Sunday August 20, 2017
Latest Updates

പാടം നികത്തല്‍ തടയാതിരിക്കാന്‍ 50 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍

പാടം നികത്തല്‍ തടയാതിരിക്കാന്‍ 50 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍

കൊച്ചി താന്തോണിതുരുത്തിലെ 12 ഏക്കര്‍ ചെമ്മീന്‍ പാടം നികത്തുന്നത് തടയാതിരികാന്‍ സിപിഐ
എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും അമ്പതു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുന്നതിന്റെ ശബ്ദ രേഖ മനോരന്മ ന്യൂസ് പുറത്തു വിട്ടു.

എറണാകുളം ജില്ലയില്‍ പച്ചാളത്തിനും പൊന്നാരി മംഗലത്തിനും ഇടയില്‍ 144 ഏക്കര്‍ വിസ്തൃതിയിലുള്ള ദ്വീപാണ് താന്തോണിതുരുത്ത്. 65 കുടുംബങ്ങളോളം ഇവിടെ താമസിക്കുന്നുണ്ട്. പ്രദേശത്ത് വിവിധ വ്യക്തികളുടെ കൈ വശമുള്ള 12 ഏക്കര്‍ ചെമ്മീന്‍ പാടം മണ്ണിട്ട് നികത്താന്‍ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ സിയാദ് എന്ന വ്യക്തിക്ക് സിപിഐ നേതാക്കള്‍ ഒത്താശ ചെയ്തു കൊടുക്കുന്നതായി തെളിയിക്കുന്നതാണ് രേഖ.

റിയല്‍ എസ്റ്റെറ്റ് മേഖലയില്‍ സര്‍വ്വ സാധാരണമായി മാറിയ കോഴയിടപാടുകള്‍ക്ക് സ്ഥലമുടമകള്‍ തയ്യാറായിരുന്നുവെങ്കിലും നേതാക്കള്‍ ചോദിച്ച ഭീമമായ തുകയില്‍ പ്രകോപിതരായ ഇവര്‍ രേഖ പുറത്തു വിടുകയായിരുന്നു എന്ന് കരുതുന്നു. സംഭാഷണത്തിനിടെ തുക ഒരല്‍പ്പം കുറയ്ക്കണമെന്ന് സിയാദ് ആവശ്യപ്പെടുമ്പോള്‍ 25 ലക്ഷം പാര്‍ട്ടിക്ക് കൊടുക്കണമെന്നും പിന്നീട് തങ്ങള്‍ക്കു രണ്ടു പേര്‍ക്ക് വീതിച്ചെടുക്കാന്‍ എന്തെങ്കിലും വേണ്ടേ എന്നുമാണ് സിപിഐ ജില്ലാ കമ്മിറ്റിയംഗം ഇ എം സുരേഷ് കുമാര്‍ ചോദിക്കുന്നത്. കൂടാതെ പ്രദേശത്ത് ഒരു അമ്പലത്തിന്റെ നിര്‍മാണം നടക്കുന്നുവെന്നും, കമ്മിറ്റിക്കാര്‍ പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ അവര്‍ക്ക് പത്തുലക്ഷം രൂപ കൊടുക്കണമെന്നും, പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷന്‍കാര്‍ക്ക് അഞ്ചു ലക്ഷം രൂപ കൊടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

ചാക്യാത്തു കായലിന്റെ ആഴം കൂട്ടാനായി നടക്കുന്ന ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമായി ലഭിക്കുന്ന മണല്‍ ഉപയോഗിച്ച് 12 ഏക്കര്‍ വരുന്ന ചെമ്മീന്‍ പാടം നികത്താനാണ് സിയാദിന്റെ പദ്ധതി. സ്ഥലം പിന്നീട് ഇയാള്‍ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് സാധ്യത. നിലവില്‍ നിരവധി ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന തുരുത്തില്‍ ഭൂമിക്ക് ആവശ്യക്കാരേറെയാണ്. സെന്റിന് 20 മുതല്‍ 25 ലക്ഷം രൂപ വരെ വിലയുള്ള ദ്വീപില്‍ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നു. എന്നാല്‍, കണ്ടല്‍ കാടുകളാല്‍ ചുറ്റപ്പെട്ട ദ്വീപില്‍ ഇത്ര ബൃഹത്തായ ഒരു നികത്തല്‍ പദ്ധതി നിയമ വിരുദ്ധമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.

നിരന്തരമായി നടക്കുന്ന ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ മൂലം ഇപ്പോള്‍ തന്നെ ദ്വീപില്‍ ഒരു ഭാഗത്ത് വെള്ളം കയറുന്നുണ്ട്. ഒരു ശാശ്വത പരിഹാരത്തിനായി ദ്വീപ് നിവാസികള്‍ ഉറ്റു നോക്കുന്നതിനിടയാണ് പുതിയ സംഭവം. തണ്ണീര്‍ തട സംരക്ഷണത്തിനായി ഏറെ പോരാട്ടങ്ങള്‍ നടത്തി എന്നവകാശപ്പെടുന്ന പാര്‍ട്ടിയുടെ ഭാരവാഹികള്‍ കേവല ലാഭത്തിനായി നടത്തിയ ജനദ്രോഹ നടപടിയില്‍ പ്രദേശവാസികള്‍ രോഷാകുലരാണ്.

ദ്വീപിനെ ചുറ്റിയുള്ള ഒരു റോഡടക്കം പ്രദേശത്തെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത് രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്നാണ് നാട്ടുകാരുടെ വിശ്വാസം. പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

Scroll To Top