Wednesday September 26, 2018
Latest Updates

അയര്‍ലണ്ടില്‍ വീട് വില്‍ക്കുമ്പോള്‍ 33 ശതമാനം കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്താന്‍ നീക്കം: തുടക്കത്തില്‍ത്തന്നെ അതിശക്തമായ പ്രതിഷേധം ഉയരുന്നു

അയര്‍ലണ്ടില്‍ വീട് വില്‍ക്കുമ്പോള്‍ 33 ശതമാനം കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്താന്‍ നീക്കം: തുടക്കത്തില്‍ത്തന്നെ അതിശക്തമായ പ്രതിഷേധം ഉയരുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ കുടുംബഭവനങ്ങള്‍ വില്‍പ്പനയ്ക്കായി കൈമാറുമ്പോള്‍ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്തുന്നതിനുള്ള നടപടികള്‍ അടുത്ത ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. .ഇതു പ്രകാരം ഓരോ കുടുംബ ഭവനങ്ങള്‍ക്കുമേലും 33% കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ഏര്‍പ്പെടുത്തുന്നതിനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.ഇത്തരം ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ ഇതിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധവും പ്രക്ഷോഭ മുന്നറിയിപ്പുകളും ഉയര്‍ന്നുകഴിഞ്ഞു.വീടുകള്‍ക്കുമേല്‍ ഓഹരികള്‍ക്കുമേലും ഇത് ബാധകമാകുമെന്നും സൂചനയുണ്ട്.

സാധാരണക്കാരായ ഒട്ടേറെ കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.ഉദ്യോഗസ്ഥരേയും എല്ലാവിഭാഗത്തിലും പെട്ട സാധാരണക്കാരേയും ഈ നികുതി സാരമായി ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.കുടുംബം വികസിക്കുന്നതിനനനുസരിച്ച് ചെറിയ വീടും സ്വത്തുമൊക്കെ വില്‍പ്പന നടത്തി മറ്റൊരു വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ നികുതി വന്‍ ബാധ്യതയാകും.
വളരെ ഉയര്‍ന്ന നിരക്കാണ് കാപ്പിറ്റല്‍ ഗെയിന്‍ ടാക്സെന്ന നിലയില്‍ ചുമത്തുന്നതിന് പ്രാഥമിക ചര്‍ച്ചകളില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് .

ഒരാള്‍ മരിക്കുമ്പോഴോ ഒരാള്‍ക്ക് ലഭിച്ച ഒസ്യത്തിന്മേലോ കാപ്പിറ്റല്‍ അക്വിസിഷന്‍സ് നികുതി ഏര്‍പ്പെടുത്താറുണ്ട്.ഒരു ഭവനം വില്‍പ്പന നടത്തിയാല്‍ അതിനു ലഭിക്കുന്ന ലാഭത്തിന്മേലാണ് കാപ്പിറ്റല്‍ അക്വിസിഷന്‍സ് നികുതി വരുന്നത്.310,000യൂറോ വരെയുള്ള ഒസ്യത്തുകളെ അതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.എന്നാല്‍ അതില്‍ നിന്നും തികച്ചും ഭിന്നമാണ് കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ്.

കുടുംബഭവനങ്ങള്‍ ഇപ്പോള്‍ നികുതി വിമുക്തമാണ്.ആകെപ്പാടെയുള്ള വീട് വില്‍ക്കുമ്പോള്‍ അതിനു കഴുത്തറപ്പന്‍ നികുതി നല്‍കേണ്ടി വരുന്നതിനെ ന്യായീകരിക്കാന്‍ ആവില്ലെന്നു ഐറീഷ് ക്രിയമെറി മില്‍ക്ക് സപ്ലെയേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍ കോമര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്കു മുമ്പ് 300000യൂറോയ്ക്ക് വാങ്ങിയ വീട് ഇന്ന് വില്‍ക്കുമ്പോള്‍ 500000യൂറോ ലഭിക്കുമെങ്കില്‍ അതിന് 66000യൂറോ ടാക്സിനത്തില്‍ നല്‍കേണ്ടി വരും.

അങ്ങനെ വന്നാല്‍ പുതിയ വീട് വാങ്ങിക്കാനുള്ള തുകയില്‍ നല്ല കുറവുണ്ടാകുമെന്ന് കോമര്‍ ചൂണ്ടിക്കാട്ടി.വീടുകള്‍ക്കു മാത്രമല്ല ഓഹരികള്‍ക്കും ഇത് ബാധകമാകുമെന്നു മാഡ് ക്യാപ് ചൂണ്ടിക്കാട്ടുന്നു.ആത്യന്തം വിവേക ശൂന്യമായ തീരുമാനമാണിത്.ഭവനപ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നതുമാണ് ഇത്.വെറുതെ നികുതി നല്‍കുന്നതൊഴിവാക്കാന്‍ ആളുകള്‍ വില്‍പ്പന തന്നെ വേണ്ടെന്നുവയ്ക്കുന്ന സ്ഥിതിയുണ്ടാകും.നമ്മുടെ ഭവനരംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇതെന്ന് ഫിനാ ഫെയ്ല്‍ ധനകാര്യ വക്താവ് മൈക്കിള്‍ മക്ഗ്രാത്ത് വെളിപ്പെടുത്തി.എന്തുകൊണ്ടാണ് ഇത്തരം കിറുക്കന്‍ നിയമങ്ങള്‍ നമ്മുടെ ധനകാര്യ വകുപ്പ് നടപ്പാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ നികുതി നിര്‍ദ്ദേശത്തെ എതിര്‍ക്കുമെന്ന് മക് ഗ്രാത്തും അറിയിച്ചു.

സ്വന്തമായുള്ള വീട് വില്‍ക്കുന്നതിന് നികുതി അടിച്ചേല്‍പ്പിക്കുന്നത് ആളുകളെ പ്രകോപിപ്പിക്കുന്നതാണെന്ന് ഐറീഷ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ മൈക്കിള്‍ ഡൗളിംഗ് അഭിപ്രായപ്പെട്ടു.മുതിര്‍ന്ന ആളുകളെ ആയിരിക്കും ഇത് കൂടുതല്‍ ബുദ്ധിമുട്ടിക്കുക.വെള്ളക്കരം ഉയര്‍ത്തിയതിനും പ്രായമായവര്‍ക്ക് മെഡിക്കല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോഴൊക്കെ സംഭവിച്ചതുപോലെ ആളുകള്‍ തെരുവിലിറങ്ങും.-ഡൗളിംഗ് പറഞ്ഞു.

‘ഒരു വശത്ത് ചെറിയ വീടുകളെ പ്രോല്‍സാഹിപ്പിക്കുന്ന ഭവന ഡിപ്പാര്‍ട്ട്മെന്റും മറുഭാഗത്ത് ആ ചെറിയ വീടുകള്‍ക്കുമേല്‍ നികുതി ചുമത്താന്‍ ഓടിനടക്കുന്ന ധനകാര്യ വകുപ്പുമാണ് നമുക്കുള്ളത്’അഡ്വക്കസി ആന്റ് കമ്യൂണിക്കേഷന്‍സ് അറ്റ് ഏജ് മേധാവി ജസ്റ്റിന്‍ മോറന്‍ പറഞ്ഞു.തൊഴില്‍ മേഖലയെ നിരുല്‍സാഹപ്പെടുത്തുന്നതാണ് പുതിയ തീരുമാനമെന്നു എസിസിഎയുടെ ലിസ് ഹ്യൂഗ്സ് പറഞ്ഞു.

Scroll To Top