Thursday December 08, 2016
Latest Updates

വളര്‍ത്ത് നായയെ കൂട്ടിയെത്തിയ അന്ധനെ മടക്കിയയച്ച ഇന്ത്യന്‍ റസ്റ്റോറന്റിനു പിഴ 

വളര്‍ത്ത് നായയെ കൂട്ടിയെത്തിയ അന്ധനെ മടക്കിയയച്ച ഇന്ത്യന്‍ റസ്റ്റോറന്റിനു പിഴ 

ബെല്‍ഫാസ്റ്റ് : വഴികാട്ടിയായ വളര്‍ത്തുനായയെയും കൂട്ടി ഹോട്ടിലിലെത്തിയ അന്ധനെ മടക്കിയയച്ച സംഭവത്തില്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ബാന്‍ഗൊറിലെ ഇന്ത്യന്‍ റസ്‌റ്റോറന്റിന് 1250 പൗണ്ട് പിഴ. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ക്ഷമ ചോദിച്ചു. അന്ധനായ ക്രോസ്‌ഗ്രോവാണ് തന്റെ വളര്‍ത്തുനായയായ ഇമോഗനും സുഹൃത്തിനുമൊപ്പം ഹോട്ടലിലെത്തി അപമാനിതനായത്. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

നായയെ ഹോട്ടില്‍ കയറ്റില്ലെന്ന് വെയ്റ്റര്‍ ശഠിക്കുകയായിരുന്നു. നായ വഴികാട്ടിയാണെന്നും ഇതില്ലാതെ പറ്റില്ലെന്നും കോസ്‌ഗ്രോവറിന്റെ സുഹൃത്ത് വെയ്റ്ററെ അറിയിച്ചെങ്കിലും സമ്മതിച്ചില്ല. നായയെ പുറത്ത് കെട്ടിയിടുകയോ അല്ലെങ്കില്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങുകയോ വേണമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ അപമാനിതനായ കോസ്‌ഗ്രോവ് കോടതിയെ സമീപിക്കുകയായിരുന്നു. അയര്‍ലണ്ടില്‍ ഹോട്ടലില്‍ നായയ്ക്ക് പ്രവേശനം നല്‍കാതിരിക്കാന്‍ പാടില്ല.

ഈക്വാലിറ്റി കമ്മീഷന്റെ സഹായത്തോടെയാണ് കോസ്‌ഗ്രോവ് കോടതി നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത്. കേസില്‍ ബംഗ്ലാ ഹോട്ടല്‍ 1250 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച ഹോട്ടല്‍ അധികൃതര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുമെന്നും അറിയിച്ചു. മേലില്‍ ഇത്തരമൊരു അപമാനം ആര്‍ക്കും ഉണ്ടാകാതിരിക്കാനാണ് താന്‍ കോടതിയെ സമീപിച്ചതെന്ന് കോസ്‌ഗ്രോവര്‍ പറഞ്ഞു.

Scroll To Top