ദ്രയുള്‍പ്പെടെ ഏഴോളം ഡോക്റ്റര്‍മാര്‍ മാത്രം ഈ നിരയില്‍ പെടുന്നു.ഇവരുടെ എല്ലാം മൃതദേഹം ഇന്ത്യയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തുന്നത് വരെ സൂക്ഷിച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്.

Scroll To Top