Wednesday January 24, 2018
Latest Updates

‘ഡാര്‍വിന്റെ പരിണാമം’ അയര്‍ലണ്ടില്‍ ; പുതുമ തേടുന്ന സംവിധായകന്റെ നല്ല ചലച്ചിത്ര ശ്രമം

‘ഡാര്‍വിന്റെ പരിണാമം’  അയര്‍ലണ്ടില്‍ ; പുതുമ തേടുന്ന സംവിധായകന്റെ നല്ല ചലച്ചിത്ര ശ്രമം

darജിജോ ആന്റണി സംവിധാനം ചെയ്ത ‘ഡാര്‍വിന്റെ പരിണാമം’ ആഖ്യാനത്തില്‍ കൗതുകം നിറച്ച സിനിമയാണ്. നായകനെ വില്ലനും വില്ലനെ നായകനുമാക്കിക്കൊണ്ട് പുതുമ തേടാനുള്ള ശ്രമം ചിത്രത്തിന്റെ തിരക്കഥയിലും അവതരണത്തിലും കാണാം. ഇടയ്‌ക്കെപ്പോഴോ കൈവിട്ടുപോകുന്ന ആഖ്യാനകൗശലം പ്രേക്ഷകരിലേക്കിറങ്ങിച്ചെല്ലാന്‍ തടസ്സമാകുന്നുണ്ടെങ്കിലും ഈ വര്ഷം ഇറങ്ങിയതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് ഈ പരിണാമ കഥ.
ഗോറില്ല എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന ഡാര്‍വിന്‍ (ചെമ്പന്‍ വിനോദ് ജോസ്) ആണ് ചിത്രത്തിലെ ‘നായകന്‍.’ കൊച്ചിയില്‍ അല്ലറ ചില്ലറ കൊട്ടേഷനും കള്ളക്കടത്തുമൊക്കെയായി ജീവിക്കുന്നു. ഇതിനിടെ കോട്ടയത്തു നിന്നും കൊച്ചിയിലെത്തുന്ന അനില്‍ ആന്റോ (പൃഥ്വിരാജ്) ഡാര്‍വിന്റെ അനുജനുമായി ഉടക്കുകയും അത് ക്രമേണ ഡാര്‍വിനും അനിലും തമ്മിലുള്ള പ്രശ്‌നമായി പരിണമിക്കുകയും ചെയ്യുന്നു. ഇതാണ് കഥാസാരം.
ഈ കഥയില്‍ അനില്‍ വില്ലനാണ് എന്ന് ആദ്യം തന്നെ സംവിധായകന്‍ രഞ്ജിത്തിന്റെ ശബ്ദത്തിലുള്ള വോയ്‌സ് ഓവര്‍ പ്രേക്ഷകരോട് പറയുന്നുണ്ട്. ഡാര്‍വിന്‍ നായകനാണെന്നും. ഈ വില്ലന്‍നായകന്‍ കളിയിലാണ് സിനിമയുടെ രസം മുഴുവന്‍. കൊട്ടേഷനും മറ്റ് കൊള്ളരുതായ്മകളും കാട്ടി ജീവിക്കുന്ന ഒരാള്‍ക്കെന്താ നായകനായിക്കൂടേ എന്ന അടിസ്ഥാന ചോദ്യമാണ് സിനിമ ചോദിക്കുന്നത്. അതേസമയം ഈ കൊള്ളരുതായ്മകള്‍ സഹിക്കാനാകാതെ പ്രതികരിച്ചു പോകുന്ന ഒരു പാവം മനുഷ്യന്‍ എന്താ വില്ലനല്ലേ എന്നും സിനിമ ചോദിക്കുന്നു.
നായകനെ എതിര്‍ക്കുവന്‍ ആരാണോ അവനാണ് വില്ലന്‍ എന്ന നമ്മുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റി മറിക്കാനുള്ള ഒരു ശ്രമമായാണ് ‘ഡാര്‍വിന്റെ പരിണാമം, അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് തന്റെ ഭാര്യയെ ഉപദ്രവിച്ച, ഗര്‍ഭമലസാന്‍ കാരണമായ ‘നായകന്റെ’ വില്ലനായി പൃഥ്വിരാജിന്റെ കഥാപാത്രം മാറുന്നതും. നായകനും തോല്‍വികളാകാം എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയാനും ചിത്രം ധൈര്യം കാണിച്ചിട്ടുണ്ട്.
നേരത്തെ പറഞ്ഞതു പോലെ കഥയെക്കാള്‍ അത് അവതരിപ്പിക്കുന്ന രീതിക്കാണ് സിനിമയില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ചികഞ്ഞു ചെന്നാല്‍ പുതുമയേതുമില്ലാത്ത കഥയാണ് സിനിമ പറയുന്നത് എന്നും മനസ്സിലാക്കാം. അതേസമയം അനിലിന്റെ മുതലെല്ലാം കളവ് ചെയ്ത് അയാളെ തകര്‍ക്കാനുള്ള ഡാര്‍വിന്റെ ശ്രമം ഏറെ രസകരമാണ്.
അവതരണ മികവിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, പൃഥ്വിരാജ് തുടങ്ങിയവരുടെ ഊര്‍ജ്ജ്വസ്വലമായ പ്രകടനമാണ് ചിത്രത്തിലെ മറ്റൊരു ആകര്‍ഷണീയത. ഷമ്മി തിലകന്‍, നായികയായ ചാന്ദ്‌നി ശ്രീധരന്‍, സൗബിന്‍ സാഹിര്‍, ധര്‍മ്മജന്‍, ബാലു വര്‍ഗ്ഗീസ് തുടങ്ങി മറ്റ് അഭിനേതാക്കളും ഇവരെ നന്നായി പിന്തുണയ്ക്കു പ്രകടനമാണ് നടത്തിയിട്ടുള്ളത്.
അഭിനന്ദന്‍ രാമാനുജത്തിന്റെ ഛായാഗ്രഹണം മനോഹരമാണ്. ചില രാത്രി ഫ്രെയിമുകളില്‍ നല്ല ഒതുക്കവും മിഴിവുമുള്ള ദൃശ്യങ്ങളൊരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും നല്ല നിലവാരമാണ് പുലര്‍ത്തുന്നത്. ഇതിനെല്ലാം പുറമെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം തന്നെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
രണ്ടാം പകുതിയിലെ ചിലയിടത്തെങ്കിലും ബോറടിപ്പിക്കുകയും ചെയ്യുന്നുണ്ട് ചിത്രം.എങ്കിലും നല്ല ഒരു ശ്രമം എന്ന രീതിയിലും, പുതുമ നിറഞ്ഞ അവതരണ മികവിന്റെ പ്രതേകതകള്‍ കൊണ്ടും ‘ഡാര്‍വിന്റെ പരിണാമം.’ വേറിട്ടു നില്‍ക്കുന്നു .
കെ ആര്‍ സൂരജ്

Scroll To Top