Tuesday November 21, 2017
Latest Updates

ഡാനിയേല്‍ രാമമൂര്‍ത്തി :അയര്‍ലണ്ടിലെ ഏറ്റവും തിരക്കുള്ള ഇന്ത്യാക്കാരന്‍ !

ഡാനിയേല്‍ രാമമൂര്‍ത്തി :അയര്‍ലണ്ടിലെ ഏറ്റവും തിരക്കുള്ള ഇന്ത്യാക്കാരന്‍ !

ഡാനിയേല്‍ രാമമൂര്‍ത്തി എന്ന ചെറുപ്പക്കാരന്‍ ഡബ്ലിന്‍ നഗരത്തില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.ഒരിക്കലെങ്കിലും ഡാനിയേലിനെ കേള്‍ക്കുന്നവര്‍ ആ യുവതാരത്തെ മറക്കാന്‍ സാധ്യതയില്ലാത്ത വിധം ആകര്‍ഷണ വലയത്തില്‍ വീണു പോയേക്കാം.അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ഒരു മുഖചിത്രമാണ് ദൈവപ്രസാദമുള്ള ഈ ചെറുപ്പക്കാരന്‍.rm 

അയര്‍ലണ്ടിലെ ഏറ്റവും തിരക്കുള്ള ഒരു ഇന്ത്യാക്കാരന്‍  ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ.ഡാനിയേല്‍ രാമമൂര്‍ത്തി. 24 മണിക്കൂറുള്ളൂ ഒരു ദിവസത്തിനുള്ളൂവെങ്കിലും അത്രയും സമയം മാത്രം അനുവദിച്ചത് കുറഞ്ഞുപോയെന്ന് സൃഷ്ടാവിന് തോന്നുന്നുണ്ടാവും ഡാനിയേലിനെ കാണുമ്പോള്‍.അത്രയേറെ പദ്ധതികളിലാണ് ഡാനിയേല്‍ ഓരോ ദിവസവും ഇടപെടുന്നത്!.

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്റെ മകനായി ചെറുപ്പകാലം അയര്‍ലണ്ടില്‍ ചിലവഴിച്ചിട്ടുണ്ടെങ്കിലും ഡാനിയേലിന്റെ രണ്ടാം വരവ് വില കൊടുത്ത് വാങ്ങിയ ഒരു വിസയുമായി ആയിരുന്നു.ചുരുങ്ങിയത് അമ്പതിനായിരം യൂറോ മുതല്‍ മുടക്കാന്‍ തയാറായി അയര്‍ലണ്ടില്‍ എത്തിയാല്‍ തുടങ്ങാവുന്ന ഐറിഷ് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് എന്റര്‍പ്രൈസ് സ്‌കീമില്‍ എത്തിയ ഈ ചെറുപ്പക്കാരന്‍ പക്ഷെ രണ്ടു വര്‍ഷം കൊണ്ട് അയര്‍ലണ്ടിലെ എല്ലാ സംരംഭകരുടേയും ഉപദേശകനാവുന്നത്ര വളര്‍ന്നത് ഏതൊരു ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന വിധത്തിലാണ്.

അയര്‍ലണ്ടിലെത്തി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നവസംരഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ഏഴംഗ ഉപദേശക സമിതിയിലെ അംഗമായി കഴിഞ്ഞു ഈ മിടുക്കന്‍.പോരാ…ധനകാര്യ മന്ത്രാലയം,ഈക്വാലിറ്റി ആന്‍ഡ് ജസ്റ്റീസ് മന്ത്രാലയം എന്നിവിടങ്ങളിലെ കൂടിയാലോചന സമിതികളിലും ഡാനിയേല്‍ അംഗമാണ്.അയര്‍ലണ്ടില്‍ ഇപ്പോള്‍ നടത്തപ്പെടുന്ന പ്രാദേശിക പരിപാടികളില്‍ മാത്രമല്ല നിരവധി ദേശീയ അന്തര്‍ദേശീയ സംരഭകത്വ സെമിനാറുകളിലും ഡാനിയേലിന്റെ സജീവ സാന്നിധ്യം ഉറപ്പിക്കുന്നവയാണ്.

അതിര്‍ത്തികളിലാത്ത സംരഭകത്വ ലോകത്തെ കുറിച്ചു സ്വപ്നം കാണാനും സ്വന്തം കണ്ടെത്തലുകളില്‍ പുതിയ വഴികള്‍ തുറക്കാനുമാണ് ഡാനിയേലിന്റെ ശ്രമം.’നിശ്ചിതമായ ഒരു പെട്ടിക്കുള്ളില്‍ അടച്ചിരുന്നു ചെയ്യാനുള്ളതല്ല ഓരോ ബിസിനസും.ഒരാള്‍ ചെയ്യുന്നത് കോപ്പിയടിക്കുന്നതുമല്ല ബിസിനസ്.ഓരോരുത്തരും സ്വന്തം അഭിരുചിക്കനുസരിച്ചുള്ള ഇഷ്ട്ടങ്ങള്‍ രൂപപ്പെടുത്തുന്നതും അവ ആവശ്യമുള്ളപ്പോള്‍ പരിവര്‍ത്തനപ്പെടുത്തുന്നതുമാണ് ബിസിനസ്’.ഡാനിയേല്‍ പറയുന്നു.

ഇവിടെ എത്തപ്പെടുന്ന കുടിയേറ്റക്കാരെ തേടി ആവശ്യത്തില്‍ അധികം അവസരങ്ങള്‍ കാത്തിരിപ്പുണ്ട്.വളരെ കുറച്ചു പേരെ അത് പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഒരു പോരായ്മ,ഡാനിയേല്‍ പറയുന്നു.ട്രീ ഹൗസ് എന്ന പേരില്‍ ഡാനിയേല്‍ ആരംഭിച്ച സംരഭകത്വ പ്രോത്സാഹന പരിശീലന കേന്ദ്രം മറ്റുള്ളവര്‍ക്കെന്നത് പോലെ എത്തിനിക് മൈനോരിറ്റി ഗ്രൂപ്പില്‍ പെട്ടവര്‍ക്കും പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.dr4
കുടിയേറ്റക്കാര്‍ക്ക് സ്വാശ്രയത്വം നേടാനുള്ള വഴികളാണ് നാം തുറക്കേണ്ടത്.ഒരാള്‍ക്ക് മാത്രം ജോലിയുള്ള കുടുംബങ്ങളിലെ താത്പര്യമുള്ളവര്‍ ഇഷ്ടമുള്ള മറ്റു സംരംഭ ങ്ങള്‍ തുടങ്ങാന്‍ മടിയ്ക്കരുത്,ഒറ്റയ്ക്ക് പൊരുതാന്‍ വയ്യാത്തവര്‍ കമ്മ്യൂണിറ്റികളുടെ അടിസ്ഥാനത്തില്‍ അവസരങ്ങള്‍ തേടി നേട്ടങ്ങള്‍ കൊയ്യാന്‍ അയര്‍ലണ്ട് പോലെ മറ്റൊരു രാജ്യമില്ല,മുപ്പതു വയസിനുള്ളില്‍ പത്തോളം രാജ്യങ്ങളിലുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഡാനിയേല്‍ അഭിപ്രായപ്പെടുന്നു.

ഇതുവരെ താന്‍ ജീവിച്ച പത്തു രാജ്യങ്ങളില്‍ വീട്ടിലെന്ന തോന്നല്‍ നല്കുന്നത് അയര്‍ലണ്ടില്‍ മാത്രമായിരിക്കുമ്പോളെന്ന് ഡാനിയേല്‍ രാമമൂര്‍ത്തി. ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള രാജ്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’എവിടെ ചെന്നാലും താന്‍ വെറുക്കുന്നതും തനിക്കുനേരെ ഉയരുന്നതുമായ ചോദ്യമാണ് ‘എവിടെ നിന്നു വരുന്നു എന്ന്’. ഉത്തരം പറയാന്‍ ബുദ്ധിമുട്ടാറുണ്ട്.അയര്‍ലണ്ടില്‍ പക്ഷെ അത്തരമൊരു ചോദ്യം തന്നെ അപൂര്‍വമായേ നിങ്ങള്‍ക്ക് കേള്‍ക്കാനാവു!

അയര്‍ലണ്ട് ഒഴികെ മറ്റു രാജ്യങ്ങളിലൊന്നും ഏതാനും വര്‍ഷങ്ങളില്‍ കൂടുതല്‍ ചെലവഴിച്ചിട്ടില്ല. ഇന്ത്യക്കാരനാണെങ്കിലും ജനിച്ചത് യുഎഇലാണ്. അച്ഛന്‍ രാജ്യതന്ത്ര പ്രതിനിധി ആയിരുന്നതിനാല്‍ ഒരിടത്തും അധികനാള്‍ തങ്ങിയില്ല. യെമനില്‍ നിന്ന് ഫ്രാന്‍സിലേക്ക്, അള്‍ജിരിയയില്‍ നിന് ഇന്ത്യയിലേക്ക്, സിംബാവേയില്‍ നിന്ന് മൊറോക്കയിലേക്ക്.മൊറോക്കോയില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയായ ശേഷമാണ് യുഎസിലേക്ക് പോയത്. അവിടെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എക്കണോമിക്‌സ് പഠിക്കുകയും പിന്നീട് എന്‍ട്രപ്രണര്‍ സ്‌കില്‍ രൂപപ്പെടുത്തുകയുമായിരുന്നു. പഠനത്തിനു ശേഷം യുണെറ്റഡ് നേഷന്‍സിനായി ഇന്‍ഡോനേഷ്യയില്‍ പ്രവര്‍ത്തിച്ചു. അവിടെ വച്ചാണ് വേള്‍ഡ് വിഷനില്‍ ചേരുന്നത്. പിന്നീടാണ് ഇന്ത്യയിലേക്ക് . 2010ലാണ് തുടര്‍പഠനത്തിനായി ഡബ്ലിനില്‍ എത്തുന്നത്. അവിടെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദാന്തര പഠനവും പൂര്‍ത്തിയാക്കി. പിന്നീട് ജോലിക്കായി യുഎസിലേക്ക് തിരിച്ചെങ്കിലും അയര്‍ലണ്ടിലേക്ക് തന്നെ പുതിയ ആകാശം തേടി മടങ്ങിയെത്തി.

രണ്ടു മാസത്തിനുള്ളില്‍ അദ്ദേഹത്തിനു മുന്നില്‍ വഴിതെളിഞ്ഞു. അയര്‍ലണ്ട് അവസരങ്ങളുടെയും അവിശ്വസനീയമായ സംസ്‌കാരത്തിന്റെയും നാടാണെന്നും ശരിയായി അവസരങ്ങള്‍ വിനിയോഗിച്ചാല്‍ ലക്ഷ്യത്തിലെത്താമെന്നും ആര്‍ക്കും കണ്ടെത്താവുന്നതെയുള്ളൂ.ഡാനിയേല്‍ അഭിപ്രായപ്പെട്ടു. 

ഇപ്പോള്‍ ഏഴു ജോബ് ടൈറ്റിലുകള്‍ക്ക് ഉടമയാണ് ഡാനിയേല്‍.

അയര്‍ലണ്ടില്‍ തിരിച്ചെത്തിയശേഷം സ്പിരിറ്റ് റേഡിയോയില്‍ അവതാരകനായി. നാലുവര്‍ഷങ്ങള്‍ക്ക് ശേഷവും തിങ്കളാഴ്ച രാത്രി പ്രത്യേക ഷോ അവതരിപ്പിക്കുന്നു. ഒരു ബിസിനസ്മാനും എന്റര്‍പ്രണററും എന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പുകളുമായും സഹകരിക്കുന്നു. 

ഗോസ്പല്‍ ഗായകന്‍ കൂടിയായ ഡാനിയേല്‍ ജോലി കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഗോസ്പല്‍ മ്യൂസിക് ട്രൂപ്പിനൊപ്പമാണ്.DR2
സഹോദരിയും  അമ്മയും വടക്കേ അമേരിക്കയിലും അച്ഛന്‍ ഇന്ത്യയിലുമാണ്. എല്ലാവരും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയാണെങ്കിലും സമീപത്താണെന്ന തോന്നലാണ് ഉള്ളതെന്ന് ഡാനിയേല്‍ പറയും . 

തിരക്കുകള്‍ ഇഷ്ടപ്പെടുന്ന ഡാനിയേല്‍ വീണ്ടും തിരക്കുകള്‍ തേടുകയാണ്.സമയത്തെ പിന്നിലാക്കി ഓടാന്‍ തയാറാകുന്നവര്‍ക്കു മുന്നിലോടി വഴികാട്ടാന്‍.’ഇന്ത്യാക്കാര്‍ സമയത്തിന് മുമ്പേ ഓടേണ്ടവരാണ്,നാം ലോകത്തിന് വഴി തുറന്നു കൊടുക്കേണ്ടവരാണ്’.ഡാനിയേല്‍ അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ ഓര്‍മ്മിപ്പിക്കുന്നത് കൂടുതല്‍ നിശ്ചയദാര്‍ഢ്യമുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു തന്നെയാണ്.DRdr6


ഡാനിയലുമായി ബന്ധപ്പെടാന്‍ സന്ദര്‍ശിക്കുക: http://www.iamdanram.com/Scroll To Top