Friday May 25, 2018
Latest Updates

കുടിപ്പകയുടെ ഭീതിയില്‍ ഞെട്ടി വിറച്ച് ഡബ്ലിന്‍ നഗരവാസികള്‍ ,സ്വൈര്യ ജീവിത സ്വാതന്ത്യം തേടി നാളെ പ്രക്ഷോഭം തുടങ്ങും,ഡബ്ലിനിലെ ഗ്യാംഗ് മാഫിയയ്‌ക്കെതിരെ ആര്‍ച്ച് ബിഷപ്പും

കുടിപ്പകയുടെ ഭീതിയില്‍ ഞെട്ടി വിറച്ച് ഡബ്ലിന്‍ നഗരവാസികള്‍ ,സ്വൈര്യ ജീവിത സ്വാതന്ത്യം തേടി നാളെ പ്രക്ഷോഭം തുടങ്ങും,ഡബ്ലിനിലെ ഗ്യാംഗ് മാഫിയയ്‌ക്കെതിരെ ആര്‍ച്ച് ബിഷപ്പും

ഡബ്ലിന്‍: ഡബ്ലിനിലെ ഗ്യാങ് മാഫിയയ്ക്കു  മുമ്പിലും  കുടിപകകളിലും നഗരവാസികള്‍ ഞെട്ടി വിറയ്ക്കുന്നു.കഴിഞ്ഞ ഏതാനം ദശകങ്ങള്‍ക്കിടയില്‍ ഏറ്റവും കലുഷിതമായ അസാമാധാനന്തരീക്ഷമാണ് തലസ്ഥാന നഗരത്തില്‍ ഇപ്പോഴുള്ളത്.നഗരവീഥികളെ ഭരിക്കാന്‍ ഗ്യാംഗ് മാഫിയാ ഇത്ര സജീവമായി ഇറങ്ങിയ കാലം പക്ഷെ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊതു വികാരം.
ജനം നഗരത്തിലൂടെ നടക്കാന്‍ ഭയപ്പെടുകയാണ്.അപ്രതീക്ഷിതമായി നഗരവീഥികളില്‍ വെച്ച് തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ആവശ്യങ്ങള്‍ക്കായി ജനം സിറ്റിയില്‍ എത്തുന്നത് എന്ന അവസ്ഥയിലാണ് ഇപ്പോള്‍.പണം തട്ടിയെടുക്കലോ,ലൈംഗീക ആക്രമണലക്ഷ്യമോ,ഒന്നുമല്ലെങ്കില്‍ വെറും തമാശയായ ഉപദ്രവങ്ങളോ,പേടിപ്പിക്കലുകളോ ആര്‍ക്കും പ്രതീക്ഷിക്കാവുന്ന അവസ്ഥ.
മുമ്പൊക്കെ നഗരത്തില്‍ മയക്കുമരുന്നു ലഹരിയില്‍ ജീവിക്കുന്നവരെ മാത്രം ഭയപ്പെട്ടു നടന്നാല്‍ മതിയായിരുന്നു.ഇന്ന് തോക്കുകളും,കഠാരകളുമായി ചുറ്റിനടക്കുന്നവരെ പേടിക്കേണ്ട അവസ്ഥയാണ്.

അക്രമങ്ങള്‍ക്ക് കൂടുതലും നേതൃത്വം നല്കുന്നത് നഗരത്തിലെ ഏതെങ്കിലും ഗ്യാംഗ് മാഫിയയുമായി അടുത്ത ബന്ധം പുലര്‍തുന്നവരൊ,അവര്‍ക്ക് വേണ്ടി ചാവേറാവാന്‍ വരെ ഒരുങ്ങിയവരോ ആയതിനാല്‍ ഒരു ആക്രമണകാരികള്‍ക്കെതിരെയും മറ്റാരും,പ്രത്യേകിച്ചും നഗരത്തില്‍ സ്ഥിരമെത്തി വ്യാപാരം ചെയ്യുന്നവരും,നഗരത്തില്‍ താമസിക്കുന്നവരും പോലും ശബ്ദം ഉയര്‍ത്താറില്ല.ശബ്ദം ഉയര്‍ത്തിയാല്‍ നാളെ അത്തരം സഹായികളാവും അക്രമികളുടെ ലക്ഷ്യം എന്നതിനാലാണ് ഈ മനോഭാവം സാധാരണക്കാര്‍ പുലര്‍ത്തേണ്ടി വന്നിരിക്കുന്നത്.

ഈ അവസ്ഥയുടെ പാശ്ചാത്തലത്തിലാണ് നാളെ ഡബ്ലിന്‍ നഗരത്തിലെ നൂറുകണക്കിന് ജനങ്ങള്‍ മാഫിയയ്‌ക്കെതിരെ ഒന്നിച്ചു മുന്നേറ്റം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് രംഗത്തെത്തിയിരിക്കുന്നത്.നഗര ഹൃദയത്തിലെ നാല് ഇടവകകളിലെ ജനസമൂഹം നേതൃത്വം കൊടുക്കുന്ന റാലി തങ്ങളെ അക്രമങ്ങളില്‍ നിന്നും ഭീതിയില്‍ നിന്നും രക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് ക്രമ സമാധാനവും സഞ്ചാരസ്വാതന്ത്ര്യവും സ്വൈര്യ ജീവിതത്തിനുള്ള സൌകര്യവും ഒരുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള അവസരവുമായാണ് സംഘാടകര്‍ കാണുന്നത്.വെള്ള റിബണുകളണിഞ്ഞു,മെഴുകു തിരികള്‍ പിടിച്ച് നീങ്ങുന്ന ജനസഹസ്രങ്ങള്‍ ഗ്യാംഗ് മാഫിയയില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയാണ് അധികാരികളുടെ മുമ്പില്‍ വെയ്ക്കുക.ഡബ്ലിന്‍ പ്രൊ കത്തീഡ്രല്‍,വില്യം സ്ട്രീറ്റ് സെന്റ് അഗത ഇടവക,മാക് ഡേര്‍മറ്റ് ലൂര്‍ദ് ഇടവക,ഷെരിഫ് സ്ട്രീറ്റ് ഇടവക എന്നിവയുടെ നേതൃത്വത്തില്‍ അണിചേരുന്ന റാലിയില്‍ ജനപ്രതിനിധികളും പങ്കെടുക്കും.ജസ്റ്റീസ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജാറാല്‍ഡിനെയും യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ആര്‍ച്ച് ബിഷപ്പ് ഡയര്‍മയ്ഡ് മാര്‍ട്ടിന്‍ ഇന്നലെ മാഫിയയ്ക്ക് എതിരെ രംഗത്ത് വന്നതും ശ്രദ്ധേയമായി. നഗരത്തിലെ മാഫിയ കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിനായി ആന്റി മാഫിയ സ്‌റ്റൈല്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇന്നുവരെ ആറ് ജീവനുകളാണ് ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയില്‍ പൊലിഞ്ഞത്.

ക്രിസ്റ്റി കിനാന്‍ നയിക്കുന്ന ഗ്യാങ്ങും, ജെറി ദി മങ്ക് ഹച്ചിന്റെ കൂട്ടാളികള്‍ നയിക്കുന്ന ഗ്യാങ്ങുമാണ് ഡബ്ലിനിലെ കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍.

ഇറ്റലിക്കു സമാനമായി ഗ്യാങ്ങുകള്‍ക്കെതിരായി നിയമവും കോടതിയും കൊണ്ടുവരണമെന്നാണ് ബിഷപ് അഭിപ്രായപ്പെടുന്നത്. ക്രൂരമായാണ് ഗ്യാങ്ങുകളുടെ കുറ്റകൃത്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ ഗാര്‍ഡയും കോടതികളും വളരെ സാവധാനത്തിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Scroll To Top