Saturday September 23, 2017
Latest Updates

ഗ്രീസിനെ രക്ഷിക്കാന്‍ നിങ്ങളും കൊടുക്കാമോ മൂന്ന് യൂറോ?..പത്ത് യൂറോ കൊടുത്താല്‍ ഒരു കുപ്പി മദ്യം ! ക്രൌഡ് ഫണ്ടിംഗില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഓണ്‍ ലൈനില്‍

ഗ്രീസിനെ രക്ഷിക്കാന്‍ നിങ്ങളും കൊടുക്കാമോ മൂന്ന് യൂറോ?..പത്ത് യൂറോ കൊടുത്താല്‍ ഒരു കുപ്പി മദ്യം ! ക്രൌഡ് ഫണ്ടിംഗില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഓണ്‍ ലൈനില്‍

 ഡബ്ലിന്‍ :ഇന്നലെ രാത്രി അമേരിക്കന്‍ സമയം 12 മണിയ്ക്ക് ലോകം പുതിയ ഒരു ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. പുരാതന സംസ്‌കാരത്തിന്റെ ആദ്യ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രീസ് എന്ന മഹാരാജ്യം ലോക സാമ്പത്തികക്രമത്തില്‍ ഗതികേട് കൊണ്ട് മുട്ടുമടക്കി കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ തല കുനിയ്ക്കുന്ന കാഴ്ച്ച ലോകം കണ്ടു.ഐ എം എഫിന് തിരിച്ചടയ്ക്കാന്‍ ഉള്ള ഐഎംഎഫിന് 170 കോടി ഡോളര്‍ തിരിച്ചു കൊടുക്കാന്‍ ആവില്ലെന്ന് നേരത്തെ തന്നെ ഗ്രീസ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങള്‍ ജര്‍മ്മിനിയുടെ നേതൃത്വത്തില്‍ ഗ്രീസിനെതിരെ ഭീഷണി മുഴക്കി വരുതിയില്‍ വരുത്താന്‍ ശ്രമിച്ചെങ്കിലും ഗ്രീസിലെ ഇടതു പക്ഷ സര്‍ക്കാര്‍ വഴങ്ങിയില്ല,കൂടുതല്‍ വായ്പ്പ തരാനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീസിന് ചുറ്റും വരച്ചിട്ട ഉപാധികളുടെ ലക്ഷ്മണരേഖ അനുസരിച്ചു കൊണ്ട് വായ്പ്പ വേണ്ടെന്നു പറയാനുള്ള ചങ്കൂറ്റം ഗ്രീസിന്റെ ഭരണാധികാരികള്‍ കാട്ടി.

ഫലമോ?ലോകത്തെമ്പാടും പ്രത്യേകിച്ച് യൂറോപ്പില്‍ സാമ്പത്തിക അസ്ഥിരതയുണ്ടാക്കാന്‍ അത് കാരണമായി.ഗ്രീസ് വായ്പ തിരിച്ചടയ്ക്കാത്തത് ‘കുടിശിക’ എന്ന് ഐഎംഎഫ് രേഖപ്പെടുത്തിയാല്‍ അത് ഐഎംഎഫിന്റെ ചരിത്രത്തില്‍ പ്രധാന അധ്യായമാകും. വികസിത രാജ്യങ്ങളൊന്നും ഇതുവരെ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടില്ല. പട്ടികയില്‍ സിംബാബ്‌വെ, സുഡാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണുള്ളത്.

ഇതിനിടെ ഗ്രീസിനെ രക്ഷിക്കാന്‍ ചുരുങ്ങിയത് മൂന്നു യൂറോ വീതമെങ്കിലും യൂറോപ്പിലെ ഓരോ താമസക്കാരനും സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട് ടോം ഫീനിയെന്ന 29 വയസുകാരന്‍ ആരംഭിച്ച ധനശേഖരണ കാമ്പയന് വന്‍ പ്രതീകരണമാണ് ലഭിക്കുന്നത്.

‘ഈ ഗ്രീസ് ചെയ്യുന്നത് ആകെപ്പാടെ മനസിലാകാത്ത കാര്യങ്ങളാണ് !ഐ എം എഫ് ലോണ്‍ അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.അവരെ നമുക്ക് സഹായിക്കാം.യൂറോപ്പില്‍ 503 മില്യന്‍ ജനങ്ങളുണ്ട്,നാമെല്ലാം ഏതാനം യൂറോ അവര്‍ക്ക് വേണ്ടി സമാഹരിച്ചാല്‍ അവര്‍ക്ക് 
അത് സഹായമാകും.പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ അത് അവരെ സഹായിക്കും.’ഫീനിയുടെ കാമ്പയിന്‍ അങ്ങനെ പോകുന്നു.

മൂന്ന് യൂറോ സംഭാവന ചെയ്യുന്നവര്‍ക്ക് ഗ്രീക്ക് പ്രധാനമന്ത്രിയുടെ പടമുള്ള ഒരു പോസ്റ്റ് കാര്‍ഡ് ലഭിക്കും.

ഗ്രീസിലെ വിശിഷ്ടമായ ഫേതാ ആന്‍ഡ് ഒലിവ് സാലഡിന്റെ വിലയ്ക്ക് തുല്യമായ തുകയെന്നു കരുതി 6 യൂറോ ഗ്രീസിനെ സഹായിക്കാനുള്ള ഫണ്ടില്‍ സംഭാവന ചെയ്യുന്നവര്‍ക്ക് അത്തരം സാലഡിന്റെ ഒരു പാക്കറ്റ് വീട്ടില്‍ എത്തിച്ച് കൊടുക്കും എന്നായിരുന്നു ടോം ഫീനിയുടെ രണ്ടാമത്തെ വാഗ്ദാനം.

തീരുന്നില്ല,10 യൂറോ സംഭാവനക്കാര്‍ക്ക് ടോം ഫീനി വാഗ്ദാനം ചെയ്യുന്നത് ഒരു കുപ്പി ‘ഔസ’ വാങ്ങാനുള്ള കൂപ്പണാണ്. ഔസ എന്നാല്‍ സംഭവം വാറ്റിയെടുത്ത തനി നാടന്‍ സാധനം തന്നെ!.ഗ്രീസിന്റെ ദേശീയ പാനിയം എന്ന് പറയാം.

5000 യൂറോ കൊടുക്കുന്നവരെ ഗ്രീസില്‍ 7 ദിവസം അഥിതിയാക്കി താമസിപ്പിക്കാനാണ് പദ്ധതി.പിന്നെ പണത്തിന്റെ ഗ്രേഡ് കൂടുന്നതനുസരിച്ച് ആനുകൂല്യങ്ങളും കൂടും!

 എന്തായാലും ആദ്യത്തെ 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആയിരക്കണക്കിന് പേര്‍ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തു കഴിഞ്ഞു.നാലര ലക്ഷത്തോളം യൂറോയാണ് ആദ്യ 35 മണിക്കൂറുകളില്‍ തന്നെ പിരിച്ചെടുക്കാനായത്.

നിങ്ങള്‍ക്ക് ഗ്രീസിനെ സഹായിക്കണം എന്ന് മനസുണ്ടെങ്കില്‍ സംഭാവന ചെയ്യാം.താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍ പോയി സംഭാവന ചെയ്യാം.സമ്മാനങ്ങളും നേടാം !(തിരക്ക് കാരണം ഇന്നലെ പലതവണ സൈറ്റ് തകരാറില്‍ ആയിരുന്നു.) എത്ര വേഗതയിലാണ് ജനങ്ങള്‍ പണം നിക്ഷേപിക്കുന്നത് എന്ന് സൈറ്റില്‍ നിന്നും മനസിലാക്കാം.

പക്ഷെ സംഘാടകരായ ഇന്ടി ഗോ ഗോ യ്ക്ക് ഒരു കണ്ടീഷനുണ്ട്!ഒരാഴ്ച്ചയ്ക്കുള്ളില്‍ നിശ്ചിത പണം പിരിച്ചെടുക്കാന്‍ ആയില്ലെങ്കില്‍ ടോം ഫീനിയല്ല ഏതൊരു നടത്തിപ്പുകാരനും സൈറ്റില്‍ നിന്നും പുറത്താകും !പിരിച്ച പണവും കമ്പനിയെടുക്കും!.

ആദ്യ ദിവസം പിരിച്ചെടുത്ത 230,000 യൂറോ വീതമേ ഇനിയുള്ള ദിവസങ്ങളിലും പിരിക്കാന്‍ ആവുന്നതുള്ളെങ്കില്‍ പക്ഷേ ഗ്രീസും ടോം ഫീനിയും നിരാശരാകേണ്ടി വരും.കാരണം അത്രയും തുക വീതം എല്ലാ ദിവസവും, 23 വര്‍ഷക്കാലം പിരിച്ചെടുത്താലെ ഗ്രീസിന്റെ കടം തീരുകയുള്ളു!.

നിലവിലുള്ള അവസ്ഥയില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ കണ്ണടച്ചു നിന്ന് സംഭാവന കൊടുത്താലേ ഗ്രീസ് രക്ഷപ്പെടുകയുള്ളൂ.

വ്യവസ്ഥകള്‍ ഇല്ലാതെ പണം കൊടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിരിക്കെ ഗ്രീസിന്റെ ഭാവി എന്താകും എന്ന് പറയാനാവില്ല.


Scroll To Top