Wednesday December 07, 2016
Latest Updates

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രമം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടുകള്‍

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രമം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടുകള്‍
ക്രിക്കറ്റിനെ ഇന്ത്യക്കാര്‍ കൈവിടുന്നതായി അടുത്തിടെ പുറത്തുവന്ന ടിവി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത കാലത്തായി ടെലിവിഷനിലൂടെ ക്രിക്കറ്റ് കാണുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവു വന്നതായാണ് കണക്കുകള്‍.

വെറുമൊരു കളി മാത്രമായല്ല, ക്രിക്കറ്റിനെ ദേശീയ വികാരമായി തന്നെയാണ് ഇന്ത്യാക്കാര്‍ കണ്ടിരുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് ദൈവിക പരിവേഷം വരെ ഇന്ത്യക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്. 2008ല്‍ വീക്ക്‌ലി ഗ്രോസ് റേറ്റിംഗ് പോയിന്റ് 105 ആയിരുന്ന ക്രിക്കറ്റ് 2014 ആയപ്പോള്‍ 61ല്‍ എത്തി നില്‍ക്കുന്നു.

ലോകത്തെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ ഒന്നായ ബി.സി.സി.ഐയുടെ വരുമാനത്തിലും ഇത് വന്‍ കുറവുണ്ടാക്കി. സച്ചിന്‍ ടെന്‍ഡുക്കര്‍ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങളുടെ വിരമിക്കലും, തുടരെയുണ്ടായ വിവാദങ്ങളുമാണ് ക്രിക്കറ്റിന്റെ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.

2013-14ല്‍ കളിക്കാര്‍ക്ക് നല്‍കിയിരുന്ന ലാഭവിഹിതം 11 കോടിയായി കുറഞ്ഞു. തൊട്ടു മുന്‍പത്തെ വര്‍ഷം 49 കോടി നല്‍കിയിരുന സ്ഥാനത്താണിത്. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 2013 ല്‍ ഒരു മത്സരത്തിന് 3.33 കോടിയായിരുന്നത് 2014ല്‍ രണ്ടു കോടിയായി കുറഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ആരാധകരുടെ കുറവ് നേരിടുന്നുണ്ട്. ടെസ്റ്റിന്റെ സ്വീകാര്യതയില്‍ 17.5 ശതമാനവും ഏകദിനത്തിന് 20 ശതമാനവും ട്വന്റി20ക്ക് ഒരു ശതമാനവുമാണ് 2008-2014 കാലയളവില്‍ ഇടിവ് നേരിട്ടത്.

ഈ കാലയളവില്‍ ക്രിക്കറ്റിനെ വെല്ലുന്ന മറ്റ് കായിക ഇനങ്ങളുടെ പ്രചാരം രാജ്യത്ത് വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഫുട്ബാള്‍, ഹോക്കി, ടെന്നിസ്, ബാഡ്മിന്റണ്‍, കബഡി എന്നിവയ്ക്ക് വേണ്ടി പുതിയ ലീഗുകള്‍ തുടങ്ങിയതോടെ അവയും കായിക പ്രേമികള്‍ ഏറ്റെടുത്തു. ക്രിക്കറ്റ് താരങ്ങളുടെ വിപണി മൂല്യത്തിലും ഇടിവ് നേരിട്ടു. താരങ്ങളെ വെച്ച് പരസ്യമെടുക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് ഇപ്പോള്‍ പഴയ താത്പര്യമില്ല.

Scroll To Top