Monday December 05, 2016
Latest Updates

കേരളത്തില്‍ ഒരിക്കല്‍ കൂടി ഭരണം നഷ്ടപ്പെടാന്‍ അനുവദിക്കില്ല,പിണറായിക്ക് മൂക്കയറിടാന്‍ യച്ചൂരി രംഗത്ത്

കേരളത്തില്‍  ഒരിക്കല്‍ കൂടി ഭരണം നഷ്ടപ്പെടാന്‍ അനുവദിക്കില്ല,പിണറായിക്ക് മൂക്കയറിടാന്‍ യച്ചൂരി രംഗത്ത്

തിരുവനന്തപുരം/ന്യൂഡല്‍ഹി: സിപിഎമ്മില്‍ വീണ്ടും വിഭാഗീയത മറനീക്കി പുറത്തുവരുന്നു. ഇത്തവണ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ ജനറല്‍ സെക്രട്ടറി തിരുത്തുന്നു എന്നതാണ് പ്രത്യേകത. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ വീണ്ടും കുടമുടയ്ക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്.

തിരഞ്ഞെടുപ്പില്‍ വി. എസ്. അച്യുതാനന്ദന്‍ വിജയഘടകമാണെന്നത് വെറും മാധ്യമ സൃഷ്ടിയാണെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍, വിജയത്തില്‍ സിപിഎമ്മിനു പങ്കുണ്ടെങ്കില്‍ അതില്‍ വി. എസിനും പങ്കുണ്ടെന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്.

പ്രമുഖ മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വി. എസ് ഫാക്ടര്‍ വെറും മാധ്യമ സൃഷ്ടിമാത്രമെന്ന് പിണറായി പറഞ്ഞത്. ജനങ്ങളാണ് തെരഞ്ഞടുപ്പില്‍ ആരു ജയിക്കമെന്നു തീരുമാനിക്കുന്നത്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം നേടുമെന്നു പിണറായി അവകാശപ്പെട്ടു.

വി. എസ് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും തെരഞ്ഞടുപ്പിനു ആരാണ് നേതൃത്യം നല്‍കുന്നത് എന്നതിനെ കുറിച്ചൊന്നും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നു പിണറായി പറഞ്ഞു. അക്കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യുകയോ നിലപാടെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി.

എന്നാല്‍ , വിജയത്തില്‍ വി. എസിനും പങ്കുണ്ടെന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തില്‍ സിപിഎമ്മിനു പങ്കുണ്ടെങ്കില്‍ ആ വിജയത്തില്‍ വി. എസിനും പങ്കുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് വി. എസ്. പാര്‍ട്ടിയെയും വി. എസിനെയും രണ്ടായി കാണേണ്ടതില്ല, അദ്ദേഹം സിപിഎമ്മിന്റെ ഭാഗമാണ്.

നേതാവിനെ തീരുമാനിക്കുമ്പോള്‍ ചെറുപ്പം മാത്രമല്ല പരിഗണിക്കുന്നത്, പ്രായവും അനുഭവസമ്പത്തും കൂടി പരിഗണിക്കുമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ലീഗ് മതേതര കക്ഷിയാണെന്ന് പിണറായി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു.

വി. എസിനെ അവഗണിക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സൂചനയാണ് യെച്ചൂരിയുടെ പ്രസ്താവനയില്‍ നിറയുന്നത്. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുണ്ടിനും കപ്പിനും ഇടയിലാണ് ഇടതുമുന്നണിക്കു ഭരണം നഷ്മായത്. ചില മണ്ഡലങ്ങളിലെ തെറ്റായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് പരാജയത്തിനു കാരണമായതെന്ന തരത്തില്‍ വിമര്‍ശനം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു.

കേരളത്തിലെ എന്നല്ല, ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന നേതാവാണ് വി. എസ് എന്ന് യെച്ചൂരിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പടലപ്പിണക്കം കേരളത്തില്‍ തുടര്‍ന്നാല്‍ ത്രിപുരയില്‍ മാത്രമായി ഭരണം ചുരുങ്ങിപ്പോകുമെന്ന് യെച്ചൂരിയെ ഭയപ്പെടുത്തുന്നുണ്ടാവാം. മാത്രമല്ല, സ്ംസ്ഥാന നേതൃത്വത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത നേതാവെന്ന ചീത്തപ്പേര് ഇപ്പോഴും മുന്‍ഗാമി പ്രകാശ് കാരാട്ടിനെ വേട്ടയാടുന്നുണ്ട്. അത്തരത്തില്‍ റബ്ബര്‍ സ്റ്റാമ്പാവാന്‍ താനില്ലെന്ന വ്യക്തമായ സൂചനയും യെച്ചൂരി നല്‍കുന്നുണ്ട് .







Scroll To Top