Wednesday December 07, 2016
Latest Updates

കുട്ടികളുടെ ചികിത്സയ്ക്ക് സൗകര്യങ്ങളില്ല, ക്രംലിന്‍ ആശുപത്രി വികസിപ്പിക്കുന്നു

കുട്ടികളുടെ ചികിത്സയ്ക്ക് സൗകര്യങ്ങളില്ല, ക്രംലിന്‍ ആശുപത്രി വികസിപ്പിക്കുന്നു

ഡബ്ലിന്‍: ക്രംലിന്‍ ഔര്‍ ലേഡി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും വന്‍ തുക നിക്ഷേപം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ക്രംലിനിലെ കുട്ടികളുടെ ആശുപത്രി ഹൃദയ ശസ്ത്രക്രിയ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 

ഇതിന് പിന്നാലെയാണ് ആശുപത്രി വികസനത്തിന് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നത് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്. അത്യാധുനിക സൌകര്യങ്ങളുള്ള ഹൃദയ ശസ്ത്രക്രിയ കേന്ദ്രമായി ക്രംലിന്‍ ആശുപത്രിയെ
ഉയര്‍ത്താനാണ് തീരുമാനം. അയര്‍ലണ്ടില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹൃദയ സംബന്ധമായ ചികിത്സകള്‍ ക്രംലിനില്‍ ലഭ്യമാക്കും.

ആശുപത്രി വികസനം സംബന്ധിച്ച രേഖകള്‍ പൊതുജനാഭിപ്രായം തേടുന്നതിന് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. ആശുപത്രിയുടെ വികസിപ്പിച്ച നിലയിലുള്ള പ്രവര്‍ത്തനം തുടങ്ങാന്‍ മുഴുവന്‍ സമയ ജീവനക്കാരുമായി പത്ത് കിടക്കകള്‍ എങ്കിലുമുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ആവശ്യമാണെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കയില്‍ ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയില്‍ നിന്നുള്ള ഡോ. ജോണ്‍ മേയര്‍ പറഞ്ഞു. നിലവിലെ സൌകര്യങ്ങളുമായി ആശുപത്രി വികസനം സാധ്യമല്ലെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സൌകര്യങ്ങളുമായി അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് പോലും വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കില്ല. കഴിഞ്ഞ വര്‍ഷം സ്ഥപരിമിതി മൂലം 30 ഓളം കുട്ടികളുടെ ഹൃദയശസ്ത്രക്രിയ റദ്ദാക്കേണ്ടി വന്നിരുന്നു. ആശുപത്രി വികസനത്തിന്റെ ഭാഗമായി വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ജീവനക്കാരെ പങ്കിടാനുള്ള
സാധ്യതയും അധികൃതര്‍ ആരായുന്നുണ്ട്. നിലവില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് ക്രംലിനിലും റോയല്‍ വിക്ടോറിയ ആശുപത്രിയിലുമായി രണ്ടിടത്താണ് ചികിത്സ നല്‍കുന്നത്.

സര്‍ക്കാര്‍ സഹായം പരിമിതമായതിനാല്‍ പൊതുജനങ്ങളുടെ സഹായത്തോടെയാണ് ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.മലയാളികളുടെ നേതൃത്വത്തിലും ആശുപത്രിയുടെ വികസനത്തിനായുള്ള ഫണ്ട് സമാഹരിക്കാനുള്ള കാംപൈന്‍ ഒരുക്കുന്നുണ്ട്.ഒക്‌റ്റോബര്‍ 30 ന് പ്രമുഖ കലാകാരന്മാരായ കോട്ടയം നസീര്‍,അര്‍ച്ചന കവി എന്നിവര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ‘വിഷന്‍ 2014’ എന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാമിലെ ലാഭവും ക്രംലിന്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.അയര്‍ലണ്ടില്‍ ഉടനീളം നൂറുകണക്കിന് സംഘടനകള്‍ ഇതേ സമയം ക്രംലിന്‍ ആശുപത്രിയ്ക്ക് വേണ്ടിയുള്ള ധന സമാഹരണയജ്ഞത്തിലാണ്. 

Scroll To Top