Tuesday September 25, 2018
Latest Updates

പ്രളയത്തില്‍ പശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പാല് കറന്ന് പുഴയില്‍ കളഞ്ഞ് കര്‍ഷകര്‍

പ്രളയത്തില്‍ പശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പാല് കറന്ന് പുഴയില്‍ കളഞ്ഞ് കര്‍ഷകര്‍

ചമ്പക്കുളം: കേരളം പാലിനായി നെട്ടോട്ടമോടുമ്പോള്‍ കര്‍ഷകര്‍ പാല്‍ വെള്ളത്തില്‍ ഒഴുക്കി കളയുകയാണ് നിരവധി കര്‍ഷകര്‍.പശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരും കൂട്ടിനുണ്ട്.

തൊഴുത്തിലും വീട്ടിലും റോഡിലും വെള്ളം കയറിയതിനെത്തുടര്‍ന്നു ദുരിസ്ഥാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട ക്ഷീരകര്‍ഷകരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇതിനിടയില്‍ കന്നുകാലികളെ ഉയര്‍ന്ന പാലങ്ങളിലേക്ക് മാറ്റിക്കെട്ടുവാന്‍ കഴിഞ്ഞത്. കാര്യമായ മുന്നറിയിപ്പ് ഇല്ലാതിരുന്നതിനാല്‍ നല്ലൊരു ശതമാനം വളര്‍ത്തുമൃഗങ്ങളും അപകടത്തിലായി. സംരക്ഷണവും ലഭിക്കാതെ പലതും ചത്തൊടുങ്ങി.

പാലങ്ങളില്‍ മാറ്റിക്കെട്ടിയ പശുക്കളില്‍ കറവ നടക്കാത്തതിനാല്‍ പാല് വറ്റുകയും വ്യാപകമായി അകിട് വീക്കം ഉണ്ടാവുകയും ചെയ്യുന്നതായി കര്‍ഷകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ചെറുവള്ളം ഊന്നിയും കഴുത്തറ്റം വെള്ളത്തില്‍ നീന്തിയും കര്‍ഷകര്‍ കാലികളെ കറക്കാന്‍ എത്തുന്നത്. കറന്നു കിട്ടുന്ന പാല്‍ ചുമന്നു തിരിച്ചു നീന്താന്‍ നിര്‍വ്വാഹമില്ല. അതിനാല്‍ കറന്ന പാല്‍ താഴെ ആറ്റിലേക്ക് ഒഴുക്കി കളയുന്നു.

കാലികള്‍ക്ക് കൊടുക്കാന്‍ മതിയായ ഭക്ഷണവും ലഭ്യമല്ല. കൊയ്ത്തുകാലത്തു ശേഖരിച്ചു വച്ചിരുന്ന വൈക്കോല്‍ വെള്ളം കയറി നശിച്ചു. പച്ചപുല്ല് ഇനി എങ്ങും ലഭ്യമല്ല. വെള്ളം ഇറങ്ങിക്കഴിഞ്ഞാലും പശുകള്‍ക്ക് എവിടെ നിന്നും ആഹാരം ലഭ്യമാകും എന്ന് കര്‍ഷകര്‍ക്ക് അറിയില്ല. തൊഴുത്തില്‍ ഉണ്ടായിരുന്ന പാത്രസാമഗ്രികള്‍ നഷ്ടപ്പെട്ടു. വരുമാനവും നിലച്ചു. പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞു, പെരുമഴയത്തും തണുത്തുറഞ്ഞ കാലവസ്ഥയിലും പട്ടിണി നിന്ന മൃഗങ്ങള്‍ക്ക് അതിജീവനം പ്രയാസകരമാണ്.

പതിനായിരക്കണക്കിന് കന്നുകാലികള്‍ പ്രളയദുരന്തത്തില്‍ പെട്ടു മരിച്ചതോടെ അവയെ ആകര്‍ഷിച്ചു ജീവിച്ചു പോന്ന മനുഷ്യരും സങ്കടപ്പെരുമഴയിലാവും.

Scroll To Top