Sunday December 17, 2017
Latest Updates

അയര്‍ലണ്ടിലെ മികച്ച ഇന്ത്യന്‍ ഷെഫിനും,ടേക്ക് എവേയ്ക്കും ,നവസംരംഭത്തിനുമുള്ള അവാര്‍ഡുകള്‍ മലയാളികള്‍ക്ക് 

അയര്‍ലണ്ടിലെ മികച്ച ഇന്ത്യന്‍ ഷെഫിനും,ടേക്ക് എവേയ്ക്കും ,നവസംരംഭത്തിനുമുള്ള അവാര്‍ഡുകള്‍ മലയാളികള്‍ക്ക് 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മികച്ച ഇന്ത്യന്‍ ഷെഫിനും,ഇന്ത്യന്‍ ടേക്ക് എവേയ്ക്കും,നവ സംരംഭത്തിനുമുള്ള ഐറിഷ് കറി അവാര്‍ഡുകള്‍ നേടി മലയാളികള്‍ അയര്‍ലണ്ടിന്റെ ഭക്ഷ്യഭൂപടത്തില്‍ ഇതാദ്യമായി സ്ഥാനം പിടിച്ചു.അയര്‍ലണ്ടിലെ എഴുനൂറോളം ഇന്ത്യന്‍ ഭക്ഷ്യ സംരംഭങ്ങളിലെ മികച്ചവയെ തിരഞ്ഞെടുക്കുന്ന ഐറിഷ് കറി അവാര്‍ഡിലാണ് മലയാളികള്‍ അഭിമാനകരമായ നേട്ടം കൊയ്തത്.

ഡബ്ലിന്‍ ബ്ളാക്ക് റോക്കിലെ ത്രീ ലീഫ്‌സ് റസ്റ്റോറന്റ് ഉടമ കൂടിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി സന്തോഷ് തോമസാണ് മികച്ച ഷെഫിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.

ഡണ്‍ലേരിയ്ക്കടുത്ത കില്ലേനിയിലെ മസാല ടേക്ക് എവേ ആന്‍ഡ് റസ്റ്റോറന്റ് നേടിയത് അയര്‍ലണ്ടിലെ ഏറ്റവും മികച്ച ടേക്ക് എവെയ്ക്കുള്ള അവാര്‍ഡാണ്.ഡബ്ലിന്‍ ബ്‌ളാക്ക് റോക്കിലെ ഐ ടി മേഖലയിലെ സംരംഭകന്‍ കൂടിയായ മാഹി ഇടയില്‍ പീടികയിലെ വിനോദാണ് ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന മസാല ടേക്ക് എവേ ആന്‍ഡ് റസ്റ്റോറന്റ്‌റിന്റെ ഉടമ.

കോഴിക്കോട് തിരുവാമ്പാടി സ്വദേശി ജിതിന്‍ ജോസ് ജോണ്‍സ് നാല് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ബ്രേയിലെ പിങ്ക് സാള്‍ട്ട് ലെയിന്‍സ്റ്ററിലെ മികച്ച നവസംരംഭത്തിനുള്ള പുരസ്‌കാരം നേടി.

അയര്‍ലണ്ടിലെ മികച്ച ഭക്ഷണശാലയ്ക്കുള്ള സ്വര്‍ണ്ണ അവാര്‍ഡ് ഡാന്‍ഡ്രത്തെ ചക്രയ്ക്ക് ലഭിച്ചു.ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ചക്രയുടെ ആഷീഷ് ദിവാന്‍ അര്‍ഹനായി.

ഐറിഷ് ദ്വീപിലെ മികച്ച ഭക്ഷണശാലകള്‍ക്കായി ഏര്‍പ്പെടുത്തിയതാണ് കറി അവാര്‍ഡ്. അയര്‍ലണ്ടിലെ ഭക്ഷ്യമേഖലയില്‍ ഏഷ്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാര്‍ നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നതിനായി ബെല്‍ഫാസ്റ്റിലെ അസ്‌കീര്‍ അലിയാണ് ഈ അവാര്‍ഡിന് രൂപം നല്‍കിയത്.’ഐറിഷ് കറി പുരസ്‌കാരത്തിന് പുറത്തു ലഭിക്കുന്ന പിന്തുണ ആവേശം നല്‍കുന്നതാണ്. ഓരോവര്‍ഷവും നാമനിര്‍ദ്ദേശം പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ നിലവാരവും കൂടിവരികയാണെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ ‘ അസ്‌കിര്‍ അലി വെളിപ്പെടുത്തി.

വിദഗ്ധ ജഡ്ജിമാരും ഭക്ഷ്യവിദഗ്ധരും അടങ്ങിയ സമിതിയാണ് വിധി നിര്‍ണയിച്ചത്.

ഏഷ്യന്‍ സമൂഹത്തിന്റെ ഈടുറ്റ സംസ്‌കാരിക ഗരിമ വിളിച്ചറിയിച്ച് ബെല്‍ഫാസ്റ്റില്‍ പ്രൗഡഗംഭീരമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

കോബ്ര ബിയര്‍, യുടിസ് ഹോള്‍ഡിംഗ്‌സ്, ബി.ജെ. പ്രൊഡക്ഷന്‍സ് എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഐറിഷ് കറി അവാര്‍ഡുകള്‍ ഷോസ് ബ്രിഡ്ജ് ക്രോന്‍ പ്ലാസയിലാണ് നടന്നത്.യുടിവി യുടെ പാമാല ബെല്ലന്റൈന്‍ പരിപാടിയ്ക്ക് ആതിഥ്യമരുളി.

Scroll To Top