Wednesday December 07, 2016
Latest Updates

കൈവെട്ട് കേസ്; 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവ്; മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവ്

കൈവെട്ട് കേസ്; 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവ്; മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവ്

കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ 10 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മുഖ്യപ്രതികളെ സഹായിച്ച മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവും വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ ചെയ്തത് പൊറാക്കാനാവുന്ന കുറ്റമല്ലെന്നും അത് സമൂഹത്തെ ദോഷമായി ബാധിക്കുന്നതാണെന്നും കോടതി വിധിപ്രസ്താവനയില്‍ പറഞ്ഞു. ഇരയായ അധ്യാപകന് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി പറഞ്ഞു. പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം കേസില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം വക്കീല്‍ പറഞ്ഞു. കേസില്‍ 54 പ്രതികളുണ്ടായിരുന്നു. എന്നാല്‍ അതില്‍ 13 പേര്‍ മാത്രമാണ് സാങ്കേതികമായെങ്കിലും ശിക്ഷിക്കപ്പെട്ടത്. ഇവരെയും കുറ്റവിമുക്തരാക്കുന്നതിനായി അപ്പീല്‍ നല്‍കും. അതിനായി പ്രതികള്‍ക്ക് കോടതി ഒരു മാസം ജാമ്യം അനുവദിച്ചിട്ടുണ്ട്. വിചാരണസമയത്ത് എത്ര വര്‍ഷം ജയിലില്‍ കിടന്നോ അത്രയും നാള്‍ കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ ശിക്ഷാവിധിയില്‍ അതൃപ്തിയുണ്ടെന്നും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും എന്‍ഐഎ അഭിഭാഷകന്‍ പറഞ്ഞു. യുഎപിഎ ഉള്‍പ്പെടെയുള്ളവ ചുമത്തിയ കേസില്‍ എട്ട് വര്‍ഷം കുറഞ്ഞ ശിക്ഷയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ പഠനം നടത്തിയ ശേഷം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ ഒമ്‌നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.

ചോദ്യപേപ്പര്‍ വിവാദമായതോടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ടിജെ ജോസഫിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ തൊടുപുഴ സിജെഎം കോടതി ടിജെ ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു

Scroll To Top