Sunday December 11, 2016
Latest Updates

എന്ടാ കെന്നിയടക്കം നാല് നേതാക്കളും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള വോട്ടിംഗില്‍ പരാജയപ്പെട്ടു

എന്ടാ കെന്നിയടക്കം നാല് നേതാക്കളും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള വോട്ടിംഗില്‍ പരാജയപ്പെട്ടു

ഡബ്ലിന്‍:പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഐറിഷ് പാര്‍ലിമെന്റിന്റെ അംഗീകാരം നേടുന്നതില്‍ ഫിനഗേല്‍ നേതാവും നിലവിലുള്ള പ്രധാനമന്ത്രിയുമായ എന്ടാ കെന്നിയടക്കം നാല് നേതാക്കളും പരാജയപ്പെട്ടു.ഫിയനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍,ഷിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ്,പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് സ്ഥാനാര്‍ഥി റിച്ചാര്‍ഡ് ബോയിഡ് ബാരറ് എന്നിവരാണ് കെന്നിയ്ക്ക് പുറമേ മത്സരരംഗത്ത് ഉണ്ടായിരുന്നത്.

ആദ്യമായി വോട്ടെടുപ്പ് നടത്തിയത് എന്ട കെന്നിയ്ക്ക് വേണ്ടിയാണ്.57 വോട്ട് അനുകൂലിച്ചും 94 വോട്ട് എതിരായുമാണ് കെന്നിയ്ക്ക് ലഭിച്ചത്.50 അംഗ സ്വന്തം പാര്‍ട്ടിയും 7 അംഗ ലേബര്‍ ഗ്രൂപ്പും എന്ട കെന്നിയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു.

പിന്നിട് വോട്ടെടുപ്പ് നടന്നത് മൈക്കില്‍ മാര്‍ട്ടിന്റെ സ്ഥാനാര്‍ഥിത്തിനു വേണ്ടിയാണ്.43 വോട്ടുകള്‍ അനുകൂലമായപ്പോള്‍ 108 വോട്ടുകള്‍ മാര്‍ട്ടിന് എതിരായി.

അടുത്ത ഊഴം ജെറി ആഡംസിന്റെയായിരുന്നു.23 അംഗ ഷിന്‍ ഫെയിന്‍ പാര്‍ട്ടിയുടെ നേതാവിന് 24 വോട്ട് ലഭിച്ചു.മറ്റേതോ പാര്‍ട്ടിയിലെ ഒരംഗം ഷിന്‍ ഫെയിനു വേണ്ടി വോട്ടു ചെയ്തിട്ടുണ്ട്.

നാലാമത്തെയും അവസാനത്തെയും സ്ഥാനര്‍ഥിയായി രംഗത്തെത്തിയ ബോയിഡ് ബാരറ്റിന് വെറും 9 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 111 വോട്ടുകള്‍ എതിരായി.

ഇതേ തുടര്‍ന്ന് തനിക്കു പ്രധാനമന്ത്രിയാവാന്‍ പിന്തുണ ലഭിക്കാത്തതിനാലും,മറ്റാര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലും രാജി സന്നദ്ധത അറിയിച്ച് കൊണ്ട് രാഷ്ട്രപതിയെ കാണാന്‍ പോവുകയാണെന്ന് എന്ട കെന്നി സഭയോട് വ്യക്തമാക്കി.പുതിയ സര്‍ക്കാര്‍ രൂപം കൊള്ളും വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ നിലവിലുള്ള സര്‍ക്കാരിന് രാഷ്ട്രപതി അനുമതി നല്കുകയാണ് പതിവ്.

സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ച് പതിവ് യൂ എസ്സ് സന്ദര്‍ശനം അടുത്ത ദിവസം ആരംഭിക്കും.കാവല്‍ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും പ്രമുഖ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും.തുടര്‍ന്ന് അടുത്ത ബജറ്റിനു മുന്നോടിയായുള്ള സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റും കാവല്‍ സര്‍ക്കാര്‍ തന്നെ തയാറാക്കും.

ഇപ്പോഴത്തെ വിവരമനുസരിച്ച് കൂടുതല്‍ ധാരണകള്‍ രൂപപ്പെടുത്തി മാര്‍ച്ച് 22 നു വീണ്ടും സഭ വീണ്ടും നേതാവിനെ തിരഞ്ഞെടുക്കാനായി കൂടിയേക്കും.

Scroll To Top