Thursday December 08, 2016
Latest Updates

ഡബ്ലിനിലെ മലയാളി ഡ്രൈവറെ ആക്രമിച്ച നൈജീരിയക്കാരന്‍ പയ്യന് 9 മാസം ജയില്‍ ശിക്ഷ

ഡബ്ലിനിലെ മലയാളി ഡ്രൈവറെ ആക്രമിച്ച നൈജീരിയക്കാരന്‍ പയ്യന് 9 മാസം ജയില്‍ ശിക്ഷ

ഡബ്ലിന്‍:ഇഞ്ചിക്കോറിലെ മലയാളി ടാക്സി ഡ്രൈവര്‍ക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുകയും, ആക്രമിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത നൈജീരിയക്കാരന്‍ പയ്യന് കോടതി 9 മാസം ജയില്‍ ശിക്ഷ വിധിച്ചു. ഡബ്ലിനില്‍ താമസമാക്കിയ ബ്ലാക്ക് റോക്ക് കോളജിലെ മുന്‍ റഗ്ബി കളിക്കാരന്‍ കൂടിയായ ബുട്ടി സാഷി (20)യെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോര്‍ട്ട് ഇന്നലെ ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം ഇങ്ങനെ:ഇഞ്ചിക്കോറിലെ സെന്റ് മൈക്കിള്‍സ് എസ്റ്റേറ്റില്‍ താമസിക്കുന്ന മലയാളിയായ സജി ജോസഫിന്റെ ടാക്സിയില്‍ നാസ് റോഡില്‍ നിന്നും 2014 ഓഗസ്റ്റ് 23ന് രാത്രി സാഷി കയറുകയുണ്ടായി.സാഷിയുടെ ഒപ്പം മറ്റൊരാള്‍ കൂടി കയറി. അപ്പോള്‍ സാഷി കാറിന്റെ മുന്‍സീറ്റിലേയ്ക്ക് മാറിയിരുന്നു. സിസിടിവി ക്യാമറയില്ലാത്ത സെന്റ് മൈക്കല്‍ എസ്റ്റേറ്റിലേയ്ക്ക് കാര്‍ വിടാനായിരുന്നു സാഷി പറഞ്ഞത്. ഇവിടെയെത്തിയതും പുറകില്‍ ഇരുന്നയാള്‍ ജോസഫ് സജിയുടെ കഴുത്തിന് വട്ടം പിടിച്ചു. സാഷി, സജിയെ ഇടിക്കാനും തുടങ്ങി. ശേഷം ഇദ്ദേഹത്തിന്റെ ഐഫോണ്‍, സാറ്റലൈറ്റ് നാവിഗേഷന്‍ ഡിവൈസ്, 220 യൂറോ എന്നിവ മോഷ്ടിച്ച് ഇരുവരും കടന്നു കളഞ്ഞു.

എന്നാല്‍ ഇതിനിടെ തന്റെ മൊബൈല്‍, നെക്ലേസ്, പാസ്പോര്‍ട്ട് എന്നിവ കാറില്‍ മറന്നുവച്ചത് മനസ്സിലാക്കിയ സാഷി തിരികെ പോയി അവയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സജി ജോസഫ് കാര്‍ ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് പാസ്പോര്‍ട്ട് ടാക്സി ഡ്രൈവര്‍ മോഷ്ടിച്ചതായി സാഷി ഗാര്‍ഡയ്ക്ക് വ്യാജ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയായിരുന്നു.

വിചാരണയില്‍ സത്യം തിരിച്ചറിഞ്ഞ ജഡ്ജി 9 മാസത്തെ ശിക്ഷാക്കാലയളവില്‍ പ്രതി നല്ല സ്വഭാവം കാട്ടുകയാണെങ്കില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകളിലും മായം കാണിച്ചതോടെ പ്രതി ദയ അര്ഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ജഡ്ജി ഇയാളെ ജയിലിലേയ്ക്ക് അയയ്ക്കുകയായിരുന്നു.

നൈജീരിയയില്‍ ജനിച്ച സാഷി എട്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയതാണ്.

Scroll To Top