Monday July 16, 2018
Latest Updates

അയര്‍ലണ്ടിലും സൈബര്‍ വൈറസ് ആക്രമണം- റാന്‍ഡ്സംവെയര്‍ ഐടി പ്രശ്നം മാത്രമല്ല-മുന്നറിയിപ്പുമായി വിദഗ്ധര്‍ ‘അത് വിവേചനമില്ലാത്ത സൈബര്‍ ഭീകരത ഒരു രാജ്യത്തിനും രക്ഷപ്പെടാനാവില്ല!

അയര്‍ലണ്ടിലും സൈബര്‍ വൈറസ് ആക്രമണം- റാന്‍ഡ്സംവെയര്‍ ഐടി പ്രശ്നം മാത്രമല്ല-മുന്നറിയിപ്പുമായി വിദഗ്ധര്‍ ‘അത് വിവേചനമില്ലാത്ത സൈബര്‍ ഭീകരത ഒരു രാജ്യത്തിനും രക്ഷപ്പെടാനാവില്ല!

ഡബ്ലിന്‍ : ലോകമാസകലം ഭീഷണിയുമുയര്‍ത്തി റാന്‍ഡ്സംവെയര്‍ ക്രിമിനലുകള്‍ യുദ്ധം പ്രഖ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.പണം ആവശ്യപ്പെട്ട് സൈബര്‍ മേഖലയില്‍ നുഴഞ്ഞു കയറി ഡിവൈസുകളെ അപകടപ്പെടുത്തുന്ന സംഘടിത നീക്കത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് ലോകം.104 രാജ്യങ്ങളിലാണ് ഇന്നലെ ഒരൊറ്റ ദിവസം മാത്രം അപകടകാരികളായ സൈബര്‍ വൈറസുകളെ കുറിച്ച് തീവ്രമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.ഇന്ത്യയിലും എ ടി എമ്മുകള്‍ അടക്കമുള്ള നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ അപകടത്തെ നേരിടേണ്ടി വരുന്നുണ്ടെന്നാണ് സൂചനകള്‍

കംപ്യൂട്ടറുകള്‍ ലോഗ് ഓണ്‍ ചെയ്യുമ്പോള്‍പണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വൈറസ് പ്രോഗ്രാമാണ് ആരോഗ്യമേഖലയെ ആകെ സ്തംഭിപ്പിച്ച് ഇന്നലെ യൂറോപ്പില്‍ വില്ലനായി മാറിയത്. കംപ്യൂട്ടറുകള്‍ നിശ്ചലമായതോടെ ആശുപത്രികളിലും ജിപി സെന്ററുകളിലും രോഗികളുടെ വിവരങ്ങള്‍ ലഭ്യമല്ലാതായി. ഓപ്പറേഷനുകളും എക്സ്റേ, സ്‌കാനിംങ് തുടങ്ങിയ പരിശോധനകളും മുടങ്ങി.യൂകെയിലെ 39 ആശുപത്രികളുടെയും നിരവധി ജിപി സെന്ററുകളുടെയും പ്രവര്‍ത്തനം ഇത്തരത്തില്‍ അവതാളത്തിലായതായാണ് ഒടുവില്‍ ലഭ്യമായ വിവരം.

അയര്‍ലണ്ടിലെ വെക്‌സ്‌ഫോര്‍ഡിലും WANNACRY എന്ന പേരിലുള്ള വൈറസ് കടന്നാക്രമണം നടത്തിയതായി ഐറിഷ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് വൃത്തങ്ങള്‍ സ്ഥിതീകരിച്ചു.

എച്ച് .എസ്.ഇ ഫണ്ട് ചെയ്യുന്ന ഒരു കേന്ദ്രത്തിലെ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ഒരു റാന്‍ഡ്സംവെയറിനെ തിരിച്ചറിഞ്ഞതിനാലാണ് അത് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞത്.

എച്.എസ്.ഇ. സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ വളരെ കുറ്റമറ്റതാണ്. ആക്രമണം അറിഞ്ഞ ഉടനെ കംപ്യൂട്ടറുകള്‍ക്കു പുറം ലോകവുമായുള്ള എല്ലാ ആക്സെസുകളും നീക്കിയതാണ് വലിയ കാര്യമായത്. അല്ലെങ്കില്‍ റിസള്‍ട്ട് മറ്റൊന്നായിരുന്നു.കംപ്യൂട്ടറുകളെ നെറ്റ് വര്‍ക്കുകളില്‍ നിന്നും വേര്‍പെടുത്തുകയെന്നത്തിന് കഠിന പ്രയത്‌നം വേണ്ടി വരും.കമ്മ്യൂണിക്കേഷന്‍ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വെക്സ് ഫോര്‍ഡ് സെന്ററിലെ സംഭവം ഒറ്റപ്പെട്ടതാണ്.അതിനെ തടഞ്ഞിട്ടുണ്ട്.ഭാഗ്യത്തിന് ആക്രമണകാരികളുടെ ലക്ഷ്യം പണമാണ്. അല്ലാതെ ആരോഗ്യ സമ്പ്രദായത്തെ തകര്‍ക്കുകയെന്നതാകാത്തത് നന്നായി. അല്ലെങ്കില്‍ ആകെ പ്രശ്നമാകുമായിരുന്നു.അവരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയില്‍ അത് സംഭവിക്കാനും ഇടയുണ്ട്.
.
‘എല്ലാ രാജ്യങ്ങളും കരുതിയിരിക്കുന്നത് വളരെ നല്ലതാണ്. ആരും റാന്‍ഡ്സംവെയര്‍ ക്രിമിനലുകളില്‍ നിന്നും സുരക്ഷിതരല്ല,ഒരു വിവേചനവും അവര്‍ക്കുണ്ടെന്നു തോന്നുന്നില്ല,എല്ലാവരും ഭീഷണിയിലാണ്’.സൈബര്‍ സുരക്ഷാ വിദഗ്ധന്‍ നല്‍കുന്ന ഈ മുന്നറിയിപ്പിനെ ഭയപ്പാടോടെയാണ് സര്‍ക്കാര്‍ കാണുന്നത്.’റാന്‍ഡ്സം വെയറിന് ഒരു വേര്‍തിരിവുമില്ല,ക്രിമിനല്‍സിന് ഏതു ദേശീയതയും വിഷയമല്ലല്ലോ’.സൈബര്‍ വിദഗ്ധന്‍ കെറിഗന്‍ ക്യൊരു പറഞ്ഞു.

യൂറോപ്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പ്രശ്നമാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണം.ഒരു പക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണവും ഇതുതന്നെയാവാം.

സമാനമായ വൈറസുകള്‍ ഇന്നലെ എഴുപതോളം രാജ്യങ്ങളിലെ നൂറകണക്കിനു സ്ഥാപനങ്ങളെയും സേവനങ്ങളെയും തളര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി ടെലികോം നെറ്റ്വര്‍ക്കിംങ് കമ്പനികളെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം

ആരോഗ്യമേഖലയെ മാത്രമായിയൊന്നുമല്ല ഇക്കൂട്ടര്‍ ലക്ഷ്യം വെയ്ക്കുന്നത്.പൊതുസമൂഹത്തിന്റെ ജീവനാഡിയായി ആധുനീകലോകം കരുതുന്ന ഇന്റര്‍നെറ്റ് ശൃംഖലയെ ഒന്നാകെ തന്നെയാണ് അത് ഉപയോഗിക്കുന്നത്.ഈ ശൃംഖലയില്‍ നിന്നും വേര്‍പെടുന്നത് ശ്വാസം നിലക്കുന്നത് പോലെ തന്നെയാണ്.സൈബര്‍ വിദഗ്ദര്‍ പറയുന്നു.

യൂറോപ്പിലെ സാമ്പത്തിക വ്യവസ്ഥയില്‍ ചുവടുറപ്പിച്ചിട്ടുള്ള കമ്പനികളുടെ ബൗദ്ധിക സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഇതിന്റെ ആക്രമണ സ്വഭാവമാണ് ഭയപ്പെടുത്തുന്നത്.വ്യവസായരംഗത്ത് വലിയ ഗവേഷണങ്ങളും അഭിവൃദ്ധിയുമൊക്കെയുള്ള അയര്‍ലണ്ട്,ജര്‍മനി,അമേരിക്ക എന്നിവിടങ്ങളില്‍ ദിവസം തോറും ഇത് സംഭവിക്കുകയാണ്.ഇത് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്താല്‍ ഒഴിവാകുന്നതല്ല. അത്രമേല്‍ ഉള്‍ക്കരുത്തുള്ള,ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ആക്രമണകാരികളാണ് അവ.നമ്മള്‍ അത് കാണുന്നില്ല,ആരും അതിനെക്കുറിച്ച് പറയുകയുമില്ല.

ഭീകരവാദികള്‍ എല്ലാ സര്‍ക്കാരുകളേയും ആക്രമിക്കാന്‍ ഇന്റര്‍നെറ്റിനേയും റാന്‍ഡ്സം വെയറിനേയും ഉപയോഗിക്കും.അതില്‍ നിന്നും ഒരു രാജ്യമോ സര്‍ക്കാരോ വിമുക്തമാകുമെന്നു കരുതാനാവില്ല.ഭീകരപ്രവര്‍ത്തനവും റാന്‍ഡ്സംവെയറും പരസ്പര പൂരകങ്ങളാണ്. റാന്‍ഡ്സംവെയറും ഒരു ക്രമിനല്‍ പ്രവൃത്തി തന്നെയാണ്.ഭീകരര്‍ അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നുമാത്രം നോക്കിയാല്‍ മതിയാകും.

വ്യക്തികളേയും അതിനു ലക്ഷ്യംവയ്ക്കാം. സൈബര്‍ സുരക്ഷ എന്നത് നമ്മള്‍ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്.ഐ.ടിയുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല .അതിനെ ഒരു ഐടിക്കാരന്റെ പ്രശ്നമായി മാത്രം പരിമിതപ്പെടുത്തുന്നത് സൈബര്‍ സെക്യൂരിറ്റി ലോകത്തെ തന്നെ അപകടത്തിലാക്കുന്നതാണ്-സൈബര്‍ വിദഗ്ധന്‍ പറഞ്ഞു.

Scroll To Top