Friday November 24, 2017
Latest Updates

ക്രംലിന്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ പൊതുജനങ്ങളുടെ സഹായം തേടുന്നു,പിന്തുണയുമായി മലയാളികളും രംഗത്ത് 

ക്രംലിന്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ പൊതുജനങ്ങളുടെ സഹായം തേടുന്നു,പിന്തുണയുമായി മലയാളികളും രംഗത്ത് 

ഡബ്ലിന്‍:നവജാത ശിശുക്കള്‍ക്കും.കുട്ടികള്‍ക്കും വേണ്ടിയുള്ള ഗവേഷണങ്ങള്‍ നടത്തുന്ന അയര്‍ലണ്ടിലെ സ്ഥാപനമായ ക്രംലിന്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരുടേയും ശ്രദ്ധ അര്‍ഹിക്കേണ്ട ഒന്നാണ്.കുട്ടികള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ ഗവേഷണ പദ്ധതി നടത്തുന്ന ഒരു മാനേജ്‌മെന്റ് സംരംഭം എന്ന നിലയില്‍ അടുത്ത നാളുകളില്‍ ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികളെ ഈ സ്ഥാപനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.സര്‍ക്കാര്‍ ഫണ്ടിംഗ് ലഭിക്കാത്തത് മൂലം ഉദാരമതികളായ വ്യക്തികളുടെയും സംഘടനകളുടെയും സംഭാവന കൊണ്ടാണ് ഇവിടുത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡോ,ഡേര്‍മറ്റ് മാര്‍ട്ടിന്‍ ചെയര്‍മാനായുള്ള സമിതിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ക്രംലിന്‍ ആശുപത്രി.ഒരു സ്വകാര്യ മാനേജ്‌മെന്റിന്റെ പരിമിതികള്‍ ഇവിടുത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളെയും വികസനത്തെയും സാരമായി ബാധിക്കുന്നുണ്ട്.കുട്ടികള്‍ക്ക് വേണ്ടിയുള്ള സൌകര്യങ്ങള്‍ പോലും ആവശ്യത്തിനില്ലാത്തതും മറ്റൊരു പ്രധാനപ്രശ്‌നമാണ്.അറുപതോളം ഗവേഷകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എച്ച് എസ് ഇ യുടെ ഫണ്ട് ലഭ്യമല്ലാതെയായപ്പോഴാണ് പൊതുജന സഹായത്തോടെ അതിനുള്ള സൗകര്യം ഒരുക്കിയത്.എസ്‌കീമോ,ആസ്മ,സിസ്റ്റിക് ഫൈബ്രൊസിസ്,ഇമ്മ്യൂണിയോളജിക്കല്‍ പ്രോബ്ലം എന്നി രോഗാവസ്ഥകള്‍ക്കായുള്ള പ്രത്യേക ഗവേഷണ പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു.

പൊതുജനങ്ങളില്‍ നിന്നുള്ള ഉദാരമായ സാമ്പത്തിക സഹായങ്ങള്‍ കൊണ്ടാണ് ക്രംലിന്‍ ആശുപത്രിയുടെ റിസര്‍ച്ച് വിഭാഗം പ്രവര്‍ത്തിക്കുന്നത്.കുട്ടികളുടെ രോഗങ്ങളെക്കുറിച്ചുള്ള അനുദിന ഗവേഷണമാണ് ഈ ആശുപത്രിയുടെ സവിശേഷത.ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്റ്റര്‍മാര്‍ ക്രംലിന്‍ ആശുപത്രിയുടെ ശിശു രോഗ ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്.ഗവേഷണത്തിനു വേണ്ട സൌകര്യങ്ങള്‍ ഒരുക്കുമ്പോഴാണ് ഡോക്റ്റര്‍മാര്‍ക്ക് തിരക്കുകള്‍ക്കിടയിലും വ്യക്തിപരമായ കഴിവുകളെ തിരിച്ചറിയാന്‍ സാധ്യമാവു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു ഗവേഷണ കേന്ദ്രം ഡബ്ലിനില്‍ ഒരുക്കിയത്.

അയര്‍ലണ്ടിലെ മലയാളികളില്‍ കുറെപ്പേരെങ്കിലും കേട്ടിട്ടുള്ള ഒരു പേരാണ് ഡോ.പ്രേം പൂരിയുടേത്.ഇന്ത്യാക്കാരനായ ഇദ്ദേഹം ഇപ്പോഴും ഡബ്ലിനില്‍ സേവനമനുഷ്ട്ടിക്കുന്ന ഒരു ഡോക്റ്ററാണ്.1984 ലാണ് ഡോ.പൂരി ക്രംലിനിലെ ശിശുരോഗ ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.ബിരുദം കഴിഞ്ഞ ഉടനെ ഡബ്ലിനില്‍ എത്തിയ ഡോ.പൂരിയുടെ അന്വേഷണത്വരയെ ക്രംലിന്‍ ഗവേഷണ കേന്ദ്രം പിന്തുണച്ച് കൊണ്ടേയിരുന്നു.

ഡോ.പ്രേം പൂരി

ഡോ.പ്രേം പൂരി

എല്ലാ കാലത്തും കുട്ടികളുടെയിടയില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു പ്രശ്‌നമായിരുന്ന കിഡ്‌നിയെയും ബ്ലാഡറിനെയും ബന്ധിപ്പിക്കുന്ന യൂറിറ്റര്‍ വാല്‍വിന്റെ വൈകല്യം.യൂറിറ്റര്‍ വാല്‍വിന്റെ വൈകല്യം ശരിയാക്കണമെങ്കില്‍ ഒരു മേജര്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നിരുന്നു.അഥവാ കിഡ്‌നി രോഗം ബാധിച്ച നൂറുകണക്കിന് കുട്ടികള്‍ വര്‍ഷം തോറും മരണപ്പെട്ടു കൊണ്ടിരുന്നു.ഈ സാഹചര്യത്തിലാണ് ഡോ.പൂരി എന്ന യുവ ഇന്ത്യന്‍ ഡോക്റ്ററിന്റെ ആലോചനയില്‍ രൂപപ്പെട്ട ആശയം ക്രംലിനിലെ ആശുപത്രിയുടെ ഗവേഷണ വിഭാഗത്തിനു അദ്ദേഹം കൈമാറിയത്.രണ്ടു മാസത്തിനുള്ളില്‍ ലോകത്തെ മുഴുവന്‍ ആകുലപ്പെടുത്തിയിരുന്ന ഒരു പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഡോ.പ്രേം പൂരിയെന്ന ചെറുപ്പക്കാരന്‍ ഡോക്റ്റര്‍ക്കായി.അദ്ദേഹം ക്രംലിനില്‍ രൂപപ്പെടുത്തിയ യൂറിനറി ട്രാക്ട്ടിനു പകരമുള്ള ബയോ ഡിഗ്രേഡബിള്‍ കത്തീറ്റര്‍ ശിശു രോഗചികിത്സാ രംഗത്ത് അത്ഭുതമായി ഇന്നും നൂറു കണക്കിന് കുരുന്നുകളെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നു.

ഇപ്പോഴും ഐറിഷ് നാഷണല്‍ ചില്‍ഡ്രന്‍ റിസേര്‍ച്ച് സെന്ററിന്റെ പ്രസിഡണ്ടും,വേള്‍ഡ് ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍സ് ഓഫ് പീഡിയാട്രിക്ക് സര്‍ജന്‍മാരുടെ പ്രസിഡണ്ടുമായ അദ്ദേഹം ക്രംലിനിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നവരില്‍ പ്രമുഖനാണ്.

അയര്‍ലണ്ടിലെ,പ്രത്യേകിച്ചും ഡബ്ലിനിലെ ഏതു മലയാളിയുടെയും കുഞ്ഞുമക്കളെ രോഗം വരുമ്പോള്‍ എവിടെ കൊണ്ട് പോകണം എന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ക്രംലിന്‍ ആശുപത്രിയുടെ പേരാണ്.അല്പ്പം താമസിച്ചാലും കൃത്യമായ ഒരു പ്രതിവിധി അവിടെ നിന്നും കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടാണിത്.

പക്ഷെ അനുദിന ഗവേഷണ പ്രവര്‍ത്തനത്തിനായി 30 മില്ല്യന്‍ യൂറോയുടെ അടിയന്തര സഹായം പൊതുജന സഹായത്തോടെ കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ് എന്ന് അറിയുന്നവര്‍ ചുരുക്കമാണ്.അയര്‍ലണ്ടിലെ മിക്ക സ്ഥലങ്ങളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നുമുള്ള സഹായം തേടി അവര്‍ അലയുകയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയ്ക്ക് സ്ഥിരമായി ചെറിയ സംഭാവനകള്‍ നല്‍കി കൊണ്ടിരുന്ന ഏതാനം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ മലയാളി സമൂഹത്തില്‍ നിന്നും ആശുപത്രിയ്ക്ക് വേണ്ടി ഒരു ഫണ്ട് റൈസിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ഒക്‌റ്റോബര്‍ 30 ന് ഡബ്ലിനിലെ ബ്ലാഞ്ചസ് ടൌണിനടുത്തുള്ള ക്ലൂണിയിലെ പിബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തുന്ന ‘വിഷന്‍ 2014 ‘എന്ന മെഗാ ഷോ യുടെ ചിലവ് കഴിഞ്ഞുള്ള മുഴുവന്‍ വരുമാനവും ക്രംലിന്‍ ആശുപത്രിയ്ക്ക് സംഭാവന നല്കാനാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ക്രംലിന്‍ ആശുപത്രിയ്ക്ക് വേണ്ടി സഹായമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും കമ്മ്യൂണിറ്റി ഫണ്ട് റേസിംഗ് പ്രോഗ്രാം മാനേജര്‍ ജെറി ഗള്ളി നന്ദി അറിയിച്ചു.മലയാളി സമൂഹം ക്രംലിന്‍ ആശുപത്രി സഹായ ഫണ്ടിന് വേണ്ടി സംഘടിപ്പിക്കുന്ന ‘വിഷന്‍ 2014 ‘ന് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു visi

കോട്ടയം നസീര്‍,അര്‍ച്ചന കവി തുടങ്ങിയ പ്രശസ്ത താര നിര പങ്കെടുക്കുന്ന വിഷന്‍ 2014 ല്‍ കൂടി മലയാളി സമൂഹത്തിന്റെ ഗണ്യമായ സംഭാവന ആശുപത്രിയ്ക്ക് നല്‍കാന്‍ ആവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളുടെയും പിന്തുണ ഫണ്ട് റേസിംഗ് പ്രോഗ്രാമിന് നല്‍കണമെന്ന് ‘വിഷന്‍ 2014 ‘ന്റെ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
0862556617

0879631102

0894444505

Scroll To Top