Thursday December 08, 2016
Latest Updates

മനുഷ്യമുഖവുമായി സി പി എം:വധശിക്ഷ വേണ്ടെന്ന് നിലപാട്,ഗോവിന്ദ ചാമിയേയും കൊല്ലരുത്….

മനുഷ്യമുഖവുമായി സി പി എം:വധശിക്ഷ വേണ്ടെന്ന് നിലപാട്,ഗോവിന്ദ ചാമിയേയും കൊല്ലരുത്….

കൊച്ചി: വധശിക്ഷകള്‍ക്കെതിരെയും, ഗോവിന്ദച്ചാമിയുടെ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിലും സിപിഐഎം നിലപാട് വീണ്ടും വ്യക്തമാക്കി പൊളിറ്റ് ബ്യൂറോ മെംബര്‍ എം.എ. ബേബി. വധശിക്ഷ ന്യായമോ, അന്യായമോ എന്ന വിഷയത്തില്‍ മാതൃഭൂമി പത്രം തുടങ്ങിവച്ച സംവാദപരമ്പരയിലാണ് ‘കൊല്ലരുത്’ എന്ന തലക്കെട്ടോടെ ബേബിയുടെ ലേഖനം.

വധശിക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുളള ഒരു കാര്യം പരാമര്‍ശിക്കാതിരിക്കാനാവില്ല എന്നു പറഞ്ഞാണ് ഗോവിന്ദച്ചാമിയുടെ കാര്യത്തിലേക്ക് എം.എ. ബേബി ലേഖനത്തില്‍ കടക്കുന്നത്. ബലാത്സംഗക്കൊലപാതകക്കേസുകളിലെ കുറ്റവാളികളെ തൂക്കിക്കൊല്ലണ്ടേ? എന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാതിരിക്കാന്‍ സിപിഐഎം വക്കാലത്ത് ഏറ്റെടുക്കുമോ എന്നാണ് ഒരു ആര്‍എസ്എസ് നേതാവ് ചോദിച്ചത്. ഇല്ല. പക്ഷേ വധശിക്ഷ അരുത് എന്നുപറഞ്ഞാല്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷയും അരുത് എന്നുതന്നെയാണ് നിലപാട്.

രാജീവ് ഗാന്ധി വധത്തില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചവരെ തടവിലിട്ടിരിക്കുന്നത് പോലെ സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിയെയും ജീവിതാവസാനംവരെയും ശിക്ഷ റദ്ദുചെയ്യാതെ തടവിലിടണം. ബലാത്സംഗക്കൊലപാതക കേസുകളിലെ പ്രതികള്‍ക്കും വധശിക്ഷ വേണ്ട എന്നത് സിപിഐഎമ്മിന്റെ മാത്രം നിലപാടല്ലെന്നും ബേബി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും, പഠനത്തിനും ശേഷമാണ് സിപിഐഎം വധശിക്ഷ വേണ്ടെന്ന നിലപാടില്‍ എത്തിയതെന്നും, നേരത്തെ പലപ്പോഴും വധശിക്ഷയെ ഇടതു സര്‍ക്കാരുകള്‍ അനുകൂലിച്ചിരുന്നുവെന്നും ബേബി ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടികള്‍ക്കുള്ളില്‍ വിവിധതലങ്ങളില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നും, വിവിധ രാജ്യങ്ങളില്‍ വധശിക്ഷയുമായുണ്ടായ വാദപ്രതിവാദങ്ങളും, മാറ്റങ്ങളും നിരീക്ഷിച്ചും, നിയമവിദഗ്ധരുമായി സംവാദം നടത്തിയുമാണ് 2013 മെയ് 13ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റി വധശിക്ഷയ്ക്ക് എതിരായി നിലകൊള്ളാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ തയ്യാറാക്കിയ കുറിപ്പ് അംഗീകരിച്ച് കൊണ്ട് കേന്ദ്രകമ്മിറ്റി ഇപ്രകാരമാണ് പറഞ്ഞതെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.

വധശിക്ഷയുടെ നിര്‍ത്തലാക്കലിനായി പാര്‍ട്ടി വാദിക്കും. ഇന്ത്യയില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വസ്തുനിഷ്ഠമല്ലാതെയാണ്. അത് മനുഷത്വരഹിതവും നടപ്പാക്കി കഴിഞ്ഞാല്‍ തിരുത്താനാവാത്തതുമാണ് വധശിക്ഷയുടെ സ്ഥാനത്ത് അപൂര്‍വത്തില്‍ അപൂര്‍വങ്ങളായ കേസുകളിലും ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലും ജീവിതകാലം മുഴുവനുമുളള റദ്ദാക്കാനാവാത്ത തടവുനല്‍കി ശിക്ഷിക്കണം.

Scroll To Top