Saturday December 10, 2016
Latest Updates

ക്രോയേഷ്യ അതിര്‍ത്തികള്‍ വീണ്ടും തുറന്നു:ഫിന്‍ലാന്റില്‍ അഭയാര്‍ഥികളെ തടയാന്‍ മനുഷ്യക്കോട്ട,ബസുകള്‍ക്ക് നേരേ കല്ലേറ്,യൂറോപ്പ് കൂടുതല്‍ സംഘര്‍ഷത്തിലേയ്ക്ക് 

ക്രോയേഷ്യ അതിര്‍ത്തികള്‍ വീണ്ടും തുറന്നു:ഫിന്‍ലാന്റില്‍ അഭയാര്‍ഥികളെ തടയാന്‍ മനുഷ്യക്കോട്ട,ബസുകള്‍ക്ക് നേരേ കല്ലേറ്,യൂറോപ്പ് കൂടുതല്‍ സംഘര്‍ഷത്തിലേയ്ക്ക് 

ബെല്‍ഗ്രേഡ് :സെര്‍ബിയയില്‍ നിന്നുമുള്ള അഭയാര്‍ഥികളെ തടയാനായി അടച്ചിട്ടിരുന്ന അതിര്‍ത്തിയിലെ പ്രവേശനകവാടങ്ങള്‍ ക്രോയേഷ്യ വീണ്ടും തുറന്നു കൊടുത്തു.അറുപതിനായിരത്തോളം അഭയാര്‍ഥികള്‍ ഒരാഴ്ച്ച കൊണ്ട് അതിര്‍ത്തിക്കുള്ളില്‍ കടന്നതിനാലാണ് ക്രോയേഷ്യയ്ക്ക് അതിര്‍ത്തികള്‍ അടയ്‌ക്കേണ്ടി വന്നത്.

സെര്‍ബിയയില്‍ എത്തുന്ന അഭയാര്‍ഥികളെ അയല്‍രാജ്യങ്ങളായ ഹംഗറിയിലേയ്ക്കും റൊമാനിയയിലേയ്ക്കും അയയ്ക്കാതെ ക്രൊയെഷ്യയിലേയ്ക്ക് തള്ളിവിടുന്നു എന്നാരോപിച്ച ക്രോയേഷ്യന്‍ ഭരണകൂടം ഇതില്‍ പ്രതിഷേധിച്ചു കൂടിയാണ് അതിര്‍ത്തി അടച്ചത്.എന്നാല്‍ ക്രോയേഷ്യയിലേയ്ക്കുള്ള ചരക്കു നീക്കം ഹംഗറിയും,സെര്‍ബിയയും തടഞ്ഞതോടെ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു.കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് തടയാനുള്ള യൂറോപ്യന്‍ യൂണിയന്റെ കൂടി ശ്രമങ്ങളുടെ ഭാഗമായാണ് ക്രോയേഷ്യന്‍ അതിര്‍ത്തി തുറന്നത്.

ഇതിനിടെ ഫിന്‍ലന്റില്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെയുള്ള പ്രതീക സൂചകമായി മനുഷ്യകോട്ട കെട്ടി ജനക്കൂട്ടം പ്രതിഷേധിച്ചു.അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞിരുന്ന ബസിന് തീ വെയ്ക്കുകയും ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ 40ല്‍ ഏറെപ്പേര്‍ ബസില്‍ ഉണ്ടായിരുന്നു. അക്രമസംഭവങ്ങളില്‍ ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് സൂചന.

തെക്കന്‍ ഫിന്‍ലന്റിലെ ലാറ്റിയില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സജ്ജമാക്കിയ സ്ഥലത്തായിരുന്നു പ്രതിഷേധം. നാല്‍പതോളം വരുന്ന ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.അതേസമയം കൗവോളയില്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അക്രമസംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായി ഫിന്‍ലന്റ് സര്‍ക്കാര്‍ പറഞ്ഞു. സ്വന്തം വീട്ടില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിന്‍ലന്റ് പ്രധാനമന്ത്രി ജൂഹ സിപില നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രശംസ നേടിയെങ്കിലും പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

ഈ വര്‍ഷം ഇതുവരെ 13,000 പേരാണ് ഫിന്‍ലന്റില്‍ അഭയം തേടിയെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും ഇറാഖില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷം 3600 അഭയാര്‍ത്ഥികളാണ് രാജ്യത്തെത്തിയത്.


Scroll To Top